ഛത്തീസ്ഗഡ് മുഖ്യമന്ത്രി ആര്; കോണ്‍ഗ്രസ് തീരുമാനം ഇന്നുണ്ടായേക്കും

By Web TeamFirst Published Dec 15, 2018, 6:33 AM IST
Highlights

 കോൺഗ്രസ് നിയമസഭാ കക്ഷിയോഗവും ഇന്ന് റായ്പൂരിൽ ചേരുന്നുണ്ട്. 90 അംഗ നിയമസഭയിൽ 68 സീറ്റും വിജയിച്ചാണ് കോൺഗ്രസ് ഛത്തീസ്ഗഡിൽ അധികാരമുറപ്പിച്ചത്

റായ്പൂര്‍: ഛത്തീസ്ഗഡ് മുഖ്യമന്ത്രി ആരെന്നതിൽ ഇന്ന് തീരുമാനമുണ്ടായേക്കും. പിസിസി അധ്യക്ഷൻ ഭൂപേഷ് ബാഗൽ, അമ്പികർപൂർ എംഎൽഎ ടി എസ് സിംഗ് ദിയോ എന്നിവരുടെ പേരുകളാണ് സജീവ പരിഗണനയിൽ. ഇരുവരുമായി ഇന്നലെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ചർച്ച നടത്തിയിരുന്നു.

കോൺഗ്രസ് നിയമസഭാ കക്ഷിയോഗവും ഇന്ന് റായ്പൂരിൽ ചേരുന്നുണ്ട്. 90 അംഗ നിയമസഭയിൽ 68 സീറ്റും വിജയിച്ചാണ് കോൺഗ്രസ് ഛത്തീസ്ഗഡിൽ അധികാരമുറപ്പിച്ചത്. അതേസമയം, അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് വിജയം നേടിയ മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ മുഖ്യമന്ത്രി സ്ഥാനങ്ങളില്‍ തീരുമാനമായിരുന്നു.

മധ്യപ്രദേശില്‍ കമല്‍നാഥും രാജസ്ഥാനില്‍ അശോക് ഗെഹ്‍ലോട്ടുമാണ് മുഖ്യമന്ത്രിമാര്‍. രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ പുതിയ ആവേശം കൊണ്ടു വന്ന സച്ചിന്‍ പെെലറ്റ് രാജസ്ഥാനില്‍ ഉപമുഖ്യമന്ത്രിയുമാകും. തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയതിന് പിന്നാലെ കാർഷിക കടങ്ങൾ എഴുതിത്തള്ളുമെന്ന വാ​ഗ്ദാനം കോൺ​ഗ്രസ് പാലിക്കാനൊരുങ്ങുകയാണ്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബിജെപിയെ പരാജയപ്പെടുത്തി അധികാരത്തിലേറിയ ഛത്തീസ്​ഗഡ്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ കാർഷിക കടങ്ങളാണ് എത്രയും വേ​ഗം എഴുതിത്തള്ളുമെന്ന് രാഹുൽ ​ഗാന്ധി പ്രഖ്യാപിച്ചത്. അധികാരം ലഭിച്ചാൽ‌ പത്ത് ദിവസത്തിനകം കാർഷിക കടങ്ങൾ എഴുതിത്തള്ളുമെന്ന് കോൺ​ഗ്രസ് മൂന്ന് സംസ്ഥാനങ്ങളിലും വാ​ഗ്ദാനം നൽകിയിരുന്നു. 

click me!