പ്രത്യേക 'കിസാന്‍ ബജറ്റ്' വാഗ്ദാനവുമായി രാഹുല്‍ ഗാന്ധി

By Web TeamFirst Published Apr 26, 2019, 9:41 PM IST
Highlights

കോണ്‍ഗ്രസ് അധികാരത്തിലേറിയാല്‍ വായ്പ തിരിച്ചടയ്ക്കാനാകാത്ത കര്‍ഷകര്‍ക്കെതിരെയുള്ള നടപടി അവസാനിപ്പിക്കാന്‍ നിയമം നിര്‍മിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ബാലസോര്‍: പുതിയ തെരഞ്ഞെടുപ്പ് വാഗ്ദാനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കര്‍ഷകരെ കടത്തില്‍നിന്ന് കരകയറ്റാനും കര്‍ഷക ആത്മഹത്യ ഇല്ലാതാക്കാനും പ്രധാന ബജറ്റിന് മുന്നോടിയായി പ്രത്യേക കിസാന്‍ ബജറ്റ് അവതരിപ്പിക്കുമെന്നാണ് രാഹുല്‍ഗാന്ധിയുടെ വാഗ്ദാനം. ഒഡിഷയിലെ ബാലാസോറില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനം.

കോണ്‍ഗ്രസ് അധികാരത്തിലേറിയാല്‍ വായ്പ തിരിച്ചടയ്ക്കാനാകാത്ത കര്‍ഷകര്‍ക്കെതിരെയുള്ള നടപടി അവസാനിപ്പിക്കാന്‍ നിയമം നിര്‍മിക്കും. പ്രധാന ബജറ്റിന് മുന്നോടിയായിരിയ്ക്കും കിസാന്‍ ബജറ്റ് അവതരിപ്പിയ്ക്കുക. കാര്‍ഷിക വായ്പ എഴുതിത്തള്ളല്‍, താങ്ങുവില, സംഭരണ ശാലകള്‍ എന്നിവയായിരിയ്ക്കും ബജറ്റിലെ മുഖ്യ വിഷയങ്ങളെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കര്‍ഷകര്‍ക്കുള്ള പ്രത്യേക ബജറ്റ് കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.

വന്‍ വ്യവസായികള്‍ക്ക് വായ്പ ഇളവ് നല്‍കിയ മോദി കര്‍ഷകരെ ശിക്ഷിച്ചുവെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. തൊഴിലില്ലായ്മ, കര്‍ഷക പ്രശ്നങ്ങള്‍, വിലക്കയറ്റം, അഴിമതി എന്നിവയെക്കുറിച്ചൊന്നും മോദി മിണ്ടുന്നില്ല. മുമ്പ് നല്‍കിയ 15 ലക്ഷം വാഗ്ദാനത്തെക്കുറിച്ച് ഇപ്പോള്‍ എന്തെങ്കിലും പറഞ്ഞാല്‍ ബൂമറാങ്ങാകുമെന്ന് പ്രധാനമന്ത്രിയ്ക്കറിയാം. അത്തരം വാഗ്ദാനങ്ങളൊന്നും കോണ്‍ഗ്രസ് നല്‍കുന്നില്ല. എന്നാല്‍ പാവപ്പെട്ട അഞ്ച് കോടി കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് പ്രതിവര്‍ഷം 72000 രൂപ ന്യായ് പദ്ധതിയിലൂടെ നല്‍കുമെന്നും രാഹുല്‍ പറഞ്ഞു. 

'മോദിക്ക് സംസാരിക്കാന്‍ മുകളില്‍നിന്ന് ഉത്തരവ് വേണം'

നരേന്ദ്രമോദിയുടെ ടെലിപ്രോംപ്റ്റര്‍ പ്രസംഗത്തെ കളിയാക്കി രാഹുല്‍ ഗാന്ധി. 'മുകളില്‍'നിന്നുള്ള ഉത്തരവനുസരിച്ചാണ് മോദി സംസാരിക്കുന്നതെന്നും ആരാണ് പ്രസംഗം എഴുതിക്കൊടുക്കുന്നത് എന്നുപോലും മോദിയ്ക്ക് അറിയില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. രാജ്യത്തെ യഥാര്‍ത്ഥ പ്രശ്നങ്ങളൊന്നും പറയാതെ സര്‍ജിക്കല്‍ സ്ട്രൈക്കിനെക്കുറിച്ച് മാത്രമാണ് അദ്ദേഹത്തിന് പറയാനുള്ളതെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. 

click me!