എം ബി രാജേഷിന് മൂന്നാമൂഴമുണ്ടാകില്ല; ഷാഫി പറമ്പിലിനെ നിര്‍ത്തി മണ്ഡലം പിടിക്കാന്‍ കോണ്‍ഗ്രസ്

By Web TeamFirst Published Dec 15, 2018, 11:24 AM IST
Highlights

സീറ്റ് തിരിച്ചു പിടിച്ച് സ്ഥാനാര്‍ത്ഥിയാകാനാണ് ഡിസിസി പ്രസിഡണ്ട് വികെ ശ്രീകണ്ഠന്റെ നീക്കം. എന്നാല്‍ ഷാഫി പറമ്പിലിനെ നിര്‍ത്തി ബലപരീക്ഷണം നടത്തണമെന്ന അഭിപ്രായം കോണ്‍ഗ്രസില്‍ ശക്തമാണ്.

പാലക്കാട്: പാലക്കാട് എം ബി രാജേഷിന് മൂന്നാമൂഴമുണ്ടാകില്ലെന്ന് റിപ്പോര്‍ട്ട്. ശശി വിവാദത്തിന് ശേഷം ഉള്‍പ്പാര്‍ട്ടി തര്‍ക്കങ്ങള്‍ കൂടി രൂക്ഷമായ സാഹചര്യത്തിലാണിത്. സീറ്റ് തിരിച്ചു പിടിച്ച് സ്ഥാനാര്‍ത്ഥിയാകാനാണ് ഡിസിസി പ്രസിഡണ്ട് വികെ ശ്രീകണ്ഠന്റെ നീക്കം. എന്നാല്‍ ഷാഫി പറമ്പിലിനെ നിര്‍ത്തി ബലപരീക്ഷണം നടത്തണമെന്ന അഭിപ്രായം കോണ്‍ഗ്രസില്‍ ശക്തമാണ്.

പികെ ശശിക്കെതിരെ ഉണ്ടായ നീക്കങ്ങളും നടപടിയും പാലക്കാട് ജില്ലയിലെ സിപിഎം ഔദ്യോഗികപക്ഷത്തെ രണ്ട് ചേരിയിലാക്കിയിരിക്കുകയാണ്. എം ബി രാജേഷടക്കമുള്ളവരുടെ പിന്തുണയോടെയാണെനന്ന് ശശിക്കെതിരെ പെണ്‍കുട്ടി പരാതിയുയര്‍ത്തിയതെന്ന ആരോപണം പലരും പാര്‍ട്ടിവേദികളിലുന്നയിക്കുന്നുണ്ട്. പാര്‍ട്ടിയുടെയും ഡിവൈഎഫ്ഐയുടേയും ജില്ലാ നേതൃത്വങ്ങള്‍ ശശിക്കൊപ്പം നിലകൊണ്ടതോടെ പെണ്‍കുട്ടിക്ക് വേണ്ടി നിലപാടെടുത്ത എംബി രാജേഷിനെയും എം ഹംസയെയും അവര്‍ ശത്രുക്കളായി പ്രഖ്യാപിച്ചു. അത് കൊണ്ട് തന്നെ രാജേഷിന് മൂന്നാമതൊരൂഴം നല്‍കാതിരിക്കാനുള്ള എല്ലാ നീക്കങ്ങളും അവര്‍ നടത്തുന്നുണ്ട്. രണ്ട് തവണ എം പി ആയെന്ന ന്യായവാദം ആകും രാജേഷിനെ ഒഴിവാക്കാന്‍ പരസ്യമായി നിരത്തുക.

രാജേഷിന് പകരം ഡിവൈഎഫ്ഐ ജില്ലാസെക്രട്ടറിയും പികെശശിയുടെ വലം കൈയുമായ കെ പ്രേംകുമാറിന്റെ പേരാകും ജില്ലാ നേതൃത്വം നിര്‍ദ്ദേശിക്കുക.എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്റെ പേരും ഉയര്‍ന്നേക്കാന്‍ സാധ്യതയുണ്ട്.

91ല്‍ വിഎസ് വിജയരാഘവന് ശേഷം ഒരിക്കല്‍ പോലും പാലക്കാട്ട് യുഡിഎഫ് പച്ച തൊട്ടിട്ടില്ല. 2014ല്‍ വീരേന്ദ്രകുമാറ്‍ യുഡിഎഫ് സ്ഥാനാര്‍‍ത്ഥിയായപ്പോള്‍ ഒരു ലക്ഷത്തിഅയ്യായിരത്തിലേറെ വോട്ടുകള്‍ക്കാണ് ദയനീയമായി തോറ്റത്. ഇത്തവണ സീറ്റ് തിരിച്ചു പിടിക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം. ഡിസിസി പ്രസിഡണ്ട് വികെ ശ്രീകണ്ഠന്‍ സീറ്റിനായി രംഗത്തുണ്ട്. സിറ്റിംഗ് എംഎല്‍എ ഷാഫി പറമ്പിലിന്റെ ജനകീയത ഉപയോഗപ്പെടുത്തി മണ്ഡലം തിരിച്ചു പിടിക്കാനാകുമെന്നാണ് പല സംസ്ഥാനനേതാക്കളുടെയും കണക്കുകൂട്ടല്‍. എം ബി രാജേഷല്ല മല്‍സരിക്കുന്നതെങ്കില്‍ ദേശീയതലത്തില്‍ കോണ്‍ഗ്രസിന് അനുകൂലമായ കാറ്റ് പാലക്കാട്ടെയും ജനവിധി മാറ്റുമെന്നവര്‍ കരുതുന്നു.

click me!