തൂക്കുസഭ വന്നാല്‍ എന്തുചെയ്യും; കോണ്‍ഗ്രസിന്‍റെ തന്ത്രം ഇതാണ്

By Web TeamFirst Published Dec 9, 2018, 10:37 AM IST
Highlights

രാജസ്ഥാനിൽ കോൺഗ്രസിനും തെലങ്കാനയിൽ ടി ആർഎസിനും മുൻതൂക്കം എക്സിറ്റ് പോളുകൾ പ്രവചിക്കുന്നു. എന്നാൽ മധ്യപ്രദേശിലും ചത്തീസ്ഗഡിലും എന്തും സംഭവിക്കാം. ആരു ജയിക്കും എന്ന കാര്യത്തിൽ എക്സിറ്റ് പോളുകൾക്ക് ഇവിടെ ഏകാഭിപ്രായമില്ല. 115 എന്ന മാന്ത്രിക സംഖ്യ നേടാൻ ഒരു പാർട്ടിക്കും കഴിയില്ല എന്ന സൂചനയും ചില സർവ്വെകൾ നല്കുന്നുണ്ട്

ദില്ലി: എക്സിറ്റ് പോൾ ഫലം പറയുന്നത് പോലെ ചത്തീസ്ഗഡിലും മധ്യപ്രദേശിലും തൂക്കുസഭ വന്നാൽ സര്‍ക്കാരുണ്ടാക്കാനുള്ള ബിജെപിയുടെ നീക്കം ചെറുക്കാനുള്ള തന്ത്രങ്ങൾക്ക് രൂപം നല്കി കോൺഗ്രസ്. ചെറുപാർട്ടികളുമായി ഇപ്പോഴേ സംസാരിക്കാൻ കോൺഗ്രസ് തീരുമാനിച്ചു. ഏത് സാഹചര്യത്തെയും നേരിടാന്‍ തയ്യാറായിരിക്കാൻ പാർട്ടിയിലെ അഭിഭാഷകർക്കും നിർദ്ദേശമുണ്ട്.

രാജസ്ഥാനിൽ കോൺഗ്രസിനും തെലങ്കാനയിൽ ടി ആർഎസിനും മുൻതൂക്കം എക്സിറ്റ് പോളുകൾ പ്രവചിക്കുന്നു. എന്നാൽ മധ്യപ്രദേശിലും ചത്തീസ്ഗഡിലും എന്തും സംഭവിക്കാം. ആരു ജയിക്കും എന്ന കാര്യത്തിൽ എക്സിറ്റ് പോളുകൾക്ക് ഇവിടെ ഏകാഭിപ്രായമില്ല. 115 എന്ന മാന്ത്രിക സംഖ്യ നേടാൻ ഒരു പാർട്ടിക്കും കഴിയില്ല എന്ന സൂചനയും ചില സർവ്വെകൾ നല്കുന്നുണ്ട്.

അത്തരമൊരു സാഹചര്യത്തിൽ ആദ്യ നീക്കം ബിജെപി നടത്താതിരിക്കാനുള്ള തയ്യാറെടുപ്പിലാണ് കോൺഗ്രസ്. സംസ്ഥാന നേതാക്കളുമായി ഹൈക്കമാൻഡ് ആശയവിനിമയം തുടങ്ങി. സംസ്ഥാനനേതൃത്വത്തെ സഹായിക്കാൻ മുതിർന്ന നേതാക്കളുടെ സംഘത്തെ എല്ലാം സംസ്ഥാനങ്ങളിലും അയയ്ക്കും. ചെറു പാർട്ടികളുമായി ആശയവിനിമയ ചാലുകൾ തുറന്നിടും. ബിഎസ്പി നേതാക്കളുമായും സംസാരിക്കാനാണ് തീരുമാനം.

അജിത് ജോഗിയുടെ പാർട്ടിയുമായി ബിജെപി നീക്കുപോക്കിന് ശ്രമിക്കുന്നുണ്ടെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. അനിവാര്യ ഘട്ടത്തിൽ കോടതിയെ സമീപിക്കാനുള്ള തയ്യാറെടുപ്പും കോൺഗ്രസ് തുടങ്ങി. മനു അഭിഷേക് സിംഗ്വിക്കാണ് ചുമതല. ബിജെപി പരസ്യമായി എന്തെങ്കിലും നീക്കങ്ങൾ തുടങ്ങിയിട്ടില്ല. തൂക്കുനിയമസഭയെങ്കിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ തന്നെ പാർട്ടി ഇടപെടൽ ഉണ്ടാകും എന്ന സൂചനയാണ് നേതാക്കൾ നല്‍കുന്നത്

click me!