തെലങ്കാനയിൽ തൂക്ക് സഭ വന്നാൽ എന്തുചെയ്യും? ടിആ‌ർഎസ്സിനെ അസദുദ്ദീൻ ഒവൈസി പിന്തുണച്ചേയ്ക്കും

By Web TeamFirst Published Dec 10, 2018, 3:43 PM IST
Highlights

എല്ലാ എക്സിറ്റ് പോളുകളും തെലങ്കാനയിൽ ടിആർഎസ്സിന് വൻഭൂരിപക്ഷം തന്നെ പ്രവചിയ്ക്കുമ്പോൾ, ഏതെങ്കിലും തരത്തിൽ തിരിച്ചടി നേരിട്ടാൽ കടന്നുകൂടാനുള്ള വഴികൾ തേടുകയാണ് മുഖ്യമന്ത്രി ചന്ദ്രശേഖര റാവു.

തെലങ്കാന: ഓൾ ഇന്ത്യാ മജ്‍ലിസ്-ഇ-ഇത്തിഹാദുൾ മുസ്ലിമീൻ (എഐഎംഐഎം) നേതാവ് അസദുദ്ദീൻ ഒവൈസി തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവുമായി കൂടിക്കാഴ്ച നടത്തി. ഏതെങ്കിലും സാഹചര്യത്തിൽ തെലങ്കാനയിൽ തൂക്ക് നിയമസഭ വന്നാൽ എഐഎംഐഎം ടിആർഎസ്സിന് പിന്തുണ നൽകും.

എല്ലാ എക്സിറ്റ് പോളുകളും ടിആർഎസ്സിന് അനുകൂലമായിരുന്നെങ്കിലും ഏതെങ്കിലും രീതിയിൽ തിരിച്ചടി നേരിട്ടാൽ പിന്തുണ ഉറപ്പാക്കുകയാണ് മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു. 119 സീറ്റുകളുള്ള തെലങ്കാനയിൽ കേവലഭൂരിപക്ഷത്തിന് 60 സീറ്റുകൾ വേണം.

തെലങ്കാന തെരഞ്ഞെടുപ്പിന്‍റെ ഫലം മറ്റാരെക്കാളും നിർണായകം കൽവകുണ്ട്‍ല ചന്ദ്രശേഖര റാവു എന്ന കെ.ചന്ദ്രശേഖർ റാവുവിനാണ്.  ടിആർഎസ് വീണുപോയാൽ അത് കെസിആറിന് കിട്ടുന്ന അടിയാകും. മറിച്ചായാൽ  നേരത്തെ തെരഞ്ഞെടുപ്പിന് ഇറങ്ങിയത് അടക്കമുളള അടവുകളുടെ വിജയമാകും. തെലങ്കാന കാർഡിൽ നേടിയെടുത്തിതിന്‍റെയൊക്കെ ആയുസ്സ് പെട്ടെന്ന് തീരണമെന്ന് ചന്ദ്രശേഖർ റാവു ആഗ്രഹിക്കുന്നില്ല.

കാലാവധി തീരാൻ എട്ട് മാസം ബാക്കിനിൽക്കെ സെപ്തംബർ ആറിന് നിയമസഭ പിരിച്ചുവിട്ടു. 105 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. പ്രതിപക്ഷം ദുർബലമായിരുന്നു. ഇത്  അനായാസ ജയത്തിലേക്കുളള വഴിയാകുമെന്ന് കെസിആർ കരുതി. താഴേത്തട്ടിലുള്ള അതൃപ്തി വിനയാകില്ലെന്നായിരുന്നു കണക്കൂകൂട്ടൽ. ഇപ്പോഴേ നിയമസഭാതെരഞ്ഞെടുപ്പെന്ന കടമ്പ കടന്നാൽ പിന്നെ, ലോക്‍സഭാ തെരഞ്ഞെടുപ്പിൽ ശക്തി തെളിയിക്കാനുള്ള ശ്രമം തുടങ്ങാം. 2019ൽ ചെറുകക്ഷികളും പ്രാദേശികപാർട്ടികളും സർക്കാർ രൂപീകരണത്തിന് നിർണായകമാവുമെന്ന് റാവു കണക്കൂകൂട്ടുന്നു. അപ്പോഴേയ്ക്ക് നിർണായകശക്തിയാകാനും ദേശീയരാഷ്ട്രീയത്തിലിടം  ഉറപ്പിയ്ക്കാനുമായിരുന്നു റാവുവിന്‍റെ ലക്ഷ്യം. 

എന്നാൽ ടിഡിപിയെ കൂട്ടുപിടിച്ച് മഹാസഖ്യത്തിലൂടെ കോൺഗ്രസ് ചലനമുണ്ടാക്കി. ടിആർഎസിന്‍റെ അരികത്ത് എത്തില്ലെങ്കിലും സ്വാധീനമേഖലകളിൽ സംഘടനാസംവിധാനം മെച്ചപ്പെടുത്തി. ഒരിക്കൽ തെലങ്കാനയെ തളളിപ്പറഞ്ഞ ചന്ദ്രബാബു നായിഡു രാഹുൽ ഗാന്ധിക്കൊപ്പം മഹാകൂട്ടമിയുടെ മുഖമായി. വിപ്ലവമുപേക്ഷിച്ച് ഗദ്ദർ കോൺഗ്രസ് വേദിയിൽ പാടി.

തുടക്കത്തിലെ ആത്മവിശ്വാസം പോളിങ്ങിലേക്കെത്തിയപ്പോൾ ടിആർഎസിന് കുറഞ്ഞിരുന്നു. എക്സിറ്റ് പോളുകൾക്കൊപ്പം അത് തിരിച്ചുവന്നു. പക്ഷേ, റിസ്കെടുക്കാൻ തയ്യാറല്ല റാവു. അതിനാൽത്തന്നെയാണ് മുസ്ലിംഭൂരിപക്ഷമേഖലയായ ഹൈദരാബാദിലടക്കം സ്വാധീനശക്തിയായ എഐഎംഐഎമ്മുമായി കൈകോർക്കുന്നതും.

click me!