അമിത്ഷായും യോഗിയും വര്‍ഗീയ ധ്രുവീകരണ പ്രസംഗങ്ങളും; തെലങ്കാനയില്‍ റാവുവിന് ഗുണമായതിങ്ങനെ

By Web TeamFirst Published Dec 11, 2018, 3:17 PM IST
Highlights

തെലങ്കാന സംസ്ഥാന രൂപീകരണത്തിന്റെ അവകാശവാദം ഉന്നയിച്ചാണ് കോണ്‍ഗ്രസ് പ്രചരണം നയിച്ചതെങ്കില്‍ ബിജെപിയും എഐഎംഐഎമ്മും വര്‍ഗീയതയില്‍ ഊന്നിയായിരുന്നു മുന്നേറാന്‍ ശ്രമിച്ചത്. ബിജെപിക്ക് വേണ്ടി പ്രചരണം നയിക്കാന്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷായും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായിരുന്നു തെലങ്കാനയില്‍ തമ്പടിച്ചത്. അധികാരത്തിലേറുമെന്ന സ്വപ്‌നം പങ്കുവച്ച് ഒറ്റയ്ക്കായിരുന്നു ബിജെപിയുടെ യുദ്ധപ്രഖ്യാപനം

ഹൈദരാബാദ്: അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ തെലങ്കാനയില്‍ ചന്ദ്രശേഖര റാവുവിനും തെലങ്കാന രാഷ്ട്ര സമിതിക്കും അനായാസ ജയമാണ് ഏവരും പ്രതീക്ഷിച്ചത്. ആ ആത്മവിശ്വാസം തന്നെയാണ് നിയമസഭ നേരത്തെ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നേരിടാന്‍ റാവുവിനെ പ്രേരിപ്പിച്ചതും. വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെയാണ് റാവു സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറുന്നത്.

ഗജ് വേല്‍ മണ്ഡലത്തില്‍ അമ്പതിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് കെസിആര്‍ മുഖ്യമന്ത്രി കസേരയിലേക്ക് വീണ്ടും നടന്നുകയറുന്നത്. ടിഡിപി-കോണ്‍ഗ്രസ് സഖ്യത്തിലുള്ള അസ്വാരസ്യങ്ങളും ബിജെപി എഐഎംഐഎം നേതാക്കളുടെ വര്‍ഗീയ ധ്രുവീകരണമുണ്ടാക്കുന്ന പ്രസംഗങ്ങളുമാണ് റാവുവിനും ടിആര്‍എസിനും ഗുണമായത്. തെലങ്കാന രൂപീകരണത്തിന് പിന്നാലെ നടന്ന തെരഞ്ഞെടുപ്പില്‍ പോലും ലഭിക്കാത്ത ഭൂരിപക്ഷമാണ് ഇക്കുറി മണ്ഡലങ്ങളിലെല്ലാം ലഭിച്ചത്.

തെലങ്കാന സംസ്ഥാന രൂപീകരണത്തിന്റെ അവകാശവാദം ഉന്നയിച്ചാണ് കോണ്‍ഗ്രസ് പ്രചരണം നയിച്ചതെങ്കില്‍ ബിജെപിയും എഐഎംഐഎമ്മും വര്‍ഗീയതയില്‍ ഊന്നിയായിരുന്നു മുന്നേറാന്‍ ശ്രമിച്ചത്. ബിജെപിക്ക് വേണ്ടി പ്രചരണം നയിക്കാന്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷായും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായിരുന്നു തെലങ്കാനയില്‍ തമ്പടിച്ചത്. അധികാരത്തിലേറുമെന്ന സ്വപ്‌നം പങ്കുവച്ച് ഒറ്റയ്ക്കായിരുന്നു ബിജെപിയുടെ യുദ്ധപ്രഖ്യാപനം.

ബിജെപി പിന്തുണയോടെയുള്ള സര്‍ക്കാര്‍ മാത്രമേ തെലങ്കാനയില്‍ അധികാരത്തിലേറുവെന്നായിരുന്നു ഷായുടെ പ്രഖ്യാപനം. നാലരക്കൊല്ലത്തെ റാവുവിന്റെ ഭരണത്തിനോടുള്ള അതൃപ്തി ജനങ്ങള്‍ തെരഞ്ഞെടുപ്പില്‍ പ്രകടിപ്പിക്കുമെന്നും ഷാ പറഞ്ഞുവച്ചു. ബിജെപിയുടെ സ്റ്റാര്‍ ക്യാംപെയിനറായെത്തിയ യോഗിയാകട്ടെ എതിരാളികളെ കടന്നാക്രമിക്കാന്‍ മടികാട്ടിയില്ല. ബിജെപി അധികാരത്തിലേറിയാല്‍ ഉവൈസിയെപോലുള്ളവരെ തെലങ്കാനയുടെ മണ്ണില്‍ നിന്ന് തുരത്തുമെന്നായിരുന്നു യോഗിയുടെ പ്രഖ്യാപനം.

ഹൈദരാബാദില്‍ ഇന്നും നിലനിര്‍ക്കുന്ന നിസാമിന്റെ ഖ്യാതിക്ക് അന്ത്യം വരുത്തുമെന്നും യോഗി പ്രസംഗിച്ചു. അതിനായി ഹൈദരാബാദിന്റെ പേര് ഭാഗ്യനഗര്‍ എന്നാക്കി തരാം, ഇന്ത്യയില്‍ നടക്കുന്ന ഭീകരാക്രമണങ്ങള്‍ക്ക് പിന്നില്‍ ഹൈദരാബാദ് നഗരത്തിന് ബന്ധമുണ്ടെന്നും ഇത് അവസാനിപ്പിക്കണമെങ്കില്‍ ബിജെപി അധികാരത്തിലെത്തണമെന്നും യുപി മുഖ്യന്‍ അഭിപ്രായപ്പെട്ടു. ടിആര്‍എസും കോണ്‍ഗ്രസും മുസ്ലിം മതവിഭാഗത്തെ പ്രീണിപ്പിക്കാനാണ് ശ്രമിക്കുന്നത്, അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതിന് കോണ്‍ഗ്രസാണ് തടസം ആരോപണങ്ങള്‍ അങ്ങനെ നീണ്ടു. മത ന്യൂനപക്ഷങ്ങള്‍ക്ക് 12 ശതമാനം സംവരണം നല്‍കാനുള്ള തെലങ്കാന സര്‍ക്കാരിന്റെ തീരുമാനത്തെ തടഞ്ഞ് നിര്‍ത്തിയത് ബിജെപിയാണെന്നായിരുന്നു ഷാ പറഞ്ഞത്.

യോഗിയുടെയും ഷായുടെയും പ്രസംഗങ്ങള്‍ക്ക് അതേ ഭാഷയില്‍ തന്നെയായിരുന്നു അസദുദ്ദീന്‍ ഉവൈസിയുടെ മറുപടി. വിരോധത്തിന്റെ രാഷ്ട്രീയമാണ് യോഗിയുടെതെന്നും അദ്ദേഹം അതാണ് തെലങ്കാനയിലും പടര്‍ത്താന്‍ ശ്രമിക്കുന്നതെന്നും ഉവൈസി മറുപടി നല്‍കി. വര്‍ഗീയതയില്‍ ഊന്നി തന്നെയായിരുന്നു ഉവൈസിയുടെ പാര്‍ട്ടിയും പ്രചരണം നയിച്ചത്. അക്ഷരാര്‍ത്ഥത്തില്‍ തെലങ്കാനന്‍ ജനത ഇത്തരം വര്‍ഗീയ പ്രചരണങ്ങളെ തള്ളിക്കളഞ്ഞാണ് റാവുവിനെയും പാര്‍ട്ടിയെയും അധികാരത്തിലേറ്റിയത്. ഷാ, യോഗി, ഉവൈസി എന്നിവരുടെ വിദ്വേഷ പ്രസംഗങ്ങള്‍ റാവുവിന്റെ പാര്‍ട്ടിക്ക് ഗുണമാകുകയായിരുന്നു.

click me!