പോൺ സൈറ്റുകൾ നിരോധിക്കുകയല്ല, കർശന ലൈംഗിക വിദ്യാഭ്യാസം ഉറപ്പ് വരുത്തണമെന്ന് സയനോര

By Web TeamFirst Published Dec 4, 2019, 9:08 AM IST
Highlights

ഇവിടെ പോൺ സൈറ്റുകൾ നിരോധിക്കുകയല്ല വേണ്ടത്. എല്ലാ സ്കൂളുകളിലും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരുമിച്ചു പഠിക്കാനുള്ള സംവിധാനം ഏർപ്പാടാക്കുകയാണ് ചെയ്യേണ്ടത്, സയനോര ഫിലിപ്പ്

തെലങ്കാനയിൽ യുവ വെറ്ററിനറി ഡോക്ടറെ ബലാത്സം​ഗം ചെയ്ത് തീകൊളുത്തി കൊന്ന സംഭവത്തിൽ നാടെങ്ങും പ്രതിഷേധം അലയടിക്കുകയാണ്. ക്രൂരമായ പീ‍ഡനത്തിനിരയായി കൊല്ലപ്പെട്ട ഇരുപത്തിയാറുകാരിക്ക് നീതി ലഭിക്കണമെന്നും പ്രതികളെ തൂക്കി കൊല്ലണമെന്നും ആവശ്യപ്പെട്ട് പ്രായഭേദമന്യേ ആളുകൾ തെരുവിൽ ഇറങ്ങി പ്രതിഷേധിക്കുകയാണ്.

യുവതിക്ക് നീതി ലഭിക്കണമെന്നും ഇനിയും രാജ്യത്ത് ഇത്തരം സംഭവങ്ങൾ അരങ്ങേറരുതെന്നും ആവശ്യപ്പെട്ട് സോഷ്യൽമീഡിയയിലും പ്രതിഷേധം ശക്തമാണ്. സ്ത്രീകൾക്കെതിരെ ഇത്തരം ക്രൂരകൃത്യങ്ങൾ നടക്കുമ്പോൾ സമൂഹത്തിന്റെ ചിന്തകളെക്കുറിച്ചും നാടിന്റെ വ്യവസ്ഥിതിയെക്കുറിച്ചും ഓർമ്മപ്പെടുകയാണ് ​ഗായിക സയനോര ഫിലിപ്പ്.

സയനോരയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

‘പ്രിയങ്ക റെഡ്‌ഡിയുടെ കൂട്ടബലാത്സംഗം 8 മില്യൺ ആളുകൾ പോൺ സൈറ്റുകളിൽ തിരഞ്ഞു അത്രേ!! എങ്ങോട്ടേക്കാണ് നമ്മൾ പോവുന്നത്? ഇത് തിരഞ്ഞു നടക്കുന്നവർക്ക് അത് തന്നെ അല്ലെ സമൂഹം പഠിപ്പിച്ചു കൊടുത്തിട്ടുള്ളത്?

തങ്ങൾ പീഡിപ്പിക്കപ്പെടാതിരിക്കാൻ എന്തൊക്കെ ശ്രദ്ധിക്കണം, എന്തൊക്കെ ഡ്രെസ്സുകൾ ഇടാതിരിക്കണം, ഏതു സമയത് യാത്രകൾ ചെയ്യരുത്, സിനിമ തീയേറ്ററിൽ എങ്ങനെ പെരുമാറണം എന്നിങ്ങനെ ഒരു കൂട്ടം Do’s And Dont’s പെൺകുഞ്ഞുങ്ങൾക്ക് നമ്മൾ പറഞ്ഞു കൊടുത്തു കൊണ്ടേ ഇരിക്കുന്നുണ്ട്. പക്ഷെ ഒരു പെണ്ണിനെ എങ്ങനെ ആണ് കാണേണ്ടത് എന്ന് നമ്മൾ നമ്മുടെ ആൺകുട്ടികൾക്ക് കൊടുത്ത ക്ലാസുകൾ എവിടെ?

അവളെ ഒരു സഹയാത്രികയായി, സുഹൃത്തായി, കൂടപ്പിറപ്പായി നല്ല കട്ടക്ക് നിൽക്കുന്ന പെൺ കരുത്തായി ഒക്കെ ബഹുമാനിക്കാനും സ്നേഹിക്കാനും പഠിപ്പിച്ചു കൊടുത്തിട്ടുണ്ടോ നമ്മൾ? ഇവിടെ പോൺ സൈറ്റുകൾ നിരോധിക്കുക അല്ല വേണ്ടത്. എല്ലാ സ്കൂളുകളിലും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരുമിച്ചു പഠിക്കാനുള്ള സംവിധാനം ഏർപ്പാടാക്കുകയാണ് ചെയ്യേണ്ടത്.പ്രായപൂർത്തിയാവുന്ന കുട്ടികൾക്കു കർശന ലൈംഗിക വിദ്യാഭ്യാസവും ഉറപ്പ് വരുത്തേണ്ടതുണ്ട്. അടുത്ത തലമുറയെ എങ്കിലും രക്ഷിക്കാൻ പറ്റും’.


 

click me!