കോൺഗ്രസ് മുഖ്യമന്ത്രിമാര്‍ ആരെല്ലാം; 'ശക്തി ആപ്പ്' തീരുമാനം നിര്‍ണായകം

By Web TeamFirst Published Dec 13, 2018, 2:06 PM IST
Highlights

എംഎൽമാരുടെ പിന്തുണ രാജസ്ഥാനിൽ അശോക് ഗലോട്ടിനും മധ്യപ്രദേശിൽ കമൽനാഥിനുമെന്നാണ് സൂചന. ഏഴരലക്ഷം ബൂത്ത്തല പ്രവർത്തകരുടെ അഭിപ്രായവും രാഹുൽ ഗാന്ധി തേടിയിട്ടുണ്ട്.

ദില്ലി: മധ്യപ്രദേശിലെയും രാജസ്ഥാനിലെയും ഛത്തീസ്ഗഡിലെയും കോൺഗ്രസ് മുഖ്യമന്ത്രിമാരുടെ കാര്യത്തിൽ തീരുമാനം ഇന്നു വൈകിട്ട് ഉണ്ടാകും. എംഎൽമാരുടെ പിന്തുണ രാജസ്ഥാനിൽ അശോക് ഗലോട്ടിനും മധ്യപ്രദേശിൽ കമൽനാഥിനുമെന്നാണ് സൂചന. ഏഴരലക്ഷം ബൂത്ത്തല പ്രവർത്തകരുടെ അഭിപ്രായവും രാഹുൽ ഗാന്ധി തേടിയിട്ടുണ്ട്.

മൂന്നു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ നിശ്ചയിക്കാനുള്ള കൂടിയാലോചന ദില്ലിയിൽ തുടരുകയാണ്. രാഹുൽ ഗാന്ധിയ്ക്കൊപ്പം പ്രിയങ്കാ ഗാന്ധിയും കൂടിയാലോചനകളിൽ പങ്കെടുക്കുന്നുണ്ട്. രാജസ്ഥാനിൽ അശോക് ഗലോട്ടിൻറെ പേരാണ് 65 ശതമാനം എംഎൽഎമാർ നിർദ്ദേശിച്ചത്. ചത്തീസ്ഗഡിൽ എംഎൽഎമാർക്കിടയിൽ ഭൂപേഷ് ബാഗലിനായിരുന്നു പിന്തുണ മധ്യപ്രദേശിൽ എഴുപതിലധികം എംഎൽഎമാർ കമൽനാഥിൻറെ പേര് പറഞ്ഞു. എന്നാൽ ശക്തി എന്ന ആപ്പിലൂടെ മുഖ്യമന്ത്രിയുടെ കാര്യത്തിൽ ബൂത്ത്തല പ്രവർത്തകരുടെ നിലപാട് രാഹുൽ തേടിയത് പുതുമയായി.

എഐസിസി നിരീക്ഷകരായ എകെ ആൻറണിയും കെസി വേണുഗോപാലും രാഹുൽ ഗാന്ധിക്ക് റിപ്പോർട്ട് നല്കി. സച്ചിൻ പൈലറ്റ് അവകാശവാദവുമായി ഉറച്ചു നില്ക്കുന്നു എന്നാണ് സൂചന. ഗലോട്ടിനെ മുഖ്യമന്ത്രിയാക്കിയാൽ സച്ചിനെ ഉപമുഖ്യമന്ത്രിയാക്കും. കമൽനാഥെങ്കിൽ സിന്ധ്യ ഉപമുഖ്യമന്ത്രി എന്ന ഫോർമുലയും വരുന്നു. ചത്തീസ്ഗഡിൽ താമ്രദ്വജ് സാഹുവിനായി മോത്തിലാൽ വോറ ഉൾപ്പടെയുള്ള നേതാക്കൾ വാദിക്കുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പൊട്ടിത്തെറിക്കിടയാക്കാതെ പ്രശ്ന പരിഹാരമുണ്ടാക്കാനാണ് ഹൈക്കമാൻഡ് ശ്രമം. 

click me!