അശോക് ഗേലോട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രി; സച്ചിന്‍ പൈലറ്റ് ഉപമുഖ്യമന്ത്രി

By Web TeamFirst Published Dec 14, 2018, 4:23 PM IST
Highlights

രാജസ്ഥാനില്‍ അധികാരം ഉറപ്പിച്ചതിന് പിന്നാലെ അശോക്അശോക് ഗേലോട്ടും  പൈലറ്റും  മുഖ്യമന്ത്രി പദത്തിനായുള്ള  ചരടുവലികള്‍ സജീവമാക്കിയിരുന്നു. കോണ്‍ഗ്രസിന് രാജസ്ഥാനില്‍ മുന്‍തൂക്കമെന്ന് ഫല സൂചന വന്നു തുടങ്ങിയപ്പോള്‍ മുതൽ പൈലറ്റ് അനുകൂലികള്‍ അദ്ദേഹത്തിനായി മുദ്രാവാക്യം വിളി തുടങ്ങിയിരുന്നു. 

ജയ്പൂര്‍: കോണ്‍ഗ്രസിലെ ജനകീയ നേതാവ് അശോക്  ഗേലോട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രിയാകും. നാല്‍പ്പത്തിയൊന്നുകാരനായ സച്ചിന്‍ പൈലറ്റ് ആണ് ഉപമുഖ്യമന്ത്രി. അതേസമയം രാജസ്ഥാന്‍ പിസിസി അധ്യക്ഷസ്ഥാനത്ത് സച്ചിന്‍ പൈലറ്റ് തുടരും. 

രാഹുൽ ഗാന്ധിയുടെ വസതിയിൽ ഇന്നലെയും ഇന്നും വിവിധ ഘട്ടങ്ങളിലായി നടന്ന ചര്‍ച്ചകൾക്കൊടുവിലാണ് രാജസ്ഥാനിൽ മുഖ്യമന്ത്രിയെ ചൊല്ലിയുള്ള പ്രതിസന്ധി പരിഹരിച്ചത്. അശോക് ഗേലോട്ട് മുഖ്യമന്ത്രിയാകണം എന്ന ആവശ്യം ഭൂരിഭാഗം എംഎൽഎമാരും ദേശീയ നേതൃത്വത്തെ അറിയിച്ചു. 

വിമതരായി തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കും അശോക് ഗലോട്ട് മതി. ഇതോടെ ഗേലോട്ടിനെ തന്നെ മുഖ്യമന്ത്രിയാക്കാൻ ഇന്നലെ തീരുമാനിച്ചെങ്കിലും സച്ചിൻ പൈലറ്റിന്‍റെ പ്രതിഷേധത്തെ തുടര്‍ന്ന് പ്രഖ്യാപനം മാറ്റിവെക്കുകയായിരുന്നു. ഇന്ന് രാഹുൽ ഗാന്ധിയുടെ വസതിയിൽ ഇരുനേതാക്കളെയും ഒന്നിച്ചിരുത്തി ചര്‍ച്ച നടത്തിയ ശേഷമാണ് വൈകിട്ട് കോണ്‍ഗ്രസ് ആസ്ഥാനത്ത് ഗേലോട്ടിന്‍റെ പേര് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാൽ പ്രഖ്യാപിച്ചത്.

രാജസ്ഥാനില്‍ അധികാരം ഉറപ്പിച്ചതിന് പിന്നാലെ അശോക് ഗേലോട്ടും സച്ചിന്‍ പൈലറ്റും മുഖ്യമന്ത്രി  പദത്തിനായുള്ള ചരടുവലികള്‍ സജീവമാക്കിയിരുന്നു. കോണ്‍ഗ്രസിന് രാജസ്ഥാനില്‍ മുന്‍തൂക്കമെന്ന് ഫലസൂചന വന്നു തുടങ്ങിയപ്പോള്‍ മുതൽ പൈലറ്റ് അനുകൂലികള്‍ അദ്ദേഹത്തിനായി തെരുവുകളില്‍ മുദ്രാവാക്യം വിളി തുടങ്ങിയിരുന്നു. അടുത്ത മുഖ്യമന്ത്രി പൈലറ്റാണെന്ന് പ്രഖ്യാപിച്ചു കൊണ്ടായിരുന്നു അനുകൂലികള്‍ ആഹ്ലാദ പ്രകടനം നടത്തിയത്. 

എന്നാൽ സംസ്ഥാന കോണ്‍ഗ്രസിന്‍റെ ജനകീയ മുഖവും മുതിര്‍ന്ന നേതാവുമായ ഗേലോട്ടിനെ അങ്ങനെ എഴുതിത്തള്ളാൻ പാര്‍ട്ടി നേതൃത്വത്തിനായില്ല. നേരിയ ഭൂരിപക്ഷത്തിൽ ബിജെപി വിരുദ്ധരെ ഒപ്പം കൂട്ടി സര്‍ക്കാര്‍ കൊണ്ടു നടക്കാൻ പ്രാപ്തനാണെന്ന് നേരത്തെ ഗേലോട്ടും തെളിയിച്ചിട്ടുണ്ട്. 

click me!