ഇവിഎം സ്ട്രോംഗ് റൂമിന് പുറത്ത് ലാപ്ടോപ്പുമായി ബി.എസ്.എഫ് ജവാന്‍; കോണ്‍ഗ്രസ് ഹൈക്കോടതിയില്‍

By Web TeamFirst Published Dec 7, 2018, 4:10 PM IST
Highlights

ഛത്തീസ്ഗഢിലെ ബെമടേര ജില്ലയിലാണ് സംഭവം. ലാപ്ടോപ്പുമായി എത്തിയ ബിഎസ്ഫിലെ 175ാം ബറ്റാലിയനിലെ വിക്രം കുമാർ ബെഹ്റയെ ഡ്യൂട്ടിയിൽ നിന്നും പുറത്താക്കി. ഇവിഎം സുരക്ഷ സംബന്ധിച്ച് കോൺ​ഗ്രസ് ആശങ്ക പ്രകടിപ്പിച്ച സാഹചര്യത്തിലായിരുന്നു ഈ സംഭവം. 

റാഞ്ചി: ഛത്തീസ്ഗഢിൽ ഇലക്ട്രോണിക് വോട്ടിം​ഗ് മെഷീനുകൾ സൂക്ഷിച്ചിരുന്ന സ്ട്രോം​ഗ് റൂമിന് പുറത്ത് ലാപ്ടോപ്പുമായി ബിഎസ്എഫ് ഉദ്യോ​ഗസ്ഥൻ എത്തിയ സംഭവത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഹൈക്കോടതിയില്‍ പരാതി നല്‍കി. ഇവിഎം സ്ട്രോംഗ്റൂമുകള്‍ക്ക് കര്‍ശനമായ സുരക്ഷ ഏര്‍പ്പെടുത്തണമെന്ന് ഇവര്‍ പരാതിയില്‍ ആവശ്യപ്പെടുന്നു. പരാതിയില്‍ ഡിസംബര്‍ 10ന് വാദം കേള്‍ക്കുമെന്ന് കോടതി അറിയിച്ചു. ഛത്തീസ്ഗണ്ഡ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഗിരീഷ് ദേവാംഗനാണ് പരാതി നല്‍കിയിരിക്കുന്നത്.

ഛത്തീസ്ഗഢിലെ ബെമടേര ജില്ലയിലാണ് ഇവിഎം സൂക്ഷിച്ചിരുന്ന സ്ട്രോംഗ്റൂമിന് പുറത്ത് ലാപ്ടോപ്പുമായി ബിഎസ് എഫ് ഉദ്യോഗസ്ഥന്‍ എത്തിയത്. സംഭവം കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ വന്‍ പ്രതിഷേധത്തിന് വഴി തെളിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ലാപ്ടോപ്പുമായി എത്തിയ ബിഎസ്ഫിലെ 175ാം ബറ്റാലിയനിലെ വിക്രം കുമാർ ബെഹ്റയെ ഡ്യൂട്ടിയിൽ നിന്നും പുറത്താക്കി. ഇവിഎം സുരക്ഷ സംബന്ധിച്ച് കോൺ​ഗ്രസ് ആശങ്ക പ്രകടിപ്പിച്ച സാഹചര്യത്തിലായിരുന്നു ഈ സംഭവം. 

സംഭവത്തെക്കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിച്ചതായും ബമടേര കളക്ടർ മഹാദേവ് കവ്രേ മാധ്യമങ്ങളോട് പറഞ്ഞു. രാഷ്ട്രീയ പ്രതിനിധികളുടെ മുന്നിൽ വച്ചായിരുന്നു വിക്രം കുമാർ ലാപ്ടോപ് ഉപയോ​ഗിച്ചത്. ഇയാളെ മാറ്റി മറ്റൊരു ഉദ്യോ​ഗസ്ഥനെ തൽസ്ഥാനത്ത് നിയമിച്ചതായും കളക്ടർ അറിയിച്ചു. 

ലാപ്ടോപ്പിന്റെ ഉളളടക്കം പരിശോധിക്കാൻ സാങ്കേതിക വിദ​ഗ്ധരെ ഏൽപിച്ചിട്ടുണ്ട്. അതിന് ശേഷം മാത്രമേ അടുത്ത നടപടി  എന്താണെന്ന് പറയാൻ കഴിയൂ എന്നും കളക്ടർ വിശദീകരിച്ചു. മറ്റ് മൂന്ന് മണ്ഡലങ്ങളിലെ ഇലക്ട്രോണിക് മെഷീനുകൾ സൂക്ഷിച്ചിരിക്കുന്നതും ബമടേര ജില്ലാ ആസ്ഥാനത്താണ്. രണ്ട് ഘട്ടങ്ങളിലായാണ് ഛത്തീസ്​ഗണ്ഡിലെ വോട്ടെടുപ്പ് പൂർത്തിയായത്. വിവിധ സംസ്ഥാനങ്ങളിൽ പലയിടങ്ങളിലും ഇലക്ട്രോണിക് വോട്ടിം​ഗ് മെഷിനുകൾ സൂക്ഷിച്ചിരിക്കുന്ന ആസ്ഥാനങ്ങളിൽ സുരക്ഷാ ഭീഷണി ഉണ്ടായിട്ടുണ്ട്. 

click me!