എന്ത് ചെയ്യരുതെന്ന പാഠം തന്നെ പഠിപ്പിച്ചത് മോദിയെന്ന് രാഹുല്‍ ഗാന്ധി

By Web TeamFirst Published Dec 12, 2018, 9:56 AM IST
Highlights

എന്നാണോ മോദിയെ തെരഞ്ഞെടുത്തത്, അതിനൊപ്പം തൊഴിലില്ലായ്മ, അഴിമതി തുടങ്ങിയവയും തെരഞ്ഞെടുക്കുകയായിരുന്നു. പ്രധാനമന്ത്രിയും അഴിമതിയില്‍ മുങ്ങിയിരിക്കുകയാണെന്ന് ജനങ്ങള്‍ വിശ്വസിക്കുന്നു. ഇതാണ് അവരുടെ പരാജയത്തിന് കാരണമെന്നും രാഹുല്‍

ദില്ലി: എന്തെല്ലാം ചെയ്യരുതെന്ന പാഠം തന്നെ പഠിപ്പിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ''മോദിയ്ക്ക് വലിയ അവസരമാണ് ലഭിച്ചത്. എന്നിട്ടും രാജ്യത്തിന്‍റെ ഹൃദയമിടിപ്പ് കേള്‍ക്കാന്‍ അദ്ദേഹം ശ്രമിച്ചില്ലെന്നത് ദുഃഖകരമാണ്. വളറെ ചെറിയ വിജയം മാത്രമാണ് ഇത്. പക്ഷേ ഒരിക്കലും മോശമല്ല, നല്ലത് തന്നെയാണ്'' തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്‍റെ വിജയത്തിന് പിന്നാലെ രാഹുല്‍ പറഞ്ഞു. 

'കാവല്‍ക്കാരന്‍ കള്ളനാണ്' എന്ന് ആവര്‍ത്തിച്ചാണ് മോദിയ്ക്കെതിരെ അഞ്ച് സംസ്ഥാനങ്ങളിലും രാഹുല്‍ പ്രചാരണം നടത്തിയത്. മോശമായി ഒരു വാക്കുപോലും താന്‍ ഉപയോഗിച്ചിട്ടില്ല. യുവാക്കള്‍ മോദിയെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തത് ജോലി ചെയ്യാനാണ്. എന്നാല്‍ എതിരാളികളോട് പിടിച്ച് നില്‍ക്കാന്‍ തളര്‍ന്ന മോദിയ്ക്ക് കഴിഞ്ഞില്ലെന്നും രാഹുല്‍ വ്യക്തമാക്കി.

''2014ലെ തെരഞ്ഞെടുപ്പാണ് എനിക്ക് ലഭിച്ച ഏറ്റവും നല്ല കാര്യമെന്ന് ഞാന്‍ അമ്മയോട് പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പില്‍നിന്ന് ഒരുപാട് പഠിച്ചു. വിനയമാണ് ഏറ്റവും വലിയതെന്നും ഞാന്‍ പഠിച്ചു''  രാഹുല്‍ പറഞ്ഞു. 

എന്നാണോ മോദിയെ തെരഞ്ഞെടുത്തത്, അതിനൊപ്പം തൊഴിലില്ലായ്മ, അഴിമതി, തുടങ്ങിയവയും തെരഞ്ഞെടുക്കുകയായിരുന്നു. പ്രധാനമന്ത്രിയും അഴിമതിയില്‍ മുങ്ങിയിരിക്കുകയാണെന്ന് ജനങ്ങള്‍ വിശ്വസിക്കുന്നു. ഇതാണ് അവരുടെ പരാജയത്തിന് കാരണം. കോണ്‍ഗ്രസിന്‍റെ വിജയത്തിന്‍റെ ഉത്തരവാദിത്വം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നല്‍കിയ രാഹുല്‍ അവരെ 'സിംഹങ്ങള്‍' എന്നാണ് വിശേഷിപ്പിച്ചത്. മുഖ്യമന്ത്രിമാരെ തെരഞ്ഞെടുക്കുന്നത് അത്രവലിയ പ്രശ്നമല്ലെന്നും രാഹുല്‍ പറഞ്ഞു. 

പാര്‍ട്ടിയുടെ തോല്‍വിയില്‍ ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു രാഹുല്‍. എന്നാല്‍ കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേറ്റ് ഒരു വര്‍ഷം പൂര്‍ത്തിയാക്കുമ്പോഴാണ് ഹിന്ദി ഹൃദയഭൂമിയിലടക്കം ബിജെപിയെ പരാജയപ്പെടുത്തിയിരിക്കുന്നത്. 

click me!