'തല' പിടിച്ച് ബിജെപി; ദില്ലിയില്‍ വന്‍ മുന്നേറ്റം

By Web TeamFirst Published May 23, 2019, 11:47 AM IST
Highlights

2014ല്‍ സമാനമായിരുന്നു ബിജെപിയുടെ കുതിപ്പ്. 46.40 ശതമാനം വോട്ടുകള്‍ നേടിയ ബിജെപി അന്ന് ഏഴ് സീറ്റും തൂത്തുവാരിയിരുന്നു

ദില്ലി: ആം ആദ്മി പാര്‍ട്ടിയുടെയും കോണ്‍ഗ്രസിന്‍റെയും വെല്ലുവിളികളെ മറി കടന്ന് തലസ്ഥാനത്ത് ബിജെപി മുന്നേറ്റം. ഒടുവിലത്തെ വിവരം പുറത്തു വരുമ്പോള്‍ ഏഴില്‍ ഏഴിടത്തും ബിജെപി സ്ഥാനാര്‍ത്ഥികള്‍ മുന്നേറുകയാണ്. ഈസ്റ്റ് ദില്ലി, സൗത്ത് ദില്ലി, നോര്‍ത്ത് ഈസ്റ്റ് ദില്ലി, വെസ്റ്റ് ദില്ലി, ന്യൂ ദില്ലി, നോര്‍ത്ത് ദില്ലി എന്നിവിടങ്ങളിലാണ് ബിജെപി സ്ഥാനാര്‍ത്ഥികള്‍ കുതിക്കുന്നത്. 2014ല്‍ സമാനമായിരുന്നു ബിജെപിയുടെ കുതിപ്പ്. 46.40 ശതമാനം വോട്ടുകള്‍ നേടിയ ബിജെപി അന്ന് ഏഴ് സീറ്റും തൂത്തുവാരിയിരുന്നു. നോര്‍ത്ത് ഈസ്റ്റ് ദില്ലിയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഷീല ദീക്ഷിത് പിന്നിലാണ്.

ബിജെപിയുടെ മനോജ് തിവാരിയാണ് മുന്നില്‍. ക്രിക്കറ്റ് താരം ഗൗതം ഗംഭീറും മുന്നിലാണ്. 
പ്രതിപക്ഷത്തെ പ്രധാന കക്ഷിയാകുമെന്ന് പ്രതീക്ഷിച്ച കോണ്‍ഗ്രസിനും ആം ആദ്മി പാര്‍ട്ടിക്കും ദില്ലിയില്‍ സീറ്റുകള്‍ ഇല്ലാതാകുന്നത് കനത്ത ക്ഷീണമാകും. സഖ്യമില്ലാതെ ഒറ്റക്ക് മത്സരിക്കാന്‍ ഇരുപാര്‍ട്ടികളും തീരുമാനിച്ചത് ബിജെപിക്ക് സഹായകമായെന്നാണ് വിലയിരുത്തല്‍. കോണ്‍ഗ്രസിന്‍റെ കടുംപിടുത്തമാണ് സഖ്യനീക്കത്തിന് തിരിച്ചടിയായതെന്ന് ആം ആദ്മി കുറ്റപ്പെടുത്തിയിരുന്നു. മോദി വീണ്ടും അധികാരത്തിലേറിയാല്‍ മുഴുവന്‍ ഉത്തരവാദിത്തവും രാഹുല്‍ ഗാന്ധിക്ക് മാത്രമായിരിക്കുമെന്ന് അരവിന്ദ് കെജ്രിവാള്‍ വിമര്‍ശനമുന്നയിച്ചിരുന്നു. 

click me!