ഹിന്ദി ഹൃദയ ഭൂമിയിലെ മുഖ്യമന്ത്രിമാര്‍ ആര്; എല്ലാം രാഹുല്‍ തീരുമാനിക്കും

By Web TeamFirst Published Dec 12, 2018, 10:46 PM IST
Highlights

ഇനിയുള്ള തീരുമാനങ്ങള്‍ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എടുക്കട്ടെ എന്ന അഭിപ്രായമാണ് മൂന്ന് സംസ്ഥാനത്തും ഉരുത്തിരിഞ്ഞിരിക്കുന്നത്. സ്ഥാനത്തിന് വേണ്ടിയുള്ള വടംവലി നടത്തി ബിജെപിയെ തകര്‍ത്ത് സ്വന്തമാക്കിയ തെരഞ്ഞെടുപ്പ് വിജയത്തിന്‍റെ മൂല്യം കളയരുതെന്ന പ്രവര്‍ത്തകരുടെ മനോവികാരത്തിനും നേതൃത്വം പ്രാധാന്യം നല്‍കുന്നുണ്ട്.

ഭോപ്പാല്‍: ലോക്സഭ പോരാട്ടത്തിന്‍റെ സെമി ഫെെനലെന്ന് വിശേഷിക്കപ്പെട്ട അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയം നേടിയ മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരെ കോണ്‍ഗ്രസ് നാളെ പ്രഖ്യാപിക്കും. ബിജെപിയെ തൂത്തെറിഞ്ഞ് വെന്നിക്കൊടി നാട്ടിയ ഛത്തീസ്ഗഡില്‍ മുഖ്യമന്ത്രി ആരാവണമെന്നുള്ള കാര്യത്തില്‍ തീരുമാനമായിട്ടില്ല.

ഛത്തീസ്ഗഡില്‍ അന്തിമ തീരുമാനം രാഹുല്‍ ഗാന്ധിയുടേതായിരിക്കുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കുന്നത്. മുഖ്യമന്ത്രി ആരാവണമെന്നത് രാഹുലിന് തീരുമാനിക്കാനായി വിടുകയായിരുന്നു. നേരത്തെ, മധ്യപ്രദേശില്‍ എംഎല്‍എമാര്‍ യോഗം ചേര്‍ന്നിരുന്നു. മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുക രാഹുല്‍ ഗാന്ധിയായിരിക്കുമെന്ന് യോഗത്തിന് ശേഷം കോണ്‍ഗ്രസ് വക്താവ് ശോഭ ഓജ അറിയിച്ചെങ്കിലും കമല്‍നാഥിന്‍റെ പേരിനാണ് മുന്‍തൂക്കം ലഭിച്ചതെന്നാണ് സൂചന.

മധ്യപ്രദേശിലെ പാര്‍ട്ടിയെ ദിഗ്‍വിജയ് സിംഗില്‍ നിന്ന് മോചിപ്പിച്ച് തെരഞ്ഞെടുപ്പിന് പ്രാപ്തമാക്കിയ നേതാവാണ് പിസിസി അധ്യക്ഷന്‍ കൂടിയായ കമല്‍നാഥ്. യുവ നേതാവും പ്രചാരണവിഭാഗം തലവനുമായിരുന്ന ജ്യോതിരാധിത്യ സിന്ധ്യയുടെ പേരും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.

രാഹുല്‍ ഗാന്ധിയുമായി ഏറെ അടുപ്പമുള്ള  ജ്യോതിരാധിത്യ സിന്ധ്യയുടെ പ്രചാരണ തന്ത്രങ്ങള്‍ മധ്യപ്രദേശില്‍ വിജയം കണ്ടെന്ന വിലയിരുത്തലാണ് കോണ്‍ഗ്രസിനുള്ളത്. എന്നാല്‍, അനുഭവപരിചയത്തിന്‍റെ മുന്‍തൂക്കം കമല്‍നാഥിനാണ്. രാജസ്ഥാനില്‍ അശോക് ഗെഹ്ലോട്ടും സച്ചിന്‍ പെെലറ്റുമാണ് മുഖ്യസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത്.

ഇരുവരുടെയും നേതൃത്വത്തിലാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിട്ടതും വിജയം സ്വന്തമാക്കിയതും. രാഹുല്‍ ഗാന്ധിക്ക് ഏറെ അടുപ്പമുള്ള നേതാക്കളാണ് ഗെഹ്‍ലോട്ടും സച്ചിനും. യുവ നേതാവെന്ന നിലയില്‍ രാജസ്ഥാനില്‍ ഏറെ പ്രിയപ്പെട്ടവനായി മാറാന്‍ സച്ചിന്‍ പെെലറ്റിന് സാധിച്ചിരുന്നു. അത് കൊണ്ട് തന്നെ സച്ചിനെ മുഖ്യമന്ത്രിയാക്കണമെന്നുള്ള ഒരു വികാരം രാജസ്ഥാനിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുണ്ട്.

ഇനിയുള്ള തീരുമാനങ്ങള്‍ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എടുക്കട്ടെ എന്ന അഭിപ്രായമാണ് മൂന്ന് സംസ്ഥാനത്തും ഉരുത്തിരിഞ്ഞിരിക്കുന്നത്. സ്ഥാനത്തിന് വേണ്ടിയുള്ള വടംവലി നടത്തി ബിജെപിയെ തകര്‍ത്ത് സ്വന്തമാക്കിയ തെരഞ്ഞെടുപ്പ് വിജയത്തിന്‍റെ മൂല്യം കളയരുതെന്ന പ്രവര്‍ത്തകരുടെ മനോവികാരത്തിനും നേതൃത്വം പ്രാധാന്യം നല്‍കുന്നുണ്ട്.

click me!