കോണ്‍ഗ്രസിന്‍റെ വിജയം ചതിയിലൂടെ, നുണകള്‍ ഉടന്‍ വെളിച്ചത്ത് വരുമെന്നും യോഗി ആദിത്യനാഥ്

By Web TeamFirst Published Dec 13, 2018, 9:38 AM IST
Highlights

കോണ്‍ഗ്രസിന്‍റെ നുണകള്‍ ഉടന്‍ വെളിച്ചത്തുവരും. അത് തങ്ങളുടെ ഭാവി പോരാട്ടങ്ങളെ എളുപ്പമാക്കുമെന്നും ആദിത്യനാഥ് പറഞ്ഞു. 

പാറ്റ്ന: ബിജെപി ഭരിച്ചിരുന്ന മൂന്ന് സംസ്ഥാനങ്ങളും ജനവിധിയിലൂടെ തിരിച്ചുപിടിച്ച കോണ്‍ഗ്രസിന്‍റെ വിജയത്തില്‍ പ്രതികരണവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കോണ്‍ഗ്രസ് ചതിയിലൂടെയാണ് വിജയം സ്വന്തമാക്കിയതെന്നാണ് ആദിത്യനാഥിന്‍റെ പ്രതികരണം. കോണ്‍ഗ്രസിന്‍റെ നുണകള്‍ ഉടന്‍ വെളിച്ചത്തുവരും. അത് തങ്ങളുടെ ഭാവി പോരാട്ടങ്ങളെ എളുപ്പമാക്കുമെന്നും ആദിത്യനാഥ് പറഞ്ഞു. 

പാറ്റ്നയിലെ മഹാവീര്‍ ക്ഷേത്രത്തില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ആദിത്യനാഥിന്‍റെ പ്രതികരണം. ചത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍, തെലങ്കാന സംസ്ഥാനങ്ങളില്‍ പ്രധാന തെരഞ്ഞെടുപ്പ് പ്രചാരകനായിരുന്നു യുപി മുഖ്യമന്ത്രി. ജനാധിപത്യത്തില്‍ ജയവും തോല്‍വിയും സ്വാഭാവികമാണ്. സവിനയം അതി അംഗീകരിക്കേണ്ടിയിരിക്കുന്നു. എന്നാല്‍ തങ്ങള്‍ ജയിക്കുമ്പോള്‍ വോട്ടിംഗ് മെഷീനെ കുറ്റപ്പെടുത്തുന്ന എതിരാളികള്‍ അവരുടെ വിജയം വരുമ്പോള്‍ ഇരട്ടത്താപ്പാണ് കാണിക്കുന്നത്. 

അതേസമയം എന്തെല്ലാം ചെയ്യരുതെന്ന പാഠം തന്നെ പഠിപ്പിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. ''മോദിയ്ക്ക് വലിയ അവസരമാണ് ലഭിച്ചത്. എന്നിട്ടും രാജ്യത്തിന്‍റെ ഹൃദയമിടിപ്പ് കേള്‍ക്കാന്‍ അദ്ദേഹം ശ്രമിച്ചില്ലെന്നത് ദുഃഖകരമാണ്. വളറെ ചെറിയ വിജയം മാത്രമാണ് ഇത്. പക്ഷേ ഒരിക്കലും മോശമല്ല, നല്ലത് തന്നെയാണ്'' തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്‍റെ വിജയത്തിന് പിന്നാലെ രാഹുല്‍ പറഞ്ഞു. 

ചത്തീസ്ഗഡില്‍ വലിയ വിജയം നേടിയ കോണ്‍ഗ്രസ് രാജസ്ഥാനിലും 15 വര്‍ഷത്തിന് ശേഷം മധ്യപ്രദേശിലും ഭരണം തിരിച്ചുപിടിയ്ക്കുകയായിരുന്നു. 
മൂന്ന് സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരെ തെരഞ്ഞെടുക്കുക എന്നതാണ് കോണ്‍ഗ്രസിന് മുന്നില്‍ ഇനിയുള്ള വെല്ലുവിളി. എന്നാല്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്നെ മുഖ്യമന്ത്രിമാരെ തീരുമാനിക്കട്ടെ എന്നാണ് അതത് സംസ്ഥാനങ്ങളിലെ നേതാക്കളുടെ കൂട്ടായ തീരുമാനം. സംസ്ഥാനത്തിന് വേണ്ടി വടംവലി നടത്തി ബിജെപിയെ തകര്‍ത്ത് സ്വന്തമാക്കിയ തെരഞ്ഞെടുപ്പ് വിജയത്തിന്‍റെ മൂല്യം കളയരുതെന്ന പ്രവര്‍ത്തകരുടെ മനോവികാരത്തിനും നേതൃത്വം പ്രാധാന്യം നല്‍കുന്നുണ്ട്.

click me!