ഛത്തീസ്ഗഡ് കോൺഗ്രസിന് അപ്രതീക്ഷിത ലോട്ടറി!

By Web TeamFirst Published Dec 11, 2018, 12:22 PM IST
Highlights

കോൺഗ്രസ് നേതൃത്വം പോലും പ്രതീക്ഷിക്കാത്ത ഉജ്ജ്വല വിജയമാണ് ഛത്തീസ്ഗഡിൽ നേടിയത്. വ്യക്തിപ്രഭാവവും ജനപിന്തുണയുമുള്ള രമൺ സിംഗ് എന്ന മുഖ്യമന്ത്രിയെ ഉയർത്തിക്കാട്ടി ബിജെപി തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോൾ കോൺഗ്രസിന് എടുത്തുപറയാൻ ഒരു നേതാവ് പോലും ഇല്ലായിരുന്നു. ഒന്നര പതിറ്റാണ്ടിന് ശേഷം ഛത്തീസ്ഗഡിൽ വീണ്ടും വ്യക്തമായ ആധിപത്യത്തോടെ കോൺഗ്രസിന്‍റെ കൊടി ഉയരുന്നു.

ഛത്തീസ്ഗഡ്: കോൺഗ്രസ് നേതൃത്വം പോലും പ്രതീക്ഷിക്കാത്ത ഉജ്ജ്വല വിജയമാണ് ഛത്തീസ്ഗഡിൽ നേടിയത്. വ്യക്തിപ്രഭാവവും ജനപിന്തുണയുമുള്ള രമൺ സിംഗ് എന്ന മുഖ്യമന്ത്രിയെ ഉയർത്തിക്കാട്ടി ബിജെപി തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോൾ കോൺഗ്രസിന് എടുത്തുപറയാൻ ഒരു നേതാവ് പോലും ഇല്ലായിരുന്നു. യോഗി ആദിത്യനാഥ് അടക്കമുള്ളവരെ ബിജെപി പ്രചാരണത്തിനും കളത്തിലിറക്കി. ബിഎസ്പിയുമായി സഖ്യമുണ്ടാക്കിയ അജിത് ജോഗിയുടെ ജനതാ കോൺഗ്രസിനും രാഷ്ട്രീയ നിരീക്ഷകർ ചെറുതല്ലാത്ത സാധ്യത കൽപ്പിച്ചിരുന്നു. എക്സിറ്റ് പോൾ ഫലങ്ങളും കോൺഗ്രസിന് വലിയ സാധ്യത കൽപ്പിച്ചിരുന്നില്ല.

എന്നിട്ടും ബിജെപി വീണു

ഒടുവിൽ പതിനഞ്ച് വർഷമായി അധികാരത്തിലിരുന്ന ബിജെപി അടിപതറി വീണു. മൂന്നുവട്ടം മുഖ്യമന്ത്രിയായ രമൺ സിംഗ് സ്വന്തം മണ്ഡലത്തിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ആകെ 90 സീറ്റുകളുള്ള ഛത്തീസ്ഗഡിൽ കേവലഭൂരിപക്ഷത്തിന് വേണ്ടത് 46 സീറ്റുകളാണ്. എന്നാൽ അറുപതിനടുത്ത് സീറ്റുകളിലേക്കാണ് കോൺഗ്രസിന്‍റെ സീറ്റുനില കുതിക്കുന്നത്.

മുന്നണികളുടെ വോട്ടുവിഹിതം എങ്ങനെ?

2003 മുതൽ ഛത്തീസ്ഗഢിൽ ഏതാണ്ട് 73% പോളിംഗ് നടക്കാറുണ്ട്. 2003-ൽ ബിജെപിയും കോൺഗ്രസും തമ്മിലുള്ള വോട്ട് വിഹിതത്തിന്‍റെ വ്യത്യാസം 2.6% മാത്രമായിരുന്നു. ആ വ്യത്യാസം ചുരുങ്ങിച്ചുരുങ്ങി ഒടുവിൽ 2013-ൽ വോട്ട് വിഹിതത്തിന്റെ  വ്യത്യാസം വെറും .75% ത്തിലും താഴെയായി. അതായത് ഒരു ശതമാനം പോലും വ്യത്യാസമില്ല. എങ്കിലും എങ്ങനെ ബിജെപി ഇത്രകാലം ഛത്തീസ്ഗഡ് പിടിച്ചു?

ആ ചോദ്യത്തിനുത്തരം ലളിതം. വോട്ട് വിഹിതത്തിൽ കാര്യമില്ല. വോട്ട് ശതമാനത്തെ സീറ്റാക്കി മാറ്റാൻ ബിജെപിയ്ക്കുള്ള പാടവം കോൺഗ്രസിനുണ്ടായിരുന്നില്ല.

നിർണ്ണായകമായത് രാഹുൽ പ്രഭാവം

എടുത്തുപറയാൻ ഒരു നേതാവ് പോലുമില്ലാതെ ഛത്തീസ്ഗഡിൽ തെരഞ്ഞെടുപ്പിനെ നേരിട്ട കോൺഗ്രസിന് തുണയായത് രാഹുൽ ഗാന്ധിയുടെ പ്രഭാവം തന്നെ എന്നാണ് വിലയിരുത്തേണ്ടത്. സംസ്ഥാനത്തെ കോൺഗ്രസ് പ്രചാരണത്തിന്റൊ മുഖം രാഹുൽ ഗാന്ധി തന്നെയായിരുന്നു. മുൻ പ്രധാനമന്ത്രി എ ബി വാജ്പേയിയുടെ അനന്തരവൾ കരുണ ശുക്ലയെ രമൺ സിംഗിനെതിരെ മത്സരിപ്പിച്ചതുപോലെ തന്ത്രപരമായ നീക്കങ്ങളും കോൺഗ്രസ് നടത്തി. ചിട്ടയായ പ്രചാരണത്തിലൂടെ പരമാവധി വോട്ടുകൾ അനുകൂലമായി പോൾ ചെയ്യിക്കാനും കോൺഗ്രസിനായി.

കോൺഗ്രസ് തുറന്ന പോർമുഖങ്ങൾ

നോട്ട് നിരോധനവും കാർഷികപ്രതിസന്ധിയും ജിഎസ്ടിയുമെല്ലാം ബിജെപിയ്ക്ക് കനത്ത തിരിച്ചടിയായി. ഇതെല്ലാം സജീവപ്രചാരണവിഷയങ്ങളായി രാഹുൽ നിലനിർത്തുകയും ചെയ്തു. അഴിമതിക്കഥകളും കാർഷികപ്രതിസന്ധിയും ഉയർത്തിക്കാട്ടി കോൺഗ്രസ് നടത്തിയ പ്രചാരണം വോട്ടായി പെട്ടിയിൽ വീണെന്ന് തെളിയിക്കുകയാണ് ഇത്തവണ തെരഞ്ഞെടുപ്പ് ഫലം. കൂടാതെ . ഗോത്രവിഭാഗങ്ങളിലെ അതൃപ്തിയും കർഷകപ്രശ്നങ്ങളും ഭരണവിരുദ്ധവികാരവും വോട്ടാക്കി മാറ്റാൻ കോൺഗ്രസിനായി. എടുത്തുകാട്ടാൻ ഒരു സംസ്ഥാന നേതൃത്വം പോലുമില്ലാതെ കോൺഗ്രസിന് ഇത്രയും നേട്ടം ഉണ്ടാക്കാനായെങ്കിൽ ഒരു മുഖ്യമന്ത്രി സ്ഥാനാർഥി കൂടി ഉണ്ടായിരുന്നെങ്കിലോ?

എക്സിറ്റ് പോളുകൾ പറഞ്ഞതെന്ത്?

മൂന്നാം മുന്നണി നാല് മുതൽ എട്ട് വരെ സീറ്റുകൾ നേടുമെന്നായിരുന്നു മിക്ക എക്സിറ്റ് പോൾ സർവേകളുടേയും പ്രവചനം. കർണ്ണാടക മാതൃകയിലുള്ള രാഷ്ട്രീയ നീക്കങ്ങൾ ഛത്തീസ്ഗഡിൽ നിന്നും പ്രതീക്ഷിക്കാം എന്നും വിലയിരുത്തലുകൾ വന്നു. അത്തരം അനുമാനങ്ങളെയെല്ലാം അപ്രസക്തമാക്കി ഒന്നര പതിറ്റാണ്ടിന് ശേഷം ഛത്തീസ്ഗഡിൽ വീണ്ടും വ്യക്തമായ ആധിപത്യത്തോടെ കോൺഗ്രസിന്‍റെ കൊടി ഉയരുന്നു.

click me!