പശുക്കൾക്ക് വോട്ടില്ല; ഇന്ത്യയിലെ ആദ്യ പശു മന്ത്രിക്ക് രാജസ്ഥാനിൽ ദയനീയ പരാജയം

By Web TeamFirst Published Dec 12, 2018, 11:47 AM IST
Highlights

മന്ത്രി ആയതിന് ശേഷം സംസ്ഥാനത്തെ പത്താം ക്ലാസ് പാഠപുസ്തകത്തില്‍ പശുക്കളെ കുറിച്ചുള്ള ഭാഗം ഉള്‍പ്പെടുത്തിയത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

ജയ്പൂർ: ഗോ സംരക്ഷണത്തിന് മുറവിളി കൂട്ടുന്നവർക്ക് തിരിച്ചടി നൽകി രാജ്യത്തെ ആദ്യ പശു മന്ത്രി ഒട്ടാറാം ദേവാസിക്ക്  ദയനീയ പരാജയം. രാജസ്ഥാനിലെ സിരോഹി മണ്ഡലത്തിൽ നിന്നും മത്സരിച്ച അദ്ദേഹം 10,253 വോട്ടുകള്‍ക്ക് സ്വതന്ത്ര സ്ഥാനാർത്ഥിയായ സന്യാം ലോധയോടാണ് പരാജയം ഏറ്റുവാങ്ങിയത്. 2013ലാണ് വസുന്ധരെ രാജെ സിന്ധ്യ മന്ത്രിസഭയിൽ ഇദ്ദേഹത്തെ പശു മന്ത്രിയായി നിയമിച്ചത്.

പാലി ജില്ലയിലെ മുന്ദാര ഗ്രാമത്തിൽ നിന്നുള്ളയാളാണ് ഒട്ടാറാം. രാജസ്ഥാൻ പൊലിസിൽ ജോലി ചെയ്തിട്ടുള്ള അദ്ദേഹം ആരോഗ്യ കാരണങ്ങളാൽ ജോലി ഉപേക്ഷിച്ചെന്ന് അദ്ദേഹത്തിന്റെ വെബ്സൈറ്റില്‍ പറയുന്നു. മന്ത്രി ആയതിന് ശേഷം സംസ്ഥാനത്തെ പത്താം ക്ലാസ് പാഠപുസ്തകത്തില്‍ പശുക്കളെ കുറിച്ചുള്ള ഭാഗം ഉള്‍പ്പെടുത്തിയത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. പത്താം ക്ലാസിലെ ഹിന്ദി പുസ്തകത്തിലാണ് പശുവിനെ ഗോമാതാവാക്കി ചിത്രീകരിച്ചത്. മക്കള്‍ ആയ വിദ്യാര്‍ഥികള്‍ക്ക് അമ്മയായ പശു എഴുതുന്ന കത്തായാണ് ഈ പാഠഭാഗം അവതരിപ്പിച്ചിരുന്നത്. 

വിദ്യാര്‍ഥികളെ പുത്രന്‍മാരെ, പുത്രിമാരെ എന്ന് അഭിസംബോധന ചെയ്ത് തുടങ്ങുന്ന അധ്യായത്തില്‍ ഹിന്ദു ദൈവങ്ങള്‍ക്കൊപ്പം പശുവിന്‍റെ വലിയ ചിത്രവും നല്‍കിയിരിക്കുന്നു. പശുക്കൾക്ക് വോട്ടില്ലെന്ന് മനസ്സിലാക്കണം എന്ന് പറഞ്ഞ് കൊണ്ടുള്ള ട്രോളുകൽ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമാണ്.  രാജസ്ഥാനിൽ ബി ജെ പിയെ പരാജയപ്പെടുത്തി കോൺഗ്രസ് സർക്കാർ രൂപീകരിക്കാൻ ഒരുങ്ങുകയാണ്. 

click me!