5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം നാളെ; എക്സിറ്റ് പോളിൽ പ്രതീക്ഷയർപ്പിച്ച് കോൺഗ്രസ്

By Web TeamFirst Published Dec 10, 2018, 8:35 AM IST
Highlights

അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിന്റെ ജനവിധി നാളെയറിയാം. രാവിലെ എട്ടരയോടെ ആദ്യ ഫലസൂചനകൾ വ്യക്തമാകുമെന്നാണ് സൂചന.

ദില്ലി: അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിന്റെ ജനവിധി നാളെയറിയാം. രാവിലെ എട്ടരയോടെ ആദ്യ ഫലസൂചനകൾ വ്യക്തമാകുമെന്നാണ് സൂചന. എക്സിറ്റ് പോൾ ഫലങ്ങളുടെ പ്രതീക്ഷയിലാണ് പാർട്ടികളെല്ലാം.  എന്നാല്‍ എക്സിറ്റ് പോളിൽ കോൺഗ്രസ് പ്രതീക്ഷയർപ്പിക്കുമ്പോൾ, ബിജെപി ആശങ്കയിലാണ്. 

ഛത്തീസ്ഗഡിൽ ബിജെപി പ്രതീക്ഷിച്ച മുൻതൂക്കം നേടില്ല എന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ നൽകുന്ന സൂചന. അജിത് ജോഗിയുടെ മൂന്നാം മുന്നണി നിർണ്ണായകമായേക്കാം എന്ന സൂചനയും എക്സിറ്റ് പോൾ ഫലങ്ങൾ നൽകുന്നുണ്ട്. അഞ്ച് എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നപ്പോൾ അതിൽ മൂന്നെണ്ണവും കോൺഗ്രസിനാണ് മുൻതൂക്കം പ്രവചിക്കുന്നത്. ഛത്തീസ്ഗഡിൽ 46 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.

ആകെ ഇരുന്നൂറ് സീറ്റുകളാണ് രാജസ്ഥാന്‍ നിയമസഭയില്‍ ഉള്ളത്. കേവലഭൂരിപക്ഷത്തിന് 101 സീറ്റുകള്‍ വേണം.  2013-ല്‍ 163 സീറ്റുകള്‍ നേടി വന്‍ഭൂരിപക്ഷത്തിലാണ് ബിജെപി സംസ്ഥാനത്ത് അധികാരത്തിലെത്തിയത്. എന്നാല്‍  പുറത്തു വന്ന എക്സിറ്റ് പോള്‍ ഫലങ്ങളിലേറെയും 105 മുതല്‍ 120 വരെ സീറ്റുകള്‍  കോണ്‍ഗ്രസ് ജയിക്കുമെന്നാണ് പ്രവചിക്കുന്നത്. 

മധ്യപ്രദേശിൽ കോൺഗ്രസിന് മുൻതൂക്കം പ്രവചിച്ച് മൂന്ന് പ്രധാന എക്സിറ്റ് പോളുകൾ പുറത്ത് വന്നിരുന്നു. 15 വർഷത്തെ ശിവ്‍രാജ് സിംഗ് ചൗഹാന്‍റെ ഭരണത്തിന് അവസാനം കുറിച്ച് കോൺഗ്രസ് അധികാരത്തിൽ വരുമെന്നാണ് ഇന്ത്യാ ടുഡേ, എബിപി, റിപ്പബ്ലിക് എക്സിറ്റ് പോളുകൾ പ്രവചിയ്ക്കുന്നത്. എന്നാൽ ടൈംസ് നൗ എക്സിറ്റ് പോൾ ബിജെപിയ്ക്ക് ഭരണത്തുടർച്ചയുണ്ടാകുമെന്നാണ് പറയുന്നത്. 

 

പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങളുടെ രത്നച്ചുരുക്കം ഇങ്ങനെയാണ്

  • രാജസ്ഥാൻ: കോൺഗ്രസിന് എല്ലാ എക്സിറ്റ് പോളുകളും മുൻതൂക്കം പ്രവചിക്കുന്നു
  • മധ്യപ്രദേശ്: ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. കോൺഗ്രസിന് നേരിയ മുൻതൂക്കം
  • ഛത്തീസ്ഗഢ്: പ്രതീക്ഷിച്ച മുൻതൂക്കം ബിജെപിയ്ക്കില്ല, കോൺഗ്രസിന് മുൻതൂക്കം, ആര് ജയിക്കുമെന്ന കാര്യത്തിൽ എക്സിറ്റ് പോളുകളിൽ ഭിന്നതയുണ്ട്
  • തെലങ്കാന: ഇന്ത്യാ ടുഡേ സർവേ തെലങ്കാന രാഷ്ട്രസമിതി തൂത്തുവാരുമെന്നാണ് പറയുന്നത്
  • മിസോറാം: സീവോട്ടർ സർവേ തൂക്ക് സഭ പ്രവചിക്കുന്നു, മിസോ നാഷണൽ ഫ്രണ്ട് നേട്ടമുണ്ടാക്കും.
click me!