രാജസ്ഥാനും തെലങ്കാനയും പോളിംഗ് ബൂത്തിലേക്ക്; ആര് വാഴും ആര് വീഴും ?

By Web TeamFirst Published Dec 7, 2018, 8:00 AM IST
Highlights

രാജസ്ഥാനില്‍ ഭരണം തുടരാമെന്ന് ബിജെപി പ്രതീക്ഷിക്കുമ്പോൾ സംസ്ഥാനം തിരിച്ചുപിടിക്കാമെന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്. ഭരണം നിലനിർത്താൻ നേരത്തെ തെരഞ്ഞെടുപ്പിന് ഒരുങ്ങിയ ചന്ദ്രശേഖര റാവുവിന്റെ ടി ആർ എസും, കോൺഗ്രസ്സും ടിഡിപിയും നയിക്കുന്ന മഹാസഖ്യവും തമ്മിൽ കടുത്ത മത്സരമാണ് തെലങ്കാനയില്‍. 

ജയ്പൂര്‍/ഹൈദരാബാദ്: രാജസ്ഥാന്‍, തെലങ്കാന സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ വോട്ടെടുപ്പ് തുടങ്ങി. ഇരു സംസ്ഥാനങ്ങളിലേയും തെരഞ്ഞെടുപ്പ് ഏറെ പ്രതീക്ഷയോടെയാണ് ബിജെപി, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ നോക്കിക്കാണുന്നത്. രാജസ്ഥാനില്‍ കടുത്ത മത്സരമാണ് കോണ്‍ഗ്രസും ബിജെപിയും തമ്മില്‍. 200 നിയോജക മണ്ഡലങ്ങളിൽ 199 ഇടത്താണ് വോട്ടെടുപ്പ്. ആല്‍വാര്‍ ജില്ലയിലെ  രാംഘട്ട് സീറ്റിലെ വോട്ടെടുപ്പ്, സ്ഥാനാര്‍ഥി മരിച്ചതിനാൽ മാറ്റിവച്ചിരിക്കുകയാണ്. 2274 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. ഭരണം തുടരാമെന്ന് ബിജെപി പ്രതീക്ഷിക്കുമ്പോൾ സംസ്ഥാനം തിരിച്ചുപിടിക്കാമെന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്. 

135 സീറ്റില്‍ ബിജെപി - കോണ്‍ഗ്രസ് നേര്‍ക്കുനേര്‍ പോരാട്ടമാണെങ്കില്‍ മറ്റ് സീറ്റുകളില്‍ വിമതന്‍മാര്‍, ബിഎസ്‍പി, മൂന്നാം മുന്നണി, പ്രാദേശിക പാര്‍ട്ടികള്‍ എന്നിവയുടെ സാന്നിധ്യം വിധിയില്‍ നിര്‍ണ്ണായകമാകും. രാംഘട്ട് മണ്ഡലമൊഴിച്ച് 4.74 കോടി വോട്ടര്‍മാരാണ് ഇന്ന് പോളിംഗ് ബൂത്തിലെത്തുക. കനത്ത സുരക്ഷയാണ് സംസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്. വിവിധ സേനാംഗങ്ങളില്‍നിന്നായി 110000 പേരെയാണ് സുരക്ഷാ ചുമതലകള്‍ക്കായി വിന്യസിച്ചിരിക്കുന്നത്. 

 

തെലങ്കാനയിലെ 119 മണ്ഡലങ്ങളിലേക്കും ഇന്ന് വോട്ടെടുപ്പ് നടക്കുകയാണ്. രാവിലെ 7 മുതൽ 5 വരെയാണ് പോളിംഗ്. പ്രശ്ന സാധ്യതയുള്ള 13 മണ്ഡലങ്ങളിൽ ഒരു മണിക്കൂർ മുൻപ് വോട്ടെടുപ്പ് അവസാനിക്കും. 2.8 കോടി വോട്ടർമാർക്കായി  32815 പോളിംഗ് ബൂത്തുകൾ സജ്ജീകരിച്ചിട്ടുണ്ട്. 1821 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്.  മാവോയിസ്റ്റ് സ്വാധീന ജില്ലകളിൽ കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 

ഭരണം നിലനിർത്താൻ നേരത്തെ തെരഞ്ഞെടുപ്പിന് ഒരുങ്ങിയ ചന്ദ്രശേഖര റാവുവിന്റെ ടി ആർ എസും, കോൺഗ്രസ്സും ടിഡിപിയും നയിക്കുന്ന മഹാസഖ്യവും തമ്മിൽ കടുത്ത മത്സരമാണ് സംസ്ഥാനത്തു നടക്കുന്നത്. ഭരണ നേട്ടങ്ങൾ തുണക്കുമെന്നു ടി ആർ എസ് പ്രതീക്ഷിക്കുമ്പോൾ റാവുവിന്റെ ഏകാധിപത്യത്തിനെതിരെയുള്ള വിധിയെഴുത്താകുമെന്നു കോൺഗ്രസ്‌ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. ടി ആർ എസ് മുഴുവൻ സീറ്റുകളിലും മത്സരിക്കുന്നുണ്ട്. 99 സ്ഥാനാര്‍ത്ഥികളാണ് കോൺഗ്രസിനുള്ളത്. അതേ സമയം, തന്നെ അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ്‌ വർക്കിംഗ്‌ പ്രസിഡന്റ്‌ രേവന്ത് റെഡ്ഢി ഇന്ന് കോടങ്കലിൽ നിരാഹാരമിരിക്കും.
 

click me!