മമതയുടെ പ്രധാനമന്ത്രി മോഹത്തിന് തിരിച്ചടി; രാഹുലിനെ കുറിച്ച് മിണ്ടാതെ ത്രിണമൂല്‍ നേതാവ്

By Web TeamFirst Published Dec 13, 2018, 10:32 AM IST
Highlights

രാജ്യം മുഴുവന്‍ രാഹുലിനെയും കോണ്‍ഗ്രസിനെതിരെ തെരഞ്ഞെടുപ്പ് വിജയത്തില്‍ അഭിനന്ദിക്കുകയാണ്. എന്നാല്‍, മമത മാത്രം മിണ്ടുന്നില്ല. കോണ്‍ഗ്രസ് വിജയത്തില്‍ അവര്‍ സന്തോഷവതിയല്ലേ എന്ന ചോദ്യവും ഗൗരവ് ഉന്നയിച്ചു

കൊല്‍ക്കത്ത: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മിന്നുന്ന വിജയം നേടിയ കോണ്‍ഗ്രസിനെയും അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും രാജ്യത്തെ ബിജെപി ഇതര കക്ഷികള്‍ അഭിനന്ദിക്കുമ്പോള്‍ മിണ്ടാതെ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.

ഇതോടെ ത്രിണമൂല്‍ കോണ്‍ഗ്രസിനെതിരെ ബംഗാളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യ പ്രസ്താവനകളുമായി രംഗത്ത് വന്നിട്ടുണ്ട്. കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പിലെ മിന്നുന്ന പ്രകടനം തൃണമൂലിന് ഇനി ഉറങ്ങാത്ത രാത്രികള്‍ സമ്മാനിക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. 

രാജ്യം മുഴുവന്‍ രാഹുലിനെയും കോണ്‍ഗ്രസിനെയും തെരഞ്ഞെടുപ്പ് വിജയത്തില്‍ അഭിനന്ദിക്കുകയാണ്. എന്നാല്‍, മമത മാത്രം മിണ്ടുന്നില്ല. കോണ്‍ഗ്രസ് വിജയത്തില്‍ അവര്‍ സന്തോഷവതിയല്ലേ എന്ന ചോദ്യം കോണ്‍ഗ്രസ് നേതാവ് ഗൗരവ് ഗഗോയ് ഉന്നയിച്ചു. തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ വിജയികളെ മമത ബാനര്‍ജി അഭിനന്ദിച്ചിരുന്നു.

എന്നാല്‍, കോണ്‍ഗ്രസിനെയോ രാഹുല്‍ ഗാന്ധിയെയോ പരാമര്‍ശിക്കാതെയായിരുന്നു മമതയുടെ പ്രതികരണം. ഇതോടെ പ്രധാനമന്ത്രി മോഹം ചോദ്യചിഹ്നത്തിലായതാണ് മമതയെ പ്രകോപിപ്പിച്ചത് എന്ന മറുപടിയാണ് കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കുന്നത്. രാഹുല്‍ ഗാന്ധിയാണ് അടുത്ത പ്രധാനമന്ത്രിയെന്ന് മമതയ്ക്ക് മനസിലായി.

അതാണ് കോണ്‍ഗ്രസിനെ അഭിനന്ദിക്കാന്‍ ത്രിണമൂല്‍ വിമുഖത കാണിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ആദില്‍ ചൗധരി പറഞ്ഞു. തെലങ്കാനയിലും മിസോറാമിലും കാര്യമായ മുന്നേറ്റം നടത്താന്‍ കോണ്‍ഗ്രസിനായില്ലെങ്കിലും ബിജെപി ഭരിച്ചിരുന്ന മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങള്‍ തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നു.

കഴിഞ്ഞ 15 വര്‍ഷമായി ബിജെപിയുടെ ഭരണത്തിലുള്ള ചത്തീസ്ഗഡും മധ്യപ്രദേശും വീണ്ടും സ്വന്തമാക്കാനായത് ലോക്സഭ തെരഞ്ഞെടുപ്പിലേക്ക് ഒരുങ്ങാനുള്ള ആത്മവിശ്വാസം രാഹുല്‍ ഗാന്ധിക്കും സംഘത്തിനും നല്‍കും.

ഭരണത്തിലിരുന്ന മൂന്ന് സംസ്ഥാനങ്ങള്‍ നഷ്ടപ്പെട്ടതിന്‍റെ അങ്കലാപ്പിലാണ് ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദി, ദേശീയ അധ്യക്ഷന്‍ അമിത് ഷാ, ഉത്തര്‍പ്രദേശ് മുഖ്യന്‍ യോഗി ആദിത്യനാഥ് എന്നിങ്ങനെ പാര്‍ട്ടിയിലെ വമ്പന്മാര്‍ പ്രചാരണത്തിന് എത്തിയിട്ടും ഒരു സംസ്ഥാനം പോലും പിടിക്കാനായില്ലെന്നത് ബിജെപി അണികളെ നിരാശരാക്കിയിട്ടുണ്ട്. 

click me!