കൂട്ടുകാരനെ തേടി തോണിയേറി, പുഴ കടക്കും തെയ്യങ്ങള്‍!

By Prashobh PrasannanFirst Published Oct 29, 2022, 7:43 PM IST
Highlights

കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട്ടെ അരയി ഗ്രാമത്തിലാണ് തെയ്യങ്ങള്‍ മറ്റൊരു തെയ്യത്തെ കാണാൻ കടത്തുതോണിയില്‍ പുഴ കടന്നെത്തുന്ന മനോഹരമായ ഈ കാഴ്‍ച. അരിവിതച്ച് അരയിയെ സമൃദ്ധമാക്കിയ കാര്‍ത്തിക ചാമുണ്ഡിയാണ് കൂട്ടുകാരൊടൊപ്പം അരയിപ്പുഴ കടന്ന് മറ്റൊരു കൂട്ടുകാരനായ കാലിച്ചേകവനെ തേടിയെത്തുന്നത്. 

ജീവിതപ്പുഴപോലെ നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന ജലപ്പാടം. ഇഹപരമെന്നപോലെ ഇരുകരകളിലെ ജനപഥങ്ങള്‍. ആശാത്തുരുത്തുപോലെ അവിടങ്ങളിലെ ചില കടവുകള്‍. ഈ കടവുകളിലൊന്നില്‍ നിന്നും മൂന്നുപേരുമായി ഒരു തോണി വര്‍ഷാവര്‍ഷം മറുകരയിലേക്ക് പുറപ്പെടും. ആ വരവും നോക്കി അക്കരെക്കടവില്‍ ഒരാള്‍ കാത്തുനില്‍പ്പുണ്ടാകും. തോണിയിറങ്ങിയാല്‍ അവര്‍ നാലല്ല, ഒന്നാകും. കാരണം അവര്‍ കേവലം മനുഷ്യരല്ല, ദൈവങ്ങളാണ്! വന്നവനും നിന്നവനും തമ്മില്‍ നാട്ടുവിശേഷങ്ങള്‍ പങ്കിടും. ഗ്രാമം ചുറ്റിക്കാണും. ദേശവും കൃഷിയും കൈവിടാതെ കാത്തോളാം എന്ന വാക്ക് പരസ്‍പരം ഓര്‍മ്മിപ്പിക്കും. പിന്നെ ഉപചാരം ചൊല്ലിപ്പിരിഞ്ഞ് വന്ന മൂവരും മറുകരയിലെ പതിയിലേക്കും നിന്നവൻ കാവിലേക്കും മടങ്ങും. 

കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട്ടെ അരയി ഗ്രാമത്തിലാണ് തെയ്യങ്ങള്‍ മറ്റൊരു തെയ്യത്തെ കാണാൻ കടത്തുതോണിയില്‍ പുഴ കടന്നെത്തുന്ന മനോഹരമായ ഈ കാഴ്‍ച. അരിവിതച്ച് അരയിയെ സമൃദ്ധമാക്കിയ കാര്‍ത്തിക ചാമുണ്ഡിയാണ് കൂട്ടുകാരൊടൊപ്പം അരയിപ്പുഴ കടന്ന് മറ്റൊരു കൂട്ടുകാരനായ കാലിച്ചേകവനെ തേടിയെത്തുന്നത്. കാര്‍ത്തികക്കാവില്‍ നിന്നും അരയി ഗ്രാമത്തിലെ കൃഷിയിടങ്ങള്‍ നോക്കിക്കാണാനാണ് കാര്‍ത്തിക ചാമുണ്ഡിയും കാലിച്ചാന്‍ തെയ്യവും ഒപ്പം ഗുളികനും തോണിയില്‍ പുഴ കടക്കുന്നത്. 

തുലാപ്പത്ത് പിറന്നു, ദൈവങ്ങള്‍ മണ്ണിലേക്ക്; വടക്കൻ കേരളത്തില്‍ ഇനി തെയ്യക്കാലം!

അള്ളോൻ വാഴും അള്ളടനാടിന്‍റെ ചരിത്രത്തോളമോ അല്ലെങ്കിൽ കാഞ്ഞങ്ങാട്ടെ നാട്ടുരാജൻ കാഞ്ഞന്‍റെ വേരുകളോളമോ പഴക്കമുണ്ട് അരയിയുടെ നാട്ടുചരിത്രത്തിനെന്ന് നാട്ടുകാര്‍ പറയും. പുത്തില്ലം തറവാട്ടിലെ പുലയസമുദായക്കാരാണ് കാര്‍ത്തിക വയല്‍ പ്രദേശത്തെ ആദിമവാസികള്‍. കിഴക്കുനിന്നൊഴുകി വരുന്ന പുഴ അരയിയുടെ വടക്കും പടിഞ്ഞാറും അതിരിട്ടു ഒഴുകിയിരുന്ന കാലം.

പണ്ടെങ്ങാണ്ടോ ഒരുദിനം പുഴ ഗതിമാറിയൊഴുകി. അങ്ങനെ അരയിയിൽ വയലുണ്ടായി. ഒരുകര അരയി ഗ്രാമവും മറുകര കാര്‍ത്തിക വയലും. അന്നപൂർണേശ്വരി അനുഗ്രഹിച്ചരുളിയ ഭൂമിക്ക് കാവൽ നിൽക്കാൻ അള്ളടത്തു തമ്പുരാൻ രണ്ടു ചേരിക്കല്ലുകള്‍ ഉണ്ടാക്കി.  അവിടെ സ്വരൂപത്തിന്‍റെ കാവൽദൈവങ്ങളെ പ്രതിഷ്‍ഠിച്ചു തമ്പുരാൻ. അരയിയിൽ കൊട്ടാരവും കാർത്തികയിൽ പത്തായപ്പുരയുമായിരുന്നുവെന്ന് പഴമക്കാര്‍ പറയുന്നു. 

തമ്പുരാൻ കൊട്ടാരക്കെട്ടില്‍ സുഖിച്ചപ്പോള്‍  പൊന്നുവിളയിക്കാൻ ചേരിക്കല്ലുകളിൽ വിയർപ്പൊഴുക്കി പുലയര്‍. കതിരുകൊയ്‍ത് പതിരു മാത്രം തിന്നു പുലയര്‍. പണിയെടുത്ത് പ്രാണനറ്റപ്പോള്‍ ദൈവങ്ങളെ കൂട്ടുവിളിച്ചു പുലയര്‍. കണ്ണുനീരു വീണ് മണ്ണില്‍ ഉപ്പുപുരണ്ടപ്പോള്‍ ആരാധിക്കാൻ അവരൊരു പതി കെട്ടിയുണ്ടാക്കി. ഇരുളുവീണ പണിയിടങ്ങളില്‍ അവര്‍ക്ക് കൂട്ടിരിക്കാൻ ചാമുണ്ഡിയും കാലിച്ചാനും ഗുളികനുമൊക്കെ ആ പതിയിലെ ദൈവങ്ങളായി നിലയുറപ്പിച്ചു.

"കാര്‍ത്തിക ചാമുണ്ഡിയമ്മയാണ് ദേശസംരക്ഷക. മംഗലാപുരം വഴിയാണ് ദേവിയുടെ വരവ്.." 

കാര്‍ത്തിക ചാമുണ്ഡിയുടെ കഥ നാട്ടുകാരനായ ചന്ദ്രൻ പറയുന്നത് ഇങ്ങനെ. മംഗലാപുരത്തു നിന്നും തുളുനാടിന്‍റെ പാതിയും പിന്നിട്ട് ചാമുണ്ഡി ദേവി അള്ളട ദേശത്തെത്തിയ നേരത്ത്  മുട്ടോളം ചേറ്റില്‍ നിലയുറച്ചുപോയി. അതോടെ  നാട്ടില്‍ അനര്‍ത്ഥങ്ങളും കണ്ടുതുടങ്ങി. ഒടുവില്‍ ദേശവാസികള്‍ വിവരമറിയച്ചതിനെ തുടര്‍ന്ന് കാരിപ്പുലയന്‍ സ്ഥലത്തെത്തി. മുട്ടോളം ചേറ്റില്‍ നിലയുറച്ചുപോയ ചാമുണ്ഡിയെ കണ്ടു പുലയൻ. ചാമുണ്ഡിയെ ഇവിടെ കുടിയിരുത്തി കാരി. അങ്ങനെ കാര്‍ത്തികയില്‍ നിലയുറപ്പിച്ച ചാമുണ്ഡി കാര്‍ത്തിക ചാമുണ്ഡിയായി.

 നോക്കിനില്‍ക്കെ മുതലയായി മാറിയ കന്യക, അപൂര്‍വ്വകാഴ്‍ചയായി മുതലത്തെയ്യം!

വിളവെടുപ്പ് കഴിഞ്ഞാൽ തുലാമാസത്തിലെ പത്താമുദയം വരെ പുന്നെല്ല് പുറത്തെടുക്കുമായിരുന്നില്ല. കാർത്തികയിൽ കെട്ടിയാടുന്ന തെയ്യങ്ങൾ പത്തായപ്പുര മുറ്റത്തെത്തും. അവിടെ നിലവിളക്ക് കത്തിച്ചു വച്ച് മുറത്തിൽ പുന്നെല്ല് വച്ചിരിക്കും. ചാമുണ്ഡി കയ്യിലെ ആയുധം കൊണ്ട് മൂന്നു തവണ നെല്ല് കോരിച്ചൊരിഞ്ഞ് " നട്ടുനനച്ചേടത്തും കരിച്ചു വാളിയേടത്തും പത്തിന്നു പതിനാറായി പൊലിപ്പിച്ചു തന്നോളാമെന്നു" അനുഗ്രഹിച്ച് നെല്ലു പുറത്തെടുക്കാനുള്ള അനുമതി നൽകും. 

പതിയിലെ മരത്തിനു കീഴെ അരിയിടുന്ന കല്ലുണ്ട്. തെയ്യങ്ങളെല്ലാം ആ കല്ലിൽ അരിയിട്ടു വന്ദിക്കും. പിന്നാലെ പതിയിലെ തെയ്യങ്ങൾ തോണിയിൽ പുഴ കടക്കും. ഊരുകാവല്‍ക്കരനായ മറ്റൊരു കാലിച്ചാന്‍റെ കാവ് അക്കരെയുണ്ട്. വണ്ണാൻ സമുദായക്കാർ  തെയ്യത്തെ കെട്ടിയാടുന്ന കാവാണിത്. ദേശത്തെ വളര്‍ത്തു മൃഗങ്ങളുടെ സംരക്ഷകനാണ് കാലിച്ചേകവന്‍ തെയ്യം.  അദ്ദേഹത്തെ കാണാനാണ് ഈ യാത്ര. പുഴ കടന്നു വരുന്ന തെയ്യങ്ങളെ കാലിച്ചാൻ തെയ്യം സ്വീകരിക്കും. കാര്‍ഷിക സമൃദ്ധിയുടെ ഓര്‍മ്മകള്‍ പങ്കുവെക്കും.  ഒരുമിച്ച് ദേശസഞ്ചാരം നടത്തും. പിന്നെ ചാമുണ്ഡിയും സംഘവും കാര്‍ത്തികയിലെ പതിയിലേക്കും കാലിച്ചാൻ തന്‍റെ കാവിലേക്കും മടങ്ങും. 

ദൈവ സങ്കല്‍പ്പത്തെ പ്രകൃതിയുമായി ചേര്‍ത്തുവയ്ക്കുന്നു എന്നതാണ് കാര്‍ത്തിക ചാമുണ്ഡി, കാലിച്ചേകവന്‍, ഗുളികൻ തെയ്യങ്ങളുടെ കൂടിക്കാഴ്‍ചയുടെ അടിസ്ഥാനം.  കന്നുകാലികളുടെ സഹായമില്ലാതെ കൃഷിയിറക്കാന്‍ കഴിയാതിരുന്ന കാലത്തിന്‍റെ ഓര്‍മപ്പെടുത്തല്‍ കൂടിയാണ് തെയ്യങ്ങളുടെ ഈ കൂടിച്ചേരല്‍. അരയി കളിയാട്ടത്തിന് ശേഷമായിരുന്നു ഒരുകാലത്ത് ഈ പ്രദേശങ്ങളിലെ കൃഷിപ്പണികള്‍ക്ക് തുടക്കമാവുന്നത്. കാര്‍ത്തിക ചാമുണ്ഡിയെയും കാലിച്ചാനെയും ഗുളകനെയും കൂടാതെ ധര്‍മ്മ ദൈവം,  തൊണ്ടച്ചൻ, മന്ത്രമൂര്‍ത്തി തുടങ്ങിയ തെയ്യങ്ങളും ഇവിടെ കെട്ടിയാടാറുണ്ട്.

click me!