'താമരയുടെ തണ്ടൊടിച്ച ഇന്ദിരാഗാന്ധിയുടെ മൂന്നാമത്തെ മകൻ , കമൽനാഥ്...'

By Web TeamFirst Published Dec 13, 2018, 11:32 AM IST
Highlights

മധ്യപ്രദേശിലെ തെരഞ്ഞെടുപ്പിന്  വെറും എട്ടുമാസം മുമ്പാണ് കമൽ നാഥ് മധ്യപ്രദേശ് കോൺഗ്രസ്സ് കമ്മിറ്റിയുടെ തലവനാവുന്നത്. അദ്ദേഹം സംസ്ഥാനത്തെ ന്യൂനപക്ഷ വോട്ടുകൾ ചോരാതിരിക്കാൻ നടത്തിയ ഉന്നം വെച്ചുള്ള പ്രചാരണങ്ങൾ ബിജെപി വിവാദമാക്കിയെങ്കിലും കോൺഗ്രസ്സ് വോട്ടുകളൊന്നും ചോരാതെ അനുകൂലമായൊരു തെരഞ്ഞെടുപ്പുഫലം പാർട്ടിക്ക് നേടിക്കൊടുക്കാൻ കമൽനാഥിനായിട്ടുണ്ട്


ഇന്ദിരാഗാന്ധി ഒരിക്കൽ മധ്യപ്രദേശിലെ ചിന്ദ്വാഡാ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോൾ  പ്രസംഗത്തിൽ ഇങ്ങനെ പറഞ്ഞു, " കമൽനാഥ് എന്റെ മൂന്നാമത്തെ മകനെപ്പോലെയാണ്.. നിങ്ങളെല്ലാവരും അയാൾക്ക് വോട്ടുചെയ്യണം.. "  ഇന്ദിരാ ഗാന്ധി പറഞ്ഞത് വെറുതെയല്ലായിരുന്നു. ഇന്ദിരയുടെ മകൻ സഞ്ജയിന്റെ കളിക്കൂട്ടുകാരനായിരുന്നു കമൽനാഥ്.

അവർ ഡെറാഡൂണിലെ  പ്രസിദ്ധമായ ഡൂൺ സ്‌കൂളിൽ സഹപാഠികളായിരുന്നു. കമൽനാഥിനെപ്പറ്റി പറഞ്ഞു കേൾക്കുന്ന ഒരു സ്വകാര്യ ഫലിതമുണ്ട് : " മൂന്നു കാര്യങ്ങളാണ് കമൽനാഥിൽ കഴിഞ്ഞ മുപ്പതുവർഷമായി  മാറാതെ ഇരിക്കുന്നത് -  ഒന്ന്, ച്യൂയിങ്ങ് ഗം, രണ്ട്, തീപ്പെട്ടിക്കൂടിന്റെ കളക്ഷൻ, മൂന്ന്, സഞ്ജയ് ഗാന്ധിയോടുള്ള കൂറ്.. " അന്നത്തെ ഒരു മുദ്രാവാക്യം തന്നെ ഇങ്ങനെയാണ്.." ഇന്ദിരാ ഗാന്ധി കെ ദോ ഹാഥ്, സഞ്ജയ് ഗാന്ധി, കമൽനാഥ്.." അന്ന് സഞ്ജയ് ഗാന്ധി കാരണം രാഷ്ട്രീയത്തിലിറങ്ങിയ ഒരുപാട് ചെറുപ്പക്കാരുണ്ട്.. പാർലമെന്റിൽ " സഞ്ജയ് കെ ചോക്രേ .."  ( സഞ്ജയിന്റെ പയ്യന്മാർ ) എന്നറിയപ്പെട്ടിരുന്ന ആ ഗാങ്ങിൽ സഞ്ജയ് ഗാന്ധിയോട് ഏറ്റവും കൂറുപുലർത്തിയിരുന്നയാൾ കമൽനാഥ് ആയിരുന്നു.

സഞ്ജയിന്റെ സ്വപ്‌നമായിരുന്ന മാരുതി ഉദ്യോഗ് ലിമിറ്റഡിനെ ദേശസാൽക്കരിക്കുന്നത് കമൽനാഥിന്റെ മുൻകൈയിലാണ്. 1979 ൽ മൊറാർജി ദേശായിയെ നേരിടാൻ ഇന്ദിരാ ഗാന്ധി തന്റെ വിശ്വസ്തനായി കൂടെ നിർത്തിയതും കമൽനാഥിനെത്തന്നെ. അന്നത്തെ ആ 'ഫയർ ബ്രാൻഡ് ' യുവനേതാവ് ഇന്ന്, 39  വർഷങ്ങൾക്കിപ്പുറം അതേ ഇന്ദിരാ ഗാന്ധിയുടെ ചെറുമകൻ രാഹുൽ ഗാന്ധിയ്ക്കുവേണ്ടി ശിവരാജ് സിംഗ് ചൗഹാനെ മലർത്തിയടിച്ചിരിക്കുകയാണ്.   
 


 

1946 നവംബർ 18ന് ,കാൺപൂരിൽ ബിസിനസ്സുകാരനായിരുന്ന മഹേന്ദ്ര സിംഗിന്റെയും ലീലയുടെയും മകനായാണ് കമൽനാഥിന്റെ ജനനം. ഡൂൺ സ്‌കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം കമൽനാഥ് കൽക്കട്ടയിലെ സെന്റ് സേവിയേഴ്‌സ് കോളേജിൽ നിന്നും കൊമേഴ്‌സിൽ ബിരുദം നേടി. പിന്നീട് അധികം വൈകാതെ രാഷ്ട്രീയത്തിൽ സജീവമാവുകയായിരുന്നു.1980ൽ, തന്റെ മുപ്പത്തിനാലാം വയസ്സിൽ , ചിന്ദ്വാഡാ മണ്ഡലത്തിൽ നിന്നാണ് കമൽ നാഥ് ആദ്യമായി ലോക്‌സഭയിൽ എത്തുന്നത്.

പിന്നീടങ്ങോട്ട് അതേ മണ്ഡലത്തിൽ നിന്നും  ഒൻപതുവട്ടം തെരഞ്ഞെടുക്കപ്പെടുകയും കോൺഗ്രസ്സ് മന്ത്രിസഭകളിൽ വളരെ പ്രധാനപ്പെട്ട പല സ്ഥാനങ്ങൾ വഹിക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ദില്ലിയിലെ ഓഫീസ് ഇരുപത്തിനാലുമണിക്കൂറും തുറന്നുപ്രവർത്തിക്കുന്ന ഒന്നായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി ഹെലികോപ്റ്ററുകളും സാറ്റലൈറ്റ് ഫോണുകളുമെല്ലാം ആദ്യമായി  ഉപയോഗിച്ച നേതാക്കളിൽ ഒരാളാണ് കമൽനാഥ്. 

         

കമൽനാഥിനെ ചുറ്റിപ്പറ്റി വിവാദങ്ങൾക്കും കുറവൊന്നുമുണ്ടായിരുന്നില്ല. 1996ൽ ഹവാലാ ഇടപാടിൽ പരാമർശം വന്നതിന്റെ പേരിൽ കമൽനാഥിന് പൊതുതെരഞ്ഞെടുപ്പിൽ മത്സരിക്കാനാവാതെ വന്നപ്പോൾ അദ്ദേഹത്തിന്റെ പത്നി അളകാ നാഥ് മത്സരിച്ചു ജയിച്ചു. ഒരു വർഷം കഴിഞ്ഞ് ആ വിവാദത്തിൽ കുറ്റവിമുക്തനാക്കപ്പെട്ടപ്പോൾ അവർ രാജിവെച്ച് കമൽനാഥ് വീണ്ടും ഉപതെരഞ്ഞെടുപ്പിനെ നേരിട്ടെങ്കിലും ബിജെപിയുടെ സുന്ദർലാൽ പട്വയോട് പരാജയപ്പെട്ടു. 

1984ലെ സിഖ് വിരുദ്ധ കലാപത്തിലും കമൽനാഥിന് പങ്കുണ്ടായിരുന്നു എന്ന ആക്ഷേപം പരക്കെ ഉയർന്നുവന്നിരുന്നു. 1984 നവംബർ ഒന്നാം തീയതി.. ഇന്ദിരാഗാന്ധി സിഖ് അംഗരക്ഷകരുടെ വെടിയുണ്ടയേറ്റു കൊല്ലപ്പെട്ടതിന്റെ അടുത്ത ദിവസം. സർവ്വശക്തയായ  ഇന്ദിരയുടെ മരണത്തിൽ രാജ്യം നടുങ്ങി നിന്ന ദിവസം.

 

 

സിഖുകാർക്കെതിരെ ഏതുനിമിഷവും ഒരു ആക്രമണം പ്രതീക്ഷിച്ചിരുന്ന നേരം. പാർലമെന്ററി ഹൗസിൽ നിന്നും വിളിപ്പാടകലെയാണ് 'റകബ് ഗഞ്ച് ഗുരുദ്വാര'. അവിടേക്ക് അക്രമാസക്തരായി മാർച്ചുചെയ്തുവന്ന നാലായിരത്തോളം കോൺഗ്രസ്സുകാരുടെ മുൻ നിരയിൽ തന്നെ കമൽനാഥ് ഉണ്ടായിരുന്നു.

അവിടെ തന്റെ അംബാസഡർ കാറിനരികെ വെള്ളയും വെള്ളയും ധരിച്ച് കമൽ നാഥ് എം പി നിന്നപ്പോൾ ,  ഒരു ചെറുവിരൽ പോലും അനക്കാതെ നിന്നുകൊടുത്തു ക്രമസമാധാനപാലനത്തിനായി കമ്മീഷണർ സുഭാഷ് ടണ്ഠന്റെയും എസിപി ഗൗതം കൗളിന്റെയും കമാണ്ടിൽ അവിടെ അവിടെ ഡിപ്ലോയ് ചെയ്യപ്പെട്ട ഒരു കമ്പനി സിആർപിഎഫ് പട്ടാളം. 

കമൽനാഥിനാൽ നിയന്ത്രിക്കപ്പെട്ടിരുന്നതെന്ന് പിൽക്കാലത്ത് കോടതിയിൽ കേസുവരെ നടന്ന, ആ ജനക്കൂട്ടം അന്ന് രകബ് ഗഞ്ച് ഗുരുദ്വാരയ്ക്ക് തീയിട്ടു. രണ്ടു സിഖുകാർ ജീവനോടെ വെന്തു മരിച്ചു. ഒരു എം.പി. മുൻ നിരയിൽ നിന്നു നയിച്ച ഒരു കലാപം, അതും ആളപായം സംഭവിച്ച ഒരു കലാപം, അങ്ങനെ ഇന്ത്യൻ ചരിത്രത്തിൽ ആദ്യമായി അന്ന് നടന്നു.

അഞ്ചുമണിക്കൂറോളം നീണ്ടുനിന്ന ആ കലാപത്തിൽ രണ്ടുമണിക്കൂർ നേരം കമൽ നാഥ് അവിടെ സ്പോട്ടിലുണ്ടായിരുന്നു എന്ന് ആ കലാപം ഇന്ത്യൻ എക്സ്പ്രസ്സിനുവേണ്ടി റിപ്പോർട്ട് ചെയ്ത സഞ്ജയ് സൂരി ഓർത്തെടുക്കുന്നു. കമൽ നാഥ് അക്രമത്തിന് ആഹ്വാനം ചെയ്യുന്നതായി കണ്ടെന്നോ കേട്ടെന്നോ സൂരി ഉറപ്പിച്ചു പറയുന്നില്ല. എന്നാൽ ആ രണ്ടു ജീവനുകൾ പൊലിയുന്നത് തടയാൻ അദ്ദേഹത്തിന് ആവുമായിരുന്നിട്ടും അത് ചെയ്തില്ല എന്ന് മിശ്രാ  കമ്മീഷനു മുന്നിൽ  സമർപ്പിച്ച സത്യവാങ്മൂലത്തിലും, പിന്നീട് നാനാവതി കമ്മീഷന് കൊടുത്ത മൊഴിയിലും സൂരി ആരോപിക്കുന്നുണ്ട്.

രാജീവ് ഗാന്ധിയുടെ നിർദ്ദേശപ്രകാരമാണ് താനവിടെ വന്നതെന്ന് കമൽനാഥ് പറഞ്ഞതായി കൗൾ പിന്നീടെപ്പോഴോ ഓർത്തെടുക്കുന്നുണ്ട്. അന്നത്തെ സിഖ് വിരുദ്ധകലാപവുമായി ബന്ധപ്പെട്ടുണ്ടായ ആരോപണങ്ങളിൽ പക്ഷേ, കമൽനാഥ് ഒറ്റയ്ക്കല്ല പ്രതിസ്ഥാനത്തുവരുന്നത്.

അന്നത്തെ സഞ്ജയ് ഗാന്ധിയുടെ പയ്യൻസിൽ പ്രധാനികളായിരുന്ന എച്ച്.കെ.എൽ.ഭഗത്, ജഗദീഷ് ടൈറ്റ്ലർ, സജ്ജൻ കുമാർ, ധരംദാസ് ശാസ്ത്രി എന്നിവരൊക്കെത്തന്നെ ഇരകളാൽ കുറ്റാരോപിതരായവരാണ്. പിന്നീട് മൻമോഹൻ സിങ്ങ് സർക്കാർ നാനാവതി കമ്മീഷന്റെ കണ്ടെത്തലുകളെ എല്ലാം തള്ളിക്കൊണ്ട്‌ കമൽനാഥിനെ അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയത് നമ്മളെല്ലാം അറിയുന്ന ചരിത്രം. 

മധ്യപ്രദേശിലെ തെരഞ്ഞെടുപ്പിന്  വെറും എട്ടുമാസം മുമ്പാണ് കമൽ നാഥ് മധ്യപ്രദേശ് കോൺഗ്രസ്സ് കമ്മിറ്റിയുടെ തലവനാവുന്നത്. അദ്ദേഹം സംസ്ഥാനത്തെ ന്യൂനപക്ഷ വോട്ടുകൾ ചോരാതിരിക്കാൻ നടത്തിയ ഉന്നം വെച്ചുള്ള പ്രചാരണങ്ങൾ ബിജെപി വിവാദമാക്കിയെങ്കിലും കോൺഗ്രസ്സ് വോട്ടുകളൊന്നും ചോരാതെ അനുകൂലമായൊരു തെരഞ്ഞെടുപ്പുഫലം കോൺഗ്രസ്സിന് നേടിക്കൊടുക്കാൻ കമൽനാഥിനായിട്ടുണ്ട്.

കേന്ദ്രത്തിൽ വ്യവസായ, ടെക്സ്റ്റയിൽ, വനം, പരിസ്ഥിതി, റോഡ് ഗതാഗതം തുടങ്ങി ഒട്ടുമിക്ക വകുപ്പുകളും ഭരിച്ചു പരിചയമുള്ള കമൽ നാഥിനെ സംസ്ഥാനത്തിന്റെ ഭരണവും രാഹുൽ ഗാന്ധി വിശ്വസിച്ചേൽപ്പിക്കുമെന്നു തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

click me!