വോട്ടെണ്ണൽ രാത്രി 12 മണിവരെ തുടരാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ; മധ്യപ്രദേശില്‍ വീണ്ടും അനിശ്ചിതത്വം

By Web TeamFirst Published Dec 11, 2018, 9:08 PM IST
Highlights

നേരത്തെ പത്ത് മണി വരെ വോട്ടെണ്ണലാകാമെന്ന് മുഖ്യ തെരഞ്ഞെടുപ്പ്  കമ്മീഷണർ  വ്യക്തമാക്കിയിരുന്നു. എന്നാല്‍ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തില്‍ രാത്രി 12 വരെ വോട്ടെണ്ണല്‍ തുടരാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

ദില്ലി: അത്യന്തം നാടകീയവും ഉത്കണ്ഠയും നിറഞ്ഞ നിമിഷങ്ങളിലൂടെയാണ് മധ്യപ്രദേശിലെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്. രണ്ട് പതിറ്റാണ്ടിന് ശേഷം മധ്യപ്രദേശിന്റെ എല്ലാ മേഖലകളിലും ആധിപത്യം ഉറപ്പിച്ച്  കോൺഗ്രസ് നടത്തിയ മുന്നേറ്റത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. രാത്രി വൈകിയിട്ടും മുന്നിലും പിന്നിലുമായി ബിജെപിയും കോണ്‍ഗ്രസും ഇഞ്ചോടിഞ്ച് പോരാട്ടും തുടരുന്നു. നേരത്തെ പത്ത് മണി വരെ വോട്ടെണ്ണലാകാമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തില്‍ രാത്രി 12 വരെ വോട്ടെണ്ണല്‍ തുടരാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

രാത്രി ഒന്‍പത് മണി പിന്നിടുമ്പോഴും മുന്നിലും പിന്നിലുമായി കോൺഗ്രസും ബിജെപിയും പോരാട്ടം തുടരുകയാണ്. ഒടുവിൽ ബിജെപിയെ കടത്തിവെട്ടി കേവല ഭൂരിപക്ഷത്തിലേക്ക് കോൺഗ്രസ് മുന്നേറുമെന്ന സൂചനകളാണ് ഫലം നല്‍കുന്നത്. നേരിയ ഭൂരിപക്ഷത്തിലാണെങ്കിലും ബിജെപി കോട്ടകളായിരുന്ന ചമ്പൽ, ബുന്ദേൽകണ്ഡ്, മാൾവ മേഖലകളിലെല്ലാം കോൺഗ്രസ് ബിജെപിയെ പിടിച്ചുകുലുക്കിയിട്ടുണ്ട്.

ആദിവാസി ദളിത് വിഭാഗങ്ങൾക്കൊപ്പം കർഷകരുടെ വലിയ പിന്തുണയും ഇത്തവണ കോൺഗ്രസിന് കിട്ടിയെന്നാണ് വിലയിരുത്തുന്നത്. കാർഷിക വായ്പകൾ എഴുതി തള്ളുമെന്ന രാഹുൽഗാന്ധിയുടെ വാഗ്ദാനം കർഷകരെ കോൺഗ്രസിലേക്ക് അടുപ്പിച്ചുവെന്നാണ് സൂചന. കാർഷിക മേഖലയായ മാൾവ ബെൽറ്റിലെ 66 സീറ്റിൽ ബിജെപി സീറ്റുകളിൽ ഭൂരിഭാഗവും കോൺഗ്രസ് പിടിച്ചിട്ടുണ്ട്. 

click me!