Latest Videos

'നാട്ടില്‍ പോണം, ഉറ്റവരെ കാണണം, കളിക്കൂട്ടുകാരുടെ ശവകുടീരങ്ങള്‍ സന്ദര്‍ശിക്കണം...'

By Web TeamFirst Published Nov 1, 2023, 6:27 PM IST
Highlights

'ആദ്യം എന്റെ ജന്മസ്ഥലമായ എല്‍റിഫയില്‍ ഒന്നുകൂടി പോകണം, ആന്റിമാര്‍, അമ്മായിമാര്‍ അവരെയൊക്കെ കാണണം, കൂടെ കളിച്ചു വളര്‍ന്നവരുടെ ശവകുടീരം  സന്ദര്‍ശിക്കണം.. എന്നിട്ട് വരാം..'

അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കാം. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്.

 

 

അവളുടെ പേര് വഫ.  രണ്ടു വ്യത്യസ്ത വകുപ്പുകളിലായി ജോലി ചെയ്യുന്ന ചെയ്യുന്ന ഞങ്ങള്‍ പ്രാതല്‍ സമയത്ത് ഡൈനിംഗ് റൂമില്‍ വെച്ചാണ് കണ്ടുമുട്ടാറുള്ളത്. 

അവധിക്കാലം കഴിഞ്ഞു വന്ന് ജോലിയില്‍ തിരികെ പ്രവേശിച്ച ദിവസം ഞാനവള്‍ക്ക് ഡൈനിംഗ് റൂമില്‍ വെച്ചൊരു  പൊതി കൈമാറി. ഉള്ളിലെ പ്ലാസ്റ്റിക് കവറും കടന്നുവന്ന എണ്ണമയം പുറത്തെ ബേക്കറിയുടെ പേരെഴുതിയ ബ്രൗണ്‍ പേപ്പറിലേക്ക് പടര്‍ന്നിരുന്നു. അവള്‍ കായ വറുത്തത് ആസ്വദിച്ചു കഴിച്ചു. കഥകള്‍ പറഞ്ഞും ചിത്രങ്ങളും വീഡിയോയും കാണിച്ചും വീടും നാടും കാടും മഴയും കാറ്റും പ്രകൃതിയും പങ്കിട്ട ഭക്ഷണങ്ങളിലൂടെ വിവിധ രുചികളും അവള്‍ക്ക് പരിചിതമായി. 

എരിവ് അധികം ഉപയോഗിക്കാത്ത അവള്‍ക്ക് മസാല ദോശ കഴിച്ച് മൂക്കുചുവന്ന് കണ്ണ് നിറഞ്ഞെങ്കില്‍ ഹല്‍വ കഴിച്ചപ്പോള്‍ മുഖത്തെ പുഞ്ചിരി കൂടുതല്‍ മനോഹരമായി തോന്നി. പക്ഷെ അവധിക്ക് പോകുന്ന ഓരോ തവണയും പോകാന്‍ ഒരു നാടില്ലാത്തതിന്റെ സങ്കടവും, പലസ്തീനിലേക്ക് പോയാല്‍ തന്നെ കാത്തിരിക്കുന്ന അരക്ഷിതാവസ്ഥയുടെ ഭീതിയും അവള്‍ പങ്കു വെക്കും. 

ചെറിയ ക്ലാസ്സില്‍ പഠിക്കുമ്പോള്‍ മാതാപിതാക്കള്‍ക്കൊപ്പം ഗള്‍ഫിലെത്തിയതാണ് വഫ. തുടര്‍പഠനവും ജോലിയുമായി ആ ജീവിതം തുടര്‍ന്നു. പ്രവാസമെന്നത് ഒരു താത്കാലിക ആശ്വാസം മാത്രമാണെന്ന സത്യം മറക്കുമ്പോള്‍ മാത്രമാണ് അവള്‍ക്ക്, അവളെ പോലെയുള്ളവര്‍ക്ക് സന്തോഷം. ഏത് നിമിഷവും മടക്കയാത്ര പ്രതീക്ഷിക്കാം. 

വഫയെ പോലെ അനേകര്‍ക്ക് ഇരു രാജ്യങ്ങള്‍ തമ്മിലുള്ള രാഷ്ട്രീയമോ കയ്യേറ്റങ്ങളുടെയും വെട്ടിപ്പിടിക്കലിന്റെയും ചരിത്രമോ പറയാന്‍ അറിയില്ലായിരിക്കും. എന്തിന് വേണ്ടിയാണ് കൊല്ലപ്പെട്ടതെന്ന് അറിയാതെ ആയുസ്സറ്റ പൈതങ്ങളെ പോലെ എന്തിനാണ് കുടിയിറക്കപ്പെട്ടത് എന്ന് അറിയാത്തവര്‍! എങ്കിലും അവളൊന്നു പറഞ്ഞു: 'ലോകം മൊത്തം ആട്ടിപ്പായിച്ചവര്‍ക്ക് ഞങ്ങളുടെ മുന്‍ഗാമികളാണ് അഭയം നല്‍കിയത്. ഇപ്പോള്‍ ജനിച്ച മണ്ണില്‍ ഞങ്ങള്‍ അഭയാര്‍ത്ഥികള്‍. ജനിച്ച മണ്ണില്‍ അന്ത്യനിദ്രയ്ക്ക് പോലും അവസരമില്ലാതെ, എന്റെ അനിയന്‍മാരെ പോലെ പാസ്‌പോര്‍ട്ടില്‍ രേഖപ്പെടുത്തിയ പൗരത്വ മണ്ണ് കാണാതെ ലോകത്തിന്റെ പല ഭാഗത്തായി എത്രയെത്ര പലസ്തീനികള്‍...'

ഒരു വേള എനിക്ക് അവളെയോര്‍ത്ത് ദുഃഖവും എന്നെയോര്‍ത്ത് ഉള്ളിലൊരു തരി അഹങ്കാരവും തോന്നി. എപ്പോള്‍ വേണമെങ്കിലും പറന്നു ചെല്ലാന്‍ ഒരു നാടുണ്ട്, കടന്നുകയറാന്‍ ഒരുങ്ങുന്നവരെ തുരത്താന്‍ ശക്തിയുള്ള സേനയുണ്ട്, എത്രയൊക്കെ രാഷ്ട്രീയ ഭിന്നതകള്‍ ഉണ്ടെങ്കിലും പ്രതിസന്ധികളില്‍ ഒന്നിക്കാന്‍ മനസ്സുള്ള മനുഷ്യരുണ്ട്.. പക്ഷെ അവളുടെ മുഖത്ത് നോക്കി ഒന്നും പറയാന്‍ മനസ്സ് അനുവദിച്ചില്ല. നാടില്ലാത്ത ഒരുവളോട് സ്വന്തം നാടിന്റെ മേന്മ പറയുകയെന്നാല്‍ കണ്ണില്ലാത്ത ഒരുവളോട് കാഴ്ച്ചകളുടെ മനോഹാരിത വിവരിക്കും പോലെ വേദന നിറഞ്ഞതാണല്ലോ..

മനസ്സിന്റെ വിഹ്വലതകള്‍ക്കൊപ്പം കാലം മുന്നോട്ടോടി. ഗള്‍ഫില്‍ അത് കാലാവസ്ഥാമാറ്റത്തിന്റെ നാളുകള്‍. ചൂടില്‍ നിന്ന് തണുപ്പിലേക്കുള്ള വരവറിയിച്ച് കാറ്റുവീശി. മേഘങ്ങള്‍ ഉരുകിവീണു. അവള്‍ കൊണ്ടു വന്ന കുനാഫ നുണഞ്ഞിരിക്കുമ്പോള്‍ വഫ ജനലിലേക്ക് വിരല്‍ ചൂണ്ടി. ഓഫീസിന് പുറത്തെ വിശാലമായ പൂന്തോട്ടത്തില്‍ മഴത്തുള്ളികള്‍ ഉമ്മവെക്കുന്നുണ്ട്.

'നോക്ക്.. സെയിം  സെയിം കേരള..'  അവള്‍ പറഞ്ഞു.

ഓഫീസിന് പുറത്തെ വിശാലമായ പൂന്തോട്ടത്തില്‍ മഴത്തുള്ളികള്‍ ഉമ്മവെക്കുന്നുണ്ട്.

'നോട്ട് സെയിം.. അവിടെ പെയ്യുന്ന പോലെ ഇവിടെ പെയ്താല്‍ താങ്ങാന്‍ കഴിയൂല്ല... അവിടെ പെയ്തു തോര്‍ന്ന പോലെ ഇവിടെ പെയ്തിരുന്നെങ്കില്‍ പലതും ഒലിച്ചു പോയേനെ.' ഉള്ളിലുള്ളത് വിഴുങ്ങി പകരം അവളെ നോക്കിയൊന്ന് ചിരിച്ചു.

'അവധിക്കാലം ഇവിടെ തന്നെ തീര്‍ക്കേണ്ട, അടുത്ത മഴക്കാലത്ത് കേരളത്തിലേക്ക് വാ...' മുമ്പ് പലവട്ടം പറഞ്ഞത് ഞാന്‍ വീണ്ടും ആവര്‍ത്തിച്ചു.

'ആദ്യം എന്റെ ജന്മസ്ഥലമായ എല്‍റിഫയില്‍ ഒന്നുകൂടി പോകണം, ആന്റിമാര്‍, അമ്മായിമാര്‍ അവരെയൊക്കെ കാണണം, കൂടെ കളിച്ചു വളര്‍ന്നവരുടെ ശവകുടീരം  സന്ദര്‍ശിക്കണം.. എന്നിട്ട് വരാം..'

അതുവരെ നാവില്‍ മധുരം നിറച്ച കുനാഫയ്ക്ക് കയ്പ്പുരസം പോലെ..! ഒരു ചിരിമാത്രം മറുപടി നല്‍കി അന്നത്തേക്ക് മടങ്ങി, ആ വിഷയം ഇനിയൊരിക്കലും ചോദിക്കേണ്ട എന്ന തീരുമാനത്തോടെ!
 

click me!