മൂന്ന് സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസിന്‍റെ വിജയത്തില്‍ സന്തുഷ്ടയെന്ന് സോണിയ ഗാന്ധി

By Web TeamFirst Published Dec 12, 2018, 2:39 PM IST
Highlights

ബിജെപിയുടെ നിഷേധ രാഷ്ട്രീയത്തിനെതിരെയുള്ള വിജയമാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്ന് സോണിയ ഗാന്ധി

ദില്ലി: ബിജെപി ഭരിക്കുന്ന മൂന്ന് സംസ്ഥാനങ്ങള്‍ പിടിച്ചെടുത്ത കോണ്‍ഗ്രസ് ആഘോഷത്തിലാണ്. 3-0 ന് വിജയിച്ചതില്‍ താന്‍ സന്തുഷ്ടയാണെന്നാണ് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ പ്രതികരണം. ബിജെപിയുടെ നിഷേധ രാഷ്ട്രീയത്തിനെതിരെയുള്ള വിജയമാണെന്നും സോണിയ വ്യക്തമാക്കി. 

അതേസമയം എന്തെല്ലാം ചെയ്യരുതെന്ന പാഠം തന്നെ പഠിപ്പിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രതികരിച്ചു. ''മോദിയ്ക്ക് വലിയ അവസരമാണ് ലഭിച്ചത്. എന്നിട്ടും രാജ്യത്തിന്‍റെ ഹൃദയമിടിപ്പ് കേള്‍ക്കാന്‍ അദ്ദേഹം ശ്രമിച്ചില്ലെന്നത് ദുഃഖകരമാണ്. വളറെ ചെറിയ വിജയം മാത്രമാണ് ഇത്. പക്ഷേ ഒരിക്കലും മോശമല്ല, നല്ലത് തന്നെയാണ്'' തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്‍റെ വിജയത്തിന് പിന്നാലെ രാഹുല്‍ പറഞ്ഞു. 

'കാവല്‍ക്കാരന്‍ കള്ളനാണ്' എന്ന് ആവര്‍ത്തിച്ചാണ് മോദിയ്ക്കെതിരെ അഞ്ച് സംസ്ഥാനങ്ങളിലും രാഹുല്‍ പ്രചാരണം നടത്തിയത്. മോശമായി ഒരു വാക്കുപോലും താന്‍ ഉപയോഗിച്ചിട്ടില്ല. യുവാക്കള്‍ മോദിയെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തത് ജോലി ചെയ്യാനാണ്. എന്നാല്‍ എതിരാളികളോട് പിടിച്ചുനില്‍ക്കാന്‍ തളര്‍ന്ന മോദിയ്ക്ക് കഴിഞ്ഞില്ലെന്നും രാഹുല്‍ വ്യക്തമാക്കി.

തെലങ്കാനയിലും മിസോറാമിലും കാര്യമായ മുന്നേറ്റം നടത്താന്‍ കോണ്‍ഗ്രസിനായില്ലെങ്കിലും ബിജെപി ഭരിച്ചിരുന്ന മധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തീസ്ഖ‍ഡ് എന്നീ സംസ്ഥാനങ്ങള്‍ തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞു. കഴിഞ്ഞ 15 വര്‍ഷമായി ബിജെപിയുടെ ഭരണത്തിലാണ് ചത്തീസ്ഗഡും മധ്യപ്രദേശും. ഇരു സംസ്ഥാനങ്ങളിലും ഉടലെടുത്ത ഭരണവിരുദ്ധ വികാരം വോട്ടാക്കാന്‍ സാധിച്ചതാണ് കോണ്‍ഗ്രസിന്‍റെ വിജയത്തിന് പിന്നില്‍. 

click me!