ബിജെപിക്ക് എം എം മണിയുടെ 'പാഠം ഒന്ന്'; പശു പാലും ചാണകവും തരും, വോട്ട് തരില്ല

By Web TeamFirst Published Dec 12, 2018, 9:50 PM IST
Highlights

ബിജെപിക്ക് ഏറ്റ ശക്തമായ തിരിച്ചടി വരാന്‍ പോകുന്ന പാര്‍ലമെന്‍റ്  തെരഞ്ഞെടുപ്പിന്‍റെ സൂചനയായി കാണണമെന്നും മണി ഫേസ്ബുക്കില്‍ കുറിച്ചു

ഇടുക്കി: ലോക്സഭ പോരാട്ടത്തിന്‍റെ സെമി ഫെെനലെന്ന് വിശേഷിക്കപ്പെട്ട അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭ തെരഞ്ഞെടുപ്പുകളില്‍ വമ്പന്‍ തോല്‍വിയേറ്റ് വാങ്ങിയ ബിജെപിക്ക് പാഠം ഉപദേശിച്ച് എം എം മണി. പശു പാലും ചാണകവും മൂത്രവും തരുമെന്നും പക്ഷേ, വോട്ട് നല്‍കില്ലെന്ന പാഠമാണ് മണി ഉപദേശിക്കുന്നത്.

ബിജെപിക്ക് ഏറ്റ ശക്തമായ തിരിച്ചടി വരാന്‍ പോകുന്ന പാര്‍ലമെന്‍റ്  തെരഞ്ഞെടുപ്പിന്‍റെ സൂചനയായി കാണണമെന്നും മണി ഫേസ്ബുക്കില്‍ കുറിച്ചു. കോൺഗ്രസിന് ഈ തെരഞ്ഞെടുപ്പിൽ മെച്ചപ്പെട്ട നേട്ടമാണ് ഉണ്ടായിരിക്കുന്നത്. എന്നാൽ, കഴിഞ്ഞ കാലഘട്ടത്തിന്റെ ചരിത്രം ഓർമ്മിക്കുന്നത് നല്ലതാണെന്ന് കോണ്‍ഗ്രസിനോടും സംസ്ഥാന വെെദ്യുതി മന്ത്രി പറഞ്ഞു.

തെലങ്കാനയിലും മിസോറാമിലും കാര്യമായ മുന്നേറ്റം നടത്താന്‍ കോണ്‍ഗ്രസിനായില്ലെങ്കിലും ബിജെപി ഭരിച്ചിരുന്ന മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങള്‍ തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നു. കഴിഞ്ഞ 15 വര്‍ഷമായി ബിജെപിയുടെ ഭരണത്തിലുള്ള ചത്തീസ്ഗഡും മധ്യപ്രദേശും വീണ്ടും സ്വന്തമാക്കാനായത് ലോക്സഭ തെരഞ്ഞെടുപ്പിലേക്ക് ഒരുങ്ങാനുള്ള ആത്മവിശ്വാസം രാഹുല്‍ ഗാന്ധിക്കും സംഘത്തിനും നല്‍കും.

ഭരണത്തിലിരുന്ന മൂന്ന് സംസ്ഥാനങ്ങള്‍ നഷ്ടപ്പെട്ടതിന്‍റെ അങ്കലാപ്പിലാണ് ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദി, ദേശീയ അധ്യക്ഷന്‍ അമിത് ഷാ, ഉത്തര്‍പ്രദേശ് മുഖ്യന്‍ യോഗി ആദിത്യനാഥ് എന്നിങ്ങനെ പാര്‍ട്ടിയിലെ വമ്പന്മാര്‍ പ്രചാരണത്തിന് എത്തിയിട്ടും ഒരു സംസ്ഥാനം പോലും പിടിക്കാനായില്ലെന്നത് ബിജെപി അണികളെ നിരാശരാക്കിയിട്ടുണ്ട്. 

എം എം മണിയുടെ പോസ്റ്റിന്‍റെ പൂര്‍ണ രൂപം

#പാഠം #ഒന്ന്:
#പശു #പാൽ #തരും,#ചാണകവും #മൂത്രവും #തരും
#പക്ഷേ, #വോട്ട് #തരില്ല !

മദ്ധ്യപ്രദേശ്, രാജസ്ഥാൻ തുടങ്ങി അഞ്ചു സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പി.ക്കേറ്റ ശക്തമായ തിരിച്ചടി വരാൻ പോകുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ സൂചനയായി കാണണം. ഇതിനെ ഏതൊരു പുരോഗമനവാദിക്കും സ്വാഗതം ചെയ്യാവുന്നതാണ്. കോൺഗ്രസിന് ഈ തെരഞ്ഞെടുപ്പിൽ മെച്ചപ്പെട്ട നേട്ടമാണ് ഉണ്ടായിരിക്കുന്നത്. എന്നാൽ, കഴിഞ്ഞ കാലഘട്ടത്തിന്റെ ചരിത്രം ഓർമ്മിക്കുന്നത് നല്ലതാണ്. കോൺഗ്രസിന് എത്രയോ വലിയ ശക്തി ഉണ്ടായിരുന്നു കഴിഞ്ഞകാലത്ത് . അതെല്ലാം നഷ്ടപ്പെടാനിടയായത് എന്തുകൊണ്ടാണെന്ന് കോൺഗ്രസ്സിനകത്ത് ഗൗരവമായി ചിന്തിക്കുന്നത് നന്നായിരിക്കും.

click me!