ആഗോളതാപന സാധ്യത കൂട്ടി പ്രകൃതി  മീഥയിന്‍ കൂടുതല്‍ പുറംതള്ളുന്നു

By Gopika SureshFirst Published Jun 30, 2020, 5:19 PM IST
Highlights

ഭൂമി ചൂടുപിടിക്കുന്നതിനനുസരിച്ച് പ്രകൃതി ഹരിതഗൃഹ വാതകമായ മീഥയിന്‍ കൂടുതല്‍ പുറംതള്ളുമെന്ന് പുതിയ പഠനം.
 

ഭൂമി ചൂടുപിടിക്കുന്നതിനനുസരിച്ച് പ്രകൃതി ഹരിതഗൃഹ വാതകമായ മീഥയിന്‍ കൂടുതല്‍ പുറംതള്ളുമെന്ന് പുതിയ പഠനം. ക്വീന്‍ മാരി യൂണിവേഴ്‌സിറ്റിയിലെ  ഗവേഷകനായ ഡോ. യിസു സു നേതൃത്വം നല്‍കിയ പഠനത്തിലാണ് ഈ വിവരം. നേച്ചര്‍ ക്ലൈമറ്റ് ചേഞ്ച് ജേര്‍ണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്. 

രണ്ടു പ്രക്രിയകളിലൂടെയാണ് പ്രകൃതി മീഥയിനിന്റെ ഉത്പാദനവും നീക്കം ചെയ്യലും നടത്തി സന്തുലിതാവസ്ഥ സൃഷ്ടിക്കുന്നത്. രണ്ടുതരം സൂക്ഷ്മാണുക്കളുടെ പ്രവര്‍ത്തനഫലമായാണ് ഇവ സാധ്യമാകുന്നത്, മെത്തനോജനുകളും മെത്തനോട്രോഫുകളും. ഉപാചയ ഉത്പന്നമായി മീഥയിന്‍ ഉത്പാദിപ്പിക്കുന്ന സൂക്ഷ്മാണുക്കളാണ് മെത്തനോജനുകള്‍.  മീഥയിനെ സ്വഭാവിക പ്രക്രിയയിലൂടെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ആക്കി മാറ്റി പ്രകൃതിയില്‍ നിന്നും നീക്കം ചെയ്യുന്ന സൂക്ഷ്മാണുക്കളാണ് മെത്തനോട്രോഫുകള്‍.

ശുദ്ധജല സൂക്ഷ്മജീവ സമൂഹങ്ങളില്‍ ആഗോളതാപനത്തിന്റെ സ്വാധീനത്തെക്കുറിച്ച് പഠിക്കുന്നതിന്റെ ഭാഗമായി 11  വര്‍ഷത്തിലധികമായി കൃത്രിമ കുളങ്ങളില്‍ പരീക്ഷണാത്മകമായി താപനം കൂട്ടിയാണ് ഗവേഷകര്‍ ഈ കണ്ടെത്തലില്‍ എത്തിയത്. പഠനത്തില്‍ മെത്തനോജനുകള്‍ മെത്തനോട്രോഫുകളേക്കാള്‍ കൂടുന്നതായും അവയുടെ അനുപാതത്തില്‍ വ്യത്യാസം വരുന്നതായും കണ്ടു. അങ്ങനെ സംഭവിച്ചാല്‍ മീഥയിന്‍ പുറംതള്ളല്‍ കൂടുകയും അവ നീക്കം ചെയ്യാതെ വരികയും  ചെയ്യും. 

കാര്‍ബണ്‍ ഡയോക്‌സൈഡിനേക്കാള്‍ വളരെ ശക്തമായ ഹരിതഗൃഹ വാതകമാണ് മീഥെയ്ന്‍. 100 വര്‍ഷത്തെ കാലയളവ് എടുത്താല്‍, കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ ആഗോളതാപന സാധ്യതയുടെ 25  ഇരട്ടിയാണ് മീഥെയ്ന്‍ വാതകത്തിന്‍േറത്. അന്തരീക്ഷത്തില്‍ അതിന്റെ ആയുസ്സ് ഏതാണ്ട് 12 വര്‍ഷത്തോളമാണ്. നദികള്‍, തടാകങ്ങള്‍, ഈര്‍പ്പമുള്ള നിലങ്ങള്‍, കുളങ്ങള്‍ തുടങ്ങിയ പ്രകൃതി വ്യവസ്ഥകളാണ് വലിയ രീതിയില്‍ മീഥയിന്‍ പുറംതള്ളുന്നത്. അതിനാല്‍ ആവാസവ്യവസ്ഥയില്‍ നിന്ന് പുറത്തുവരുന്ന മീഥയിന്‍ വാതകങ്ങള്‍ ആഗോളതാപന സാധ്യത കൂടുതല്‍ വര്‍ദ്ധിപ്പിക്കുന്നു.

click me!