വിജയക്കൊടി പാറിച്ച് പൈലറ്റും ഗെഹ്‍ലോട്ടും; രാജസ്ഥാനിലെ താര മണ്ഡലങ്ങളില്‍ പോരാട്ടം ഇതുവരെ

By Web TeamFirst Published Dec 11, 2018, 11:36 AM IST
Highlights

ബിജെപിയും കോണ്‍ഗ്രസും നേര്‍ക്ക് നേര്‍ പോരാടിയപ്പോള്‍ അഭിപ്രായ സര്‍വ്വെകള്‍ കോണ്‍ഗ്രസിനായിരുന്നു മുന്‍തൂക്കം നല്‍കിയത്. മുഖ്യമന്ത്രി വസുന്ധരാരാജെ സിന്ധ്യയുടെ ഭരണത്തിനെതിരായ വികാരം സംസ്ഥാനത്തെങ്ങും ദൃശ്യമാണെന്നായിരുന്നു സര്‍വ്വെകള്‍ ചൂണ്ടികാട്ടിയത്. ബിജെപി ദേശീയ നേതൃത്വവുമായി ഉടക്കിയും വസുന്ധര വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. മറുവശത്ത് കോണ്‍ഗ്രസാകട്ടെ സംസ്ഥാന ഘടകം അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റും മുന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും പ്രചരണം നയിച്ചപ്പോള്‍ പതിവില്ലാത്ത പോരാട്ടമാണ് പുറത്തെടുത്തത്

ജയ്പൂര്‍: ലോക്‌സഭ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുമ്പോള്‍ നടന്ന രാജസ്ഥാനിലെ പോരാട്ടത്തിന് സവിശേഷതകള്‍ ഏറെയുണ്ടായിരുന്നു. 2014 ല്‍ ബിജെപിക്ക് കേന്ദ്രഭരണം സമ്മാനിക്കുന്നതില്‍ നിര്‍ണായകമായിരുന്നു രാജസ്ഥാന്‍. ആകെയുള്ള 25 സീറ്റുകളിലൂം താമരയല്ലാതെ മറ്റൊന്നും വിരിഞ്ഞില്ല. ഇക്കുറി നിയമസഭാ തിരഞ്ഞെടുപ്പില്‍ ത്രസിപ്പിക്കുന്ന വിജയം നേടി കോണ്‍ഗ്രസ് അധികാരത്തിലേറുമ്പോള്‍ ദേശീയ രാഷ്ട്രീയത്തില്‍ ഏറെ നിര്‍ണായകമാകുകയാണ് രാജസ്ഥാന്‍. 

ബിജെപിയും കോണ്‍ഗ്രസും നേര്‍ക്ക് നേര്‍ പോരാടിയപ്പോള്‍ അഭിപ്രായ സര്‍വ്വെകള്‍ കോണ്‍ഗ്രസിനായിരുന്നു മുന്‍തൂക്കം നല്‍കിയത്. മുഖ്യമന്ത്രി വസുന്ധരാരാജെ സിന്ധ്യയുടെ ഭരണത്തിനെതിരായ വികാരം സംസ്ഥാനത്തെങ്ങും ദൃശ്യമാണെന്നായിരുന്നു സര്‍വ്വെകള്‍ ചൂണ്ടികാട്ടിയത്. ബിജെപി ദേശീയ നേതൃത്വവുമായി ഉടക്കിയും വസുന്ധര വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. മറുവശത്ത് കോണ്‍ഗ്രസാകട്ടെ സംസ്ഥാന ഘടകം അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റും മുന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും പ്രചരണം നയിച്ചപ്പോള്‍ പതിവില്ലാത്ത പോരാട്ടമാണ് പുറത്തെടുത്തത്.

താര സ്ഥാനാര്‍ത്ഥികളും മണ്ഡലങ്ങളും

വസുന്ധരാരാജെ സിന്ധ്യ (മുഖ്യമന്ത്രി) ബിജെപി-  ജല്‍റാപഠന്‍

മുഖ്യമന്ത്രി മത്സരിക്കുന്ന മണ്ഡലം എന്നതായിരുന്നു ജല്‍റാപഠന്റെ ഏറ്റവും വലിയ സവിശേഷത. ബിജെപി ആഭിമുഖ്യം പ്രകടമാക്കുന്ന മണ്ഡലത്തില്‍ തുടര്‍ച്ചയായ നാലാം വിജയം തേടിയാണ് വസുന്ധര ഇറങ്ങിയത്. 2003 ല്‍ ആദ്യ വിജയം നേടിയ വസുന്ധര കഴിഞ്ഞ രണ്ട് തവണയും  ജയം ആവര്‍ത്തിച്ചു. ബിജെപിയുമായി തെറ്റിപിരിഞ്ഞ മുന്‍ കേന്ദ്രമന്ത്രി ജസ്വന്ത് സിംഗിന്റെ മകന്‍ മാനവേന്ദ്ര സിംഗ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി എത്തിയതോടെ പോരാട്ടം ആവേശകരമായി. ജാതി സമവാക്യങ്ങള്‍ മാറി മറിഞ്ഞതോടെ വസുന്ധരയ്ക്ക് പതിവില്ലാത്ത വെല്ലുവിളിയാണ് ഇക്കുറി ഉയര്‍ന്നത്.  ഭരണം നഷ്ടമായെങ്കിലും മണ്ഡലത്തില്‍ ജയിക്കാനായതില്‍ വസുന്ധരയ്ക്ക് ആശ്വസിക്കാം.

സച്ചിന്‍ പൈലറ്റ് (കോണ്‍ഗ്രസ് അധ്യക്ഷന്‍)- ടോങ്ക്

യുവത്വത്തിന്റെ പ്രസരിപ്പിനൊപ്പം നേതൃശേഷിയും കാട്ടിയാണ് സച്ചിന്‍ പൈലറ്റ് സംസ്ഥാനത്തെ ഏറ്റവും ജനകീയരായ നേതാക്കളില്‍ ഒരാളായി മാറിയത്. അജ്മീറിലെ മുന്‍ എംപി കൂടിയായ സച്ചിന്‍ കേന്ദ്ര മന്ത്രിയായും തിളങ്ങിയിട്ടുണ്ട്. മുന്‍ കേന്ദ്രമന്ത്രിയും ജനകീയ നേതാവുമായ രാജേഷ് പൈലറ്റിന്റെ മകന്‍ എന്നതും സച്ചിന് മുതല്‍കൂട്ടായിരുന്നു. സംസ്ഥാനത്ത് കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രി ആയേക്കുമെന്ന പ്രചരണവും ടോങ്കില്‍ സജീവമായിരുന്നു. രാജസ്ഥാനിലെ ബിജെപിയുടെ ഏക മുസ്ലിം സ്ഥാനാര്‍ഥിയായ യുനുസ്ഖാന്‍ എതിരാളിയായെത്തിയതോടെയാണ് മത്സരത്തിന് ആവേശം കൈവന്നത്. വസുന്ധര സര്‍ക്കാരിലെ ക്യാബിനെറ്റ് മന്ത്രികൂടിയായ യൂനുസിനെ നിലംതൊടീക്കാതെയാണ് പൈലറ്റ് കരുത്ത് കാട്ടിയത്.

അശോക് ഗെഹ്‌ലോട്ട് (മുന്‍ മുഖ്യമന്ത്രി) കോണ്‍ഗ്രസ്- സര്‍ദാര്‍പുര

രണ്ട് തവണ സംസ്ഥാന മുഖ്യമന്ത്രി പദം അലങ്കരിച്ചിട്ടുള്ള അശോക് ഗെഹ്ലോട്ട് വീണ്ടും കളത്തിലെത്തിയതോടെ കോണ്‍ഗ്രസിന് ഭൂരിപക്ഷം ലഭിച്ചാല്‍ ആരാകും മുഖ്യമന്ത്രിയെന്ന ചോദ്യം കൂടിയാണ് ഉയര്‍ന്നത്. സര്‍ദാര്‍പുരയിലും അതു തന്നെയായിരുന്നു ചോദ്യം. കോണ്‍ഗ്രസിന്റെ ഉറച്ച കോട്ടകളിലൊന്നായ ഇവിടെ തുടര്‍വിജയം തേടിയാണ് ഗെഹ്ലോട്ട് എത്തിയത്. ബിജെപി സ്ഥാനാര്‍ഥിയായ അറുപത്തിയെട്ടുകാരന്‍ ശംഭു സിംഗിന് ഗെഹ്ലോട്ടിന് വെല്ലുവിളി ഉയര്‍ത്താന്‍ പോലും സാധിച്ചില്ല.

സി പി ജോഷി (മുന്‍ കേന്ദ്രമന്ത്രി) കോണ്‍ഗ്രസ്- നഥ്ദ്വാര

കോണ്‍ഗ്രസിനെ പരമ്പരാഗതമായി തുണയ്ക്കുന്ന നഥ്ദ്വാരയില്‍ മുന്‍ കേന്ദ്രമന്ത്രി സി പി ജോഷിയെത്തിയതോടെ പ്രവര്‍ത്തകര്‍ക്ക് ആവേശം വര്‍ധിച്ചു. കഴിഞ്ഞ നാല് തിരഞ്ഞെടുപ്പുകള്‍ മൂന്നിലും കോണ്‍ഗ്രസായിരുന്നു വിജയിച്ചത്. കോണ്‍ഗ്രസില്‍ നിന്ന് തിരികെ ബിജെപിയിലെത്തിയ മഹേഷ് പ്രതാപ് സിംഗിലൂടെ പോരാടാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.

കൃഷ്ണ പൂനിയ (കായികതാരം) കോണ്‍ഗ്രസ്- സാദുല്‍പുര്‍

ഡിസ്‌കസ് ത്രോയിലൂടെ ഇന്ത്യക്ക് ഒട്ടേറെ അഭിമാനകരമായ നേട്ടങ്ങള്‍ സമ്മാനിച്ചിട്ടുള്ള കൃഷ്ണ പൂനിയ എത്തിയതോടെയാണ് സാദുല്‍പൂരിലെ പോരാട്ടം കനത്തത്. മണ്ഡലത്തില്‍ ഹാട്രിക് വിജയം കൊതിച്ച ബിജെപി കേന്ദ്രങ്ങളെ ഞെട്ടിച്ചുകൊണ്ടായിരുന്നു കൃഷ്ണയുടെ രംഗപ്രവേശം. 2009 ല്‍ ചുരിവിലെ എംപിയായിരുന്ന രാം സിംഗ് കസ്വാനെയാണ് ബിജെപി രംഗത്തിറക്കിയത്.

വസുന്ധരരാജെ സിന്ധ്യ മന്ത്രിസഭയിലെ നിരവധി മന്ത്രിമാരും പരാജയത്തിന്‍റെ കയ്പുനീര്‍ കുടിക്കുകയാണ്. രാജസ്ഥാന്‍ തെരഞ്ഞെടുപ്പില്‍ കേവലഭൂരിപക്ഷം ഉറപ്പിച്ച കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരണത്തിലേക്കുള്ള നീക്കങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.

click me!