ഹിന്ദി ഹൃദയഭൂമിയിൽ ബിജെപിയ്ക്ക് തിരിച്ചടി; തലയുയർത്തി രാഹുലിന്‍റെ കോൺഗ്രസ്

By Web TeamFirst Published Dec 11, 2018, 10:47 AM IST
Highlights

ഹിന്ദി ഹൃദയഭൂമി എന്നറിയപ്പെടുന്ന മൂന്ന് വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ബിജെപിയ്ക്ക് കാലിടറുകയാണ്. ലോക്സഭാ തെര‍ഞ്ഞെടുപ്പിൽ ഛത്തീസ്ഗഡ്, രാജസ്ഥാൻ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ സീറ്റുകളുടെ ബലത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തിലേക്ക് നടന്നു കയറിയത്. ഇപ്പോൾ ചിത്രം മാറുന്നു.
 

ദില്ലി: മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നീ മൂന്ന് സംസ്ഥാനങ്ങളിലും ബിജെപി നേരിട്ടത് കനത്ത തിരിച്ചടിയാണ്. ഇതിൽ ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടാണ് ബിജെപി അടക്കിഭരിച്ചത്. ഇന്ത്യയുടെ ഹൃദയഭൂമി ബിജെപിയിൽ നിന്ന് പിടിച്ചെടുക്കുകയാണ് കോൺഗ്രസ്. 

ഇത് മോദിയുടെ വീഴ്ച!

2013-ൽ അഞ്ച് വർഷങ്ങൾക്ക് മുമ്പേ ഒരു ഡിസംബർ എട്ടിനാണ് രാജസ്ഥാൻ കൂടി പിടിച്ചടക്കി ബിജെപി വൻമുന്നേറ്റം തുടങ്ങിയത്. പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് നരേന്ദ്രമോദി തന്നെ എന്ന് ഊട്ടിയുറപ്പിച്ച ഫലമായിരുന്നു അത്. ഏറ്റവും സജീവമായി പ്രധാനമന്ത്രി സ്ഥാനാർഥിയായി പറഞ്ഞുകേട്ട ശിവ്‍രാജ് സിംഗ് ചൗഹാനെ മധ്യപ്രദേശ് മുഖ്യമന്ത്രിയായി വീണ്ടും ഒതുക്കി മോദി ബിജെപിയുടെ കടിഞ്ഞാൺ ഏറ്റെടുത്തു. 

അഞ്ച് വർഷങ്ങൾക്കിപ്പുറം മോദിയുടെ വീഴ്ച കാണാം. അന്നത്തെ പ്രതാപശാലിയായ മോദിയല്ല ഇന്ന്. ഇന്ത്യയുടെ ഹൃദയം ബിജെപിയ്ക്ക്
നഷ്ടമായിരിക്കുന്നു. 

സെമിഫൈനലിൽ ജയിച്ചത് കോൺഗ്രസ്

ഹിന്ദി ഹൃദയഭൂമിയിലെ തിരിച്ചുവരവ് ലോക്സഭാ തെരഞ്ഞെടുപ്പിനെ ആത്മവിശ്വാസത്തോടെ സമീപിക്കാൻ കോൺഗ്രസിന് നൽകുന്ന ഊർജ്ജം ചെറുതൊന്നുമല്ല. ദേശീയ രാഷ്ട്രീയത്തിൽ ഈ തെരഞ്ഞെടുപ്പ് ഫലത്തിന് അതീവ പ്രാധാന്യമുണ്ട്. നിയസഭാ തെരഞ്ഞെടുപ്പുകളിലെ ട്രെൻഡ് ലോക്സഭയിലും തുടരുന്നതാണ് രാജസ്ഥാന്‍റേയും മധ്യപ്രദേശിന്‍റേയും ഛത്തീസ്ഗഡിന്‍റേയും ചരിത്രം. ഈ മൂന്ന് സംസ്ഥാനങ്ങളിൽ മാത്രം 65 ലോക്സഭാ സീറ്റുകളുണ്ട്. 2014-ലെ പൊതുതെരഞ്ഞെടുപ്പിൽ ഇതിൽ 62 സീറ്റുകളും വിജയിച്ചത് ബിജെപിയാണ്. അന്നത്തെ മേധാവിത്വം ഇക്കുറി ബിജെപി ആവർത്തിക്കില്ലെന്ന കാര്യത്തിൽ സംശയമില്ല. 

എന്തുകൊണ്ടും സമീപകാല ഇന്ത്യൻ ചരിത്രത്തിലെ സവിശേഷമായൊരു രാഷ്ട്രീയ സ്ഥിതിവിശേഷത്തിന്‍റെ കാലത്താണ് രാജ്യം പൊതു തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്. സെമിഫൈനൽ കഴിഞ്ഞിരിക്കുന്നു.

click me!