12 വയസ്സില്‍ വിവാഹം, 15 വയസ്സില്‍ ഇരട്ടക്കുട്ടികളുടെ അമ്മ, എന്നിട്ടും മൂന്ന് പിജികള്‍ നേടി, ഒരമ്മയുടെ ജീവിതഗാഥ

By KP RasheedFirst Published May 8, 2022, 2:54 PM IST
Highlights

12 വയസ്സില്‍ പഠിത്തം നിര്‍ത്തി വിവാഹിതയായി. 15 വയസ്സില്‍ മൂന്ന് മക്കളുടെ അമ്മയായി. 10 വര്‍ഷത്തിനു ശേഷം വീണ്ടും പഠനം തുടര്‍ന്നു. മൂന്ന് പിജികള്‍ എടുത്തു, ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപികയായി. ഒരമ്മയുടെ അസാധാരണമായ വിജയഗാഥ

''വിവാഹിതയാവുക, അമ്മയാവുക, ഇതൊന്നും പഠിത്തത്തിന് തടസ്സമല്ല. പഠിക്കണമെന്ന് നിങ്ങള്‍ക്ക് ശരിക്കും ആഗ്രഹമുണ്ടെങ്കില്‍, അതിനുള്ള സമയവും സാഹചര്യവും കിട്ടുക തന്നെ ചെയ്യും. എത്ര തടസ്സം വന്നാലും നിങ്ങള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുകയും തൊഴില്‍ നേടുകയും ചെയ്യും.''-സ്വന്തം ക്ലാസിലെ പെണ്‍കുട്ടികള്‍ക്ക് മുന്നില്‍ സഫിയ ടീച്ചര്‍ സദാ പറയുന്ന കാര്യമാണിത്. കോഴിക്കോട് ജില്ലയിലെ നാദാപുരത്തിനടുത്തുള്ള പേരോട് എം ഐ എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സോഷ്യോളജി അധ്യാപികയായ സഫിയ, സ്വജീവിതം നല്‍കിയ അനുഭവങ്ങളുടെ ചൂടോടെയാണ് ഇക്കാര്യം പറയുന്നത്. 

ഇത് പറയാന്‍ മറ്റാരേക്കാളും അര്‍ഹതയുണ്ട് ടീച്ചര്‍ക്ക്. വിവാഹം കഴിഞ്ഞാല്‍, അമ്മയായി കഴിഞ്ഞാല്‍ പിന്നെ പഠിത്തം നിര്‍ത്തുന്നവര്‍ ഇപ്പോഴുമുള്ള നാട്ടില്‍ അവിശ്വസനീയമാം വിധം സാഹചര്യങ്ങളോട് പൊരുതി ജയിച്ച ഒരുവളാണ് സഫിയ ടീച്ചര്‍. പന്ത്രണ്ടാം വയസ്സിലായിരുന്നു അവരുടെ വിവാഹം. ക്ലാസില്‍ നന്നായി പഠിക്കുന്ന, ഇനിയും പഠിക്കണം എന്നാഗ്രഹിക്കുന്ന ആ പെണ്‍കുട്ടി വിവാഹത്തിന് സമ്മതിക്കുമ്പോള്‍ ഒരൊറ്റ കാര്യമേ പിതാവിനോട് പറഞ്ഞുള്ളൂ, ഇനിയും പഠിക്കാന്‍ അനുവദിക്കണം. അക്കാര്യം ഭര്‍തൃവീട്ടുകാരോട് പറയണം. 

അങ്ങനെ ഒരു ചര്‍ച്ച നടന്നോ എന്നറിയില്ല. അന്നത്തെ കാലത്ത് അതിനുള്ള സാദ്ധ്യത കുറവാണ്. പക്ഷേ, ജീവിതപങ്കാളിയായി എത്തിയ 12-കാരി ജീവിതത്തിലേറ്റവും പ്രധാനമായി കാണുന്നത് വായിക്കുകയും പഠിക്കുകയുമാണെന്ന് പതിയെ ഭര്‍ത്താവ് തിരിച്ചറിഞ്ഞു. അവളുടെ സന്തോഷം അതാണെന്ന് മനസ്സിലാക്കിയ അദ്ദേഹം ഒരിക്കലുമാ സ്വപ്‌നങ്ങളെ തടഞ്ഞില്ല. അങ്ങനെ അവള്‍ പഠിച്ച് മൂന്ന് പിജി കൈക്കലാക്കി. അനേകം കുട്ടികള്‍ക്ക് ജീവിതപാഠം പകര്‍ന്നു നല്‍കിക്കൊണ്ടിരിക്കുന്ന ഹയര്‍സെക്കന്‍ഡറി അധ്യാപികയായി അതോടൊപ്പം, മൂന്ന് മക്കളെ പഠിപ്പിച്ച് നല്ല വഴിയിലെത്തിക്കുകയും ചെയ്തു. 

 

ഭര്‍ത്താവ് മജീദിനൊപ്പം സഫിയ ടീച്ചര്‍

 

12 വയസ്സില്‍ വിവാഹം, 15 വയസ്സില്‍ ഇരട്ടക്കുട്ടികളുടെ അമ്മ!

കോഴിക്കോട് ജില്ലയിലെ നാദാപുരത്തിനടുത്ത് പുറമേരിയിലെ പുറക്കാളി മൊയ്തുവിന്റെയും ബിയ്യാത്തുവിന്റെയും മകളാണ് സഫിയ. മൂത്ത ഒരു സഹോദരനും രണ്ട് അനിയത്തിമാരുമുണ്ട്. പെണ്‍കുട്ടികളെ നേരത്തെ കെട്ടിക്കലായിരുന്നു അക്കാലത്ത്, നാട്ടിലെ പതിവ്. അങ്ങനെ, 12ാം വയസ്സില്‍ സഫിയയുടെ നറുക്ക് വീണു. പുറമേരിയില്‍നിന്നും നാല് കിലോ മീറ്റര്‍ അകലെ, തലായിയിലെ കെ അബ്ദുല്‍ മജീദ് ആയിരുന്നു വരന്‍. അദ്ദേഹത്തിനന്ന് 21 വയസ്സായിരുന്നു. സഫിയയ്ക്ക് 12-ഉം. ഭര്‍ത്താവ് ഗള്‍ഫിലായിരുന്നു. 

1985-ലായിരുന്നു വിവാഹം. മൂന്ന് വര്‍ഷം കഴിഞ്ഞ്, 15-ാം വയസ്സില്‍ സഫിയയ്ക്ക് ഇരട്ടക്കുഞ്ഞുങ്ങള്‍ പിറന്നു. ഒരാണും ഒരു പെണ്ണും. അവര്‍ക്ക് അബ്ദുസ്സമദ് എന്നും ഷമീമയെന്നും പേരിട്ടു. നാലു വര്‍ഷം കഴിഞ്ഞ് 19-ാം വയസ്സില്‍ ഷഫീഖ് എന്ന ഒരാണ്‍കുട്ടി കൂടി പിറന്നു. അങ്ങനെ 19-ാം വയസ്സില്‍ മൂന്ന് മക്കളുടെ ഉമ്മയായി. ഇരട്ടക്കുട്ടികളെ വളര്‍ത്തുക എളുപ്പമായിരുന്നില്ല. അതിനാല്‍, കുറച്ചു കാലം സ്വന്തം വീട്ടിലായിരുന്നു സഫിയയുടെ താമസം. 

ആരുമറിയാതെ എസ് എസ് എല്‍ സി പഠനം!

കുട്ടികള്‍ക്ക് രണ്ട് വയസ്സ് ഒക്കെ ആവുമ്പോഴേക്ക് ഗള്‍ഫിലുള്ള ഭര്‍ത്താവ് നാട്ടിലേക്ക് മടങ്ങി എത്തിയിരുന്നു. അങ്ങനെ ഭര്‍തൃവീട്ടിലേക്ക് കുട്ടികള്‍ക്കൊപ്പം മാറി. പഠിത്തം തുടരണമെന്ന ആഗ്രഹം അതിന്റെ അങ്ങേയറ്റം എത്തിയിരുന്നു. അങ്ങനെ ആരുമറിയാതെ എസ് എസ് എല്‍ സിക്ക് രജിസ്റ്റര്‍ ചെയ്തു. പുറത്താരുമറിയാതെ രഹസ്യമായി പഠിക്കാന്‍ തുടങ്ങി. എങ്ങനെയെങ്കിലും എസ് എസ് എല്‍ സി പാസാവണം. അത് മാത്രമായിരുന്നു ഏക ആഗ്രഹം. എന്നാല്‍, എളുപ്പമായിരുന്നില്ല അത്. കുട്ടികളെ നോക്കണം, വീട്ടിലെ പണികള്‍ ചെയ്യണം, എല്ലാം കഴിഞ്ഞ് കിട്ടുന്ന സമയത്ത് പഠിത്തം.

''ക്ലാസോ പുസ്തകങ്ങളോ ഒന്നും ഉണ്ടായിരുന്നില്ല. ആകെ ലേബര്‍ ഇന്ത്യ മാസിക മാത്രം. പകല്‍ അല്‍പ്പം ഫ്രീ സമയം കിട്ടുമ്പോള്‍ പഠിക്കും. പിന്നെ രാത്രി 12 മണി മുതല്‍ ആവുന്നത്ര നേരം പുസ്തകവുമായിരിക്കും. കുട്ടികള്‍ ഉണരും വരെ അതു തുടരും.''-അക്കാലത്തെക്കുറിച്ച് സഫിയ ടീച്ചര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. 

അനിയത്തിയ്ക്ക് ട്യൂഷന്‍ എടുക്കാന്‍ വന്ന അനിത എന്ന യുവതിയുമായി കൂട്ടായത് അക്കാലത്താണ്. അവര്‍ കണക്ക് പഠിക്കാന്‍ സഹായിച്ചു. വായിക്കാനുള്ള പല തരം പുസ്തകങ്ങള്‍ സംഘടിപ്പിച്ചുകൊടുത്തു. അങ്ങനെ, വിവാഹം കഴിഞ്ഞ് 10 വര്‍ഷത്തിനുശേഷം, തന്റെ 22-ാം വയസ്സില്‍, സഫിയ എസ് എസ് എല്‍ സി പാസായി. 

 

പേരക്കുഞ്ഞുങ്ങള്‍ക്കും മക്കള്‍ക്കുമൊപ്പം

 

ചിലരൊക്കെ പുച്ഛിച്ചു, ചിലര്‍ക്കൊക്കെ കൗതുകം, ഇനി പഠിച്ചിട്ടെന്താ? 

''വലിയ മാര്‍ക്കൊന്നും കിട്ടി എന്നു കരുതേണ്ട. പഠിക്കാത്തത് കൊണ്ടല്ല. ടൈം മാനേജ്‌മെന്റ് ആയിരുന്നു വില്ലന്‍. പകുതി ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതി കഴിയുമ്പോഴേക്കും പരീക്ഷ തീരും. ഡിഗ്രി വരെ ഈ പ്രശ്‌നം അനുഭവിച്ചിരുന്നു. എസ് എസ് എല്‍ സി പരീക്ഷ എഴുതാന്‍ പോവുമ്പോഴൊക്കെ ആളുകള്‍ക്ക് കൗതുകമായിരുന്നു. ചിലരൊക്കെ പുച്ഛിച്ചു. മറ്റു ചിലര്‍ ഇനി പഠിച്ചിട്ട് എന്താ കാര്യം എന്ന് ചോദിച്ചു. ഞാനൊന്നും പറഞ്ഞില്ല. ഭര്‍ത്താവ് എന്റെ കൂടെയായിരുന്നു. അങ്ങനെ തുടര്‍ന്നു പഠിക്കാന്‍ തീരുമാനമായി.''

പിന്നെ പ്രീഡിഗ്രിയും ഡി്രഗിയും. വീട്ടിലിരുന്ന് തന്നെ പഠിച്ചു. ഭര്‍ത്താവ് പുസ്തകങ്ങള്‍ സംഘടിപ്പിച്ചു നല്‍കി. ഡിഗ്രി ഒക്കെ ആയപ്പോള്‍ സഫിയ സീരിയസാണെന്ന് ഭര്‍തൃമാതാവ് മനസ്സിലാക്കി. 'നീ പോയി പഠിച്ചോ, ഞാന്‍ ഭക്ഷണമുണ്ടാക്കാം' എന്നവര്‍ പറയാന്‍ തുടങ്ങി. 

''വീടുമുഴുവന്‍ പഠിത്തക്കാരെ കൊണ്ട് നിറഞ്ഞ കാലമാണ് അത്. കുട്ടികള്‍ സ്‌കൂളില്‍. ഞാന്‍ വീട്ടിലിരുന്ന് പഠിത്തം. ഒപ്പമാണ് പരീക്ഷ എത്തുക. ഞാന്‍ പഠിക്കണോ മക്കളെ പഠിപ്പിക്കണോ എന്ന ക്രൈസിസ് വരും. ഞാന്‍ അവര്‍ക്ക് തന്നെ മുന്‍ഗണന നല്‍കും. അവരെ പഠിപ്പിച്ചു കഴിഞ്ഞ് കിട്ടുന്ന സമയത്ത് ഞാന്‍ പഠിക്കും.''-സഫിയ ടീച്ചര്‍ ഓര്‍ക്കുന്നു. 

 

പഠിത്തം സീരിയസാവുന്നു, അധ്യാപികയിലേക്കുള്ള യാത്ര തുടങ്ങുന്നു

ഡിഗ്രി ആയപ്പോള്‍ അല്‍പ്പം ആത്മവിശ്വാസം വന്നു. തനിക്ക് പറ്റുന്ന കാര്യമാണ് ഇതെന്ന് സഫിയയ്ക്ക് ബോധ്യം വന്നു. ഡിഗ്രി ഹിസ്റ്ററി പാസായപ്പോള്‍ പിജിക്ക് ചേര്‍ന്നു. എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ അത് നിന്നു. അങ്ങനെ വീട്ടില്‍നിന്നും മുക്കാല്‍ മണിക്കൂര്‍ യാത്ര ചെയ്താല്‍ എത്തുന്ന വടകരയിലെ ബി എഡ് സെന്ററില്‍ ബി എഡിന് ചേര്‍ന്നു. 

''കോളജ് എന്തെന്ന് ആദ്യമായി അറിഞ്ഞത് അന്നാണ്. മക്കളെ നോക്കാന്‍ ഒരാളെ നിര്‍ത്തി രാവിലെ കോളജില്‍ പോയിവന്നു. വീട്ടുപണികളും മക്കളുടെ നോട്ടവുമെല്ലാം കഴിഞ്ഞ് പഠിച്ചു. ബി എഡിന് പോവുമ്പോള്‍ ആത്മവിശ്വാസം കുററവായിരുന്നു. നല്ല മാര്‍ക്കുള്ള, പഠിക്കുന്ന കുട്ടികളാണ് അവിടെ, അവര്‍ക്കൊപ്പം പിടിച്ചുനില്‍ക്കാനാവുമോ എന്ന സംശയം. പക്ഷേ കുറച്ചുകഴിഞ്ഞപ്പോള്‍ ആത്മവിശ്വാസം തിരിച്ചുവന്നു.''

ബി എഡ് കഴിഞ്ഞപ്പോള്‍ വടകരയിലെ ഒരു പാരലല്‍ കോളജില്‍ അധ്യാപികയായി ചേര്‍ന്നു. രണ്ട് വര്‍ഷം അവിടെ പഠിപ്പിച്ചു. അതിനിടെ, നേരത്തെ പാതിവഴിയില്‍ നിര്‍ത്തിയ പി ജി ഹിസ്റ്ററി പൂര്‍ത്തിയാക്കി. അപ്പോഴേക്കും കുട്ടികള്‍ പ്ലസ് ടു കഴിഞ്ഞ് പഠനത്തിനായി കോയമ്പത്തൂരിലേക്ക് മാറി. ഒരു വര്‍ഷം അവരുടെ കൂടെ പോയി താമസിച്ചു. അന്നാണ് മധുര കാമരാജ് യൂനിവേഴ്‌സിറ്റിയില്‍ എം എ സോഷ്യോളജിക്ക് ചേര്‍ന്നത്. ഒറ്റയ്ക്ക് പഠിച്ച് അതു പാസായി. അതിനിടെ, സെറ്റ് പരീക്ഷ എഴുതിയെടുത്തു. പിന്നെ എം എഡ് കോഴ്‌സും ചെയ്തു. ഇക്കാലത്തിനിടെ പല സ്ഥാപനങ്ങളില്‍ അധ്യാപികയായി പോവുന്നുണ്ടായിരുന്നു. എല്ലാം താല്‍ക്കാലിക ജോലികള്‍. 37 വയസ്സായപ്പോഴേക്കും ഹിസ്റ്ററിയിലും സോഷ്യോളജിയിലും സെറ്റ് യോഗ്യത നേടി. നാല്‍പ്പതാം വയസ്സില്‍ വീട്ടില്‍നിന്നും അകലത്തല്ലാത്ത പേരോട് എം ഐ എം ഹയര്‍ സെക്കന്‍ഡറിയില്‍ അധ്യാപികയായി ജോലിയില്‍ പ്രവേശിച്ചു. 

മക്കളും ഈ സമയമായപ്പോഴേക്കും വളര്‍ന്നിരുന്നു. ഇരട്ടക്കുട്ടികളില്‍ പെട്ട അബ്ദുസ്സമദ് കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് പഠിച്ച് ഇപ്പോള്‍ ഖത്തറില്‍ ജോലി നോക്കുന്നു. മകള്‍ ഷമീമ ബിഡിഎസ് കഴിഞ്ഞ് പിജി തുടങ്ങിയെങ്കിലും വിവാഹശേഷം പഠനം മുടങ്ങി. കുട്ടികളെ വളര്‍ത്തുന്നതിനിടയില്‍, ഉമ്മയെ പോലെ പഠിത്തം പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് അവള്‍. ഇളയ മകന്‍ ഷഫീഖ് ബിസിഎയും എംബിഎയും കഴിഞ്ഞ് ഖത്തറില്‍ ജോലി ചെയ്യുന്നു. മൂവരുടെയും വിവാഹം കഴിഞ്ഞു. ഇപ്പോള്‍ ആറ് പേരക്കുട്ടികളുണ്ട് സഫിയ ടീച്ചര്‍ക്ക്. ഭര്‍ത്താവ് ഇക്കാലയളവില്‍ പല ബിസിനസുകള്‍ ചെയ്തു.  ഇപ്പോള്‍ കൊയിലാണ്ടിയിലാണ് ബിസിനസ്. 

 

ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം സഫിയ ടീച്ചര്‍
 

എന്നിട്ടും എങ്ങനെ കഴിഞ്ഞു, വീണ്ടും പഠിക്കാന്‍?

12 വയസ്സിലൊക്കെ വിവാഹം കഴിഞ്ഞ്, വൈകാതെ അമ്മയായ അനേകം സഹപാഠികളുണ്ട് സഫിയ ടീച്ചര്‍ക്ക്. അവരാരും പിന്നീട് പഠിക്കാന്‍ പോയിട്ടില്ല. ഇപ്പോള്‍ പോലും, കുട്ടികള്‍ ആയി കഴിഞ്ഞാല്‍ പിന്നെ പഠിക്കാനാവില്ല എന്ന് കരുതുന്നവര്‍ ഏറെയാണ്. അതിനിടയിലാണ്, മൂന്ന് കുട്ടികളെ വളര്‍ത്തി, പഠിപ്പിച്ച്, അവര്‍ക്കൊപ്പം തുടര്‍പഠനത്തിന്റെ പടവുകള്‍ കയറി സഫിയ ടീച്ചര്‍ സമാനതകളില്ലാത്ത മാതൃകയായത്. 

'എന്തു കൊണ്ടാണ് മറ്റാര്‍ക്കും തോന്നാത്ത വിധം അങ്ങനെ തോന്നിയത്? എങ്ങനെയാണ് സ്വന്തം സ്വപ്‌നം സാക്ഷാത്കരിച്ചത്?' 

ഈ ചോദ്യത്തിനുത്തരമായി സഫിയ ടീച്ചര്‍ രണ്ട് കാര്യങ്ങളാണ് പറയുന്നത്. ഒന്ന് വായന. ''കുട്ടിക്കാലം മുതല്‍ വായനയില്‍ പെട്ടുപോയ കുട്ടിയാണ് ഞാന്‍. ബാലമാസികകളിലാണ് തുടക്കം. പിന്നെ കിട്ടുന്നതെന്തും വായിക്കും. അമ്മയായി കഴിഞ്ഞശേഷം, കിട്ടുന്ന കടലാസ് കഷണങ്ങള്‍ പോലും ആര്‍ത്തിയോടെ വായിക്കുമായിരുന്നു. ആ ആര്‍ത്തിയാണ്, പാഠപുസ്തകങ്ങളിലേക്കും പഠിത്തത്തിലേക്കും ജോലിയിലേക്കും നയിച്ചത്. '' രണ്ടാമത്തെ കാര്യം, ഭര്‍ത്താവ്. '' എനിക്ക് സന്തോഷം തരുന്ന ഒരേയൊരു കാര്യം പഠിത്തമാണെന്ന് മൂപ്പര്‍ മനസ്സിലാക്കിയിരുന്നു. ഭര്‍ത്താവ് നോ പറഞ്ഞാല്‍ എന്റെ പഠിത്തം അവിടെ തീരുമായിരുന്നു. അങ്ങനെ പറഞ്ഞില്ല എന്നു മാത്രമല്ല, എല്ലാ വിധത്തിലുംകൂടെ നില്‍ക്കുകയും ചെയ്തു. അദ്ദേഹം ഒരുപാട് പഠിച്ചിട്ടൊന്നുമില്ല. പക്ഷേ, ഞാന്‍ കണ്ട നല്ല വിദ്യാഭ്യാസമുള്ള പല ആളുകളേക്കാളും, കാര്യബോധവും മനുഷ്യപ്പറ്റും അദ്ദേഹത്തിന് ഉണ്ടായിരുന്നു.''-ടീച്ചര്‍ പറയുന്നു. 

ടീച്ചര്‍ പഠിക്കുന്ന കാലത്തുണ്ടായിരുന്ന അവസ്ഥയൊക്കെ കാര്യമായി മാറിയിട്ടുണ്ട് ഈ പ്രദേശത്ത്. പെണ്‍കുട്ടികളെ വളരെ ചെറുപ്പത്തിലേ കല്യാണം കഴിപ്പിക്കുന്ന രീതിയൊക്കെ മാറി. കുട്ടികളെ നന്നായി പഠിപ്പിക്കണമെന്ന അവബോധം ഉണ്ടായി. എന്നാല്‍, ആ അവസ്ഥ പുതിയ രീതിയില്‍ മടങ്ങിവരുന്നുണ്ടെന്നാണ് ഈ അധ്യാപികയുടെ അനുഭവം. ''പുതിയ ട്രെന്റാണിപ്പോള്‍. പെണ്‍കുട്ടികളെ നന്നായി പഠിപ്പിക്കും. നല്ല പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്കൊക്കെ വിടും. എന്നാല്‍ അതോടെ തീരും കാര്യം. വിവാഹം കഴിയുന്നതോടെ അവര്‍ വീട്ടില്‍ കുടുങ്ങും. വീട്ടില്‍ കുട്ടികളെ നോക്കി ഇരുന്നാല്‍ മതി ജോലിക്കു പോവേണ്ട എന്ന് തീരുമാനം വരും. എനിക്കറിയാവുന്ന ഒരു പാട് കുട്ടികള്‍, പ്രൊഫഷണല്‍ വിദ്യാഭ്യാസം കിട്ടിയിട്ടും, വിവാഹശേഷം വീട്ടുപണിയുമെടുത്ത് കുട്ടികളെ നോക്കി കഴിഞ്ഞുകൂടുന്നുണ്ട്. ഇത് എളുപ്പം മറികടക്കാനാവാത്ത ദുരവസ്ഥയാണ്.''-ടീച്ചര്‍ സങ്കടത്തോടെ പറയുന്നു.  
 

click me!