മുഖ്യമന്ത്രി പദത്തിനായുള്ള ചരടുവലികള്‍ സജീവമാക്കി ഗെലോട്ടും പൈലറ്റും

By Web TeamFirst Published Dec 11, 2018, 5:41 PM IST
Highlights

മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നാണ് അശോക് ഗെഹ ലോട്ടിന്‍റെയും സച്ചിൻ പൈലറ്റിന്‍റെയും പ്രതികരണം.

ദില്ലി: അധികാരം ഉറപ്പിച്ചതോടെ രാജസ്ഥാൻ കോണ്‍ഗ്രസിൽ ഗെലോട്ടും  പൈലറ്റും  മുഖ്യമന്ത്രി പദത്തിനായുള്ള  ചരടുവലികള്‍ സജീവമാക്കി . നേരിയ ഭൂരിപക്ഷമായതിനാൽ മുന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിനാണ് കൂടുതൽ സാധ്യത . മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നാണ് അശോക് ഗെഹ ലോട്ടിന്‍റെയും സച്ചിൻ പൈലറ്റിന്‍റെയും പ്രതികരണം. 

സാധ്യത കൂടുതൽ ഗെലോട്ടിനെങ്കിലും പൈലറ്റ് അനുകൂലികളും വിട്ടു കൊടുക്കാൻ തയ്യാറല്ലെന്നാണ് സൂചനകള്‍. കോണ്‍ഗ്രസിന് മുന്‍തൂക്കമെന്ന് ഫല സൂചന വന്നു തുടങ്ങിയപ്പോള്‍ മുതൽ പൈലറ്റ് അനുകൂലികള്‍ അദ്ദേഹത്തിനായി മുദ്രാവാക്യം വിളി തുടങ്ങിയിരുന്നു . അടുത്ത മുഖ്യമന്ത്രി പൈലറ്റാണെന്ന് പ്രഖ്യാപിച്ചു കൊണ്ടായിരുന്നു വിജയാഹ്ളാദ പ്രകടനം 

എന്നാൽ കോണ്‍ഗ്രസിന്‍റെ സംസ്ഥാനത്തെ ജനകീയ മുഖവും മുതിര്‍ന്ന നേതാവുമായി ഗെലോട്ടിനെ അങ്ങനെ എഴുതി തള്ളാൻ പാര്‍ട്ടി നേതൃത്വത്തിനാവില്ല. നേരിയ ഭൂരിപക്ഷത്തിൽ ബിജെപി വിരുദ്ധരെ ഒപ്പം കൂട്ടി സര്‍ക്കാര്‍ കൊണ്ടു നടക്കാൻ പ്രാപ്തനാണെന്ന നേരത്തെ ഗെലോട്ട് തെളിയിച്ചിട്ടുണ്ട്. അതേ സമയം ഇരു നേതാക്കളും തീരുമാനം ഹൈക്കമാന്‍ഡിന് വിടുകയാണെന്ന് പ്രതികരിച്ചു.

പാര്‍ട്ടി പ്രവര്‍ത്തക സമിതി അംഗം കെ സി വേണു ഗോപാലിനെ രാഹുൽ ഗാന്ധി അയച്ചു കഴിഞ്ഞു. എംഎൽഎമാരും നേതാക്കളുമായും അദ്ദേഹം കൂടിയാലോചന നടത്തും . എംഎല്‍എമാരുടെ യോഗവും നാളെ ചേരുമെന്നാണ് സൂചന.  അരുടെയും പേര് മുന്നോട്ട് വയ്ക്കേണ്ടതില്ലെന്നതാണ് ഹൈക്കമാന്‍ഡ് തീരുമാനം. 

click me!