മധ്യപ്രദേശില്‍ സർക്കാരുണ്ടാക്കും, ബിഎസ്പിയുടെയും എസ്പിയുടെയും രണ്ട് സ്വതന്ത്രരുടേയും പിന്തുണയുണ്ടെന്ന് കോണ്‍ഗ്രസ്

By Web TeamFirst Published Dec 12, 2018, 9:12 AM IST
Highlights

അര്‍ധരാത്രി വരെ നീണ്ടു നിന്ന അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ മധ്യപ്രദേശും പിടിച്ച് കോണ്‍ഗ്രസ്. വോട്ടെടുപ്പിലെ അനിശ്ചിതത്വം അവസാനിക്കുന്നതു വരെ കാത്തിരിക്കാതെ നടത്തിയ അണിയറ നീക്കങ്ങള്‍ക്കൊടുവില്‍ മധ്യപ്രദേശില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ് ഗവര്‍ണറെ സമീപിച്ചു. 

ഭോപ്പാൽ: അര്‍ധരാത്രി വരെ നീണ്ടു നിന്ന അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ മധ്യപ്രദേശും പിടിച്ച് കോണ്‍ഗ്രസ്. വോട്ടെടുപ്പിലെ അനിശ്ചിതത്വം അവസാനിക്കുന്നതു വരെ കാത്തിരിക്കാതെ നടത്തിയ അണിയറ നീക്കങ്ങള്‍ക്കൊടുവില്‍ മധ്യപ്രദേശില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ് ഗവര്‍ണറെ സമീപിച്ചു. ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് അനുകൂല തരംഗം മധ്യപ്രദേശില്‍ ആഞ്ഞുവീശിയില്ലെങ്കിലും സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം കോണ്‍ഗ്രസിന് ഉണ്ട്.

സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ച്  പിസിസി അധ്യക്ഷൻ കമൽനാഥ് ഗവർണർക്ക് കത്ത് നൽകി. ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയില്‍ കോണ്‍ഗ്രസിന് സര്‍ക്കാര്‍ രൂപീകരണത്തിന് അവസരം നല്‍കണമെന്ന് കാണിച്ചാണ് കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയത്. എസ്പിയുടേയും ബിഎസ്പിയുടേയും ഒപ്പം  രണ്ട് സ്വതന്ത്രരുടേയും പിന്തുണയുണ്ടെന്ന് കോണ്‍ഗ്രസ് അവകാശവാദം ഉന്നയിച്ചു.

230 അംഗ നിയമസഭയില്‍ ഭരിക്കാന്‍ വേണ്ട 116 എന്ന മാന്ത്രികസഖ്യയിലെത്തിയിലെങ്കിലും ബിഎസ്‌പി, എസ്‌പി എന്നീ പാര്‍ട്ടികളുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാനാണ് കോണ്‍ഗ്രസ് നീക്കം. 114 സീറ്റുകളിലാണ് കോണ്‍ഗ്രസ് വിജയിച്ചത്.

കേവല ഭൂരിപക്ഷത്തിന് 116 സീറ്റ് വേണമെന്നിരിക്കെ രണ്ട് സീറ്റുള്ള ബിഎസ്പിയും ഒരു സീറ്റുള്ള എസ്പിയും കോണ്‍ഗ്രസിന് പിന്തുണയറിയിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്‍റെ അവകാശവാദ പ്രകാരം രണ്ട് സ്വതന്ത്രരുടെ പിന്തുണ കൂടിയുണ്ടെങ്കില്‍  119 എംഎല്‍എമാരുടെ പിന്തുണ കോണ്‍ഗ്രസിനുണ്ടാകും

അര്‍ധരാത്രി വരെ നീണ്ടു നിന്ന അനിശ്ചിതത്വത്തിനൊടുവില്‍ മധ്യപ്രദേശിലും കോണ്‍ഗ്രസ് അധികാരം പിടിച്ചതോടെ ഭോപ്പാലിലെ പി സി സി ആസ്ഥാനത്ത് ആഘോഷങ്ങള്‍ തുടരുകയാണ്. മുതിര്‍ന്ന നേതാവ് കമല്‍നാഥായിരിക്കും അടുത്ത മുഖ്യമന്ത്രി എന്നാണ് പുറത്തുവരുന്ന സൂചനകള്‍. 

ജ്യോതിരാദിത്യ സിന്ധ്യയുടെ പേരും ശക്തമായി ഉന്നയിക്കപ്പെടുന്നുണ്ടെങ്കിലും നിലവിലെ സാഹചര്യത്തില്‍ മുന്‍തൂക്കം കമല്‍നാഥിനാണ്. ഇക്കാര്യത്തില്‍ അന്തിമതീരുമാനം എടുക്കുക രാഹുല്‍ ഗാന്ധിയാവും എന്നതിനാല്‍ രാഹുലിന്‍റെ തീരുമാനത്തിനായി കാത്തിരിക്കുകയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.

click me!