മധ്യപ്രദേശിൽ സർക്കാർ‌ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ച് കോൺ​ഗ്രസ്

By Web TeamFirst Published Dec 12, 2018, 7:17 AM IST
Highlights

മധ്യപ്രദേശിൽ രണ്ട് സീറ്റിലും ഛത്തീസ്​ഗഡില്‍ ഒരു സീറ്റിലുമാണ് ഫലപ്രഖ്യാപനം വൈകുന്നത്. കേവലഭൂരിപക്ഷത്തിന് കോൺ​ഗ്രസിന് ഒരു സീറ്റ് കുറവാണുള്ളത്. 

മധ്യപ്രദേശ്: അനിശ്ചിതത്വം തുടരുന്ന മധ്യപ്രദേശിൽ സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ച് കോൺ​ഗ്രസ്. ഭൂരിപക്ഷം അറിയിച്ച് ഗവർണറെ കാണാൻ കോൺഗ്രസ് ഇന്നലെ രാത്രി തന്നെ ഗവർണറുടെ അനുമതി തേടി. എന്നാൽ കക്ഷിനില പൂർണമായി അറിഞ്ഞതിനു ശേഷമേ സന്ദര്‍ശകാനുമതി നൽകൂവെന്ന് ഗവർണർ അറിയിച്ചു. കേവലഭൂരിപക്ഷത്തിലേക്ക് എത്താനായില്ലെങ്കിലും ഏറ്റവും വലിയ ഒറ്റകക്ഷിയായി മധ്യപ്രദേശിൽ ബിജെപിയെ കോൺഗ്രസ് പിടിച്ചുകെട്ടി. രാത്രി തന്നെ സർക്കാർ രൂപീകരണ നീക്കങ്ങളും തുടങ്ങി. ഏറ്റവും വലിയ ഒറ്റകക്ഷിയായി തെരഞ്ഞെടുക്കപ്പെട്ടതായും സ്വതന്ത്ര അംഗങ്ങളുടെ പിന്തുണയുണ്ടെന്നും അറിയിച്ച് ഗവർണർക്ക് കോൺഗ്രസ് കത്ത് നൽകി. 

ബി എസ് പി-എസ് പി പാര്‍ട്ടികളുടെ മൂന്ന് സീറ്റും രണ്ട് സ്വതന്ത്ര അംഗങ്ങളുടെ പിന്തുണയും അവകാശപ്പെട്ടാണ് ഗവർണർക്ക് കോൺഗ്രസ് കത്ത് നൽകിയത്. പുലർച്ചെ 2 മണിയോടെ മാത്രമാണ് മധ്യപ്രദേശിലെ അവസാനഫലങ്ങൾ പുറത്തുവന്നത്. രാത്രി വൈകിയും കോൺഗ്രസ് നേതാക്കൾ ഭോപ്പാലിലെ പാർട്ടി ആസ്ഥാനത്ത് തങ്ങി. ഇതിനിടെ വോട്ടെണ്ണലിൽ പിഴവുണ്ടെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തിയിരുന്നു. എട്ട് സീറ്റിൽ റീ കൗണ്ടിംഗ് വേണമെന്നാണ് ബിജെപിയുടെ ആവശ്യം. തെരഞ്ഞെടുപ്പ് കമ്മീഷന് രാത്രി വൈകി ബിജെപി പരാതി നൽകി. ഇതോടെ വലിയ രാഷ്ട്രീയ നാടകങ്ങളാണ് തുടരുന്നത്. സർക്കാർ രൂപീകരിക്കാനൊരുങ്ങി കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകിയതിന് പിന്നാലെ വലിയ ആഘോഷമായിരുന്നു ഭോപ്പാലിലെ കോൺഗ്രസ് ആസ്ഥാനത്ത്.

നൂറിൽ കൂടുതൽ സീറ്റിൽ ബിജെപി ഉള്ളത് വിജയം അവകാശപ്പെടുമ്പോഴും കോൺഗ്രസിന് ഭീഷണി തന്നെയാണ്. അത് മുന്നിൽ കണ്ട് തന്നെയാണ് കോൺഗ്രസ് രാത്രി തന്നെ നീക്കങ്ങൾ തുടങ്ങിത്. നാടകീയവും ഉദ്വേ​ഗജനകവുമായ നിമിഷങ്ങളിലൂടെയാണ് മധ്യപ്രദേശിലെ വോട്ടെണ്ണൽ ദിനം കടന്നു പോയത്. ആർക്കാണ് മുൻതൂക്കം എന്ന് നിശ്ചയിക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം തുടർന്ന സാഹചര്യത്തിൽ രാത്രി 12 മണി വരെ വോട്ടെണ്ണൽ തുടരാമെന്ന് കമ്മീഷൻ അറിയിച്ചിരുന്നു. 

ഇന്നലെ രാത്രി ഒൻപത് മണി പിന്നിട്ടപ്പോഴും മുന്നിലും പിന്നിലുമായി കോൺ​ഗ്രസും ബിജെപിയും പോരാട്ടം തുടരുകയായിരുന്നു. നേരിയ ഭൂരിപക്ഷത്തിലാണെങ്കിലും ബിജെപി കോട്ടകളായിരുന്ന ചമ്പൽ, ബുന്ദേൽകണ്ഡ്, മാൾവ മേഖലകളിലെല്ലാം കോൺഗ്രസ് ബിജെപിയെ പിടിച്ചുകുലുക്കിയിട്ടുണ്ട്. കാർഷിക വായ്പകൾ എഴുതി തള്ളുമെന്ന രാഹുൽഗാന്ധിയുടെ വാഗ്ദാനം കർഷകരെ കോൺഗ്രസിലേക്ക് അടുപ്പിച്ചുവെന്നാണ് സൂചന. കാർഷിക മേഖലയായ മാൾവ ബെൽറ്റിലെ 66 സീറ്റിൽ ബിജെപി സീറ്റുകളിൽ ഭൂരിഭാഗവും കോൺഗ്രസ് പിടിച്ചിട്ടുണ്ട്.
 

click me!