ബിഗ് ബോസ് 3  ഗ്രാന്‍ഡ് ഫിനാലെ ഇന്ന് വൈകിട്ട്; കിരീട ജേതാവിനെയും പ്രഖ്യാപിക്കും

By Web TeamFirst Published Aug 1, 2021, 12:12 AM IST
Highlights

പ്രശസ്‍ത ചലച്ചിത്ര താരങ്ങളായ സൂരജ് വെഞ്ഞാറമൂട്, അനു സിത്താര, ദുർഗ കൃഷ്ണ, സാനിയ ഇയ്യപ്പൻ, ടിനി ടോം, പാഷാണം ഷാജി, പ്രജോദ് കലാഭവൻ, ധർമ്മജൻ ബോല്‍ഗാട്ടി, ഗ്രേസ് ആന്‍റണി, ആര്യ, വീണ നായർ എന്നിവര്‍ പങ്കെടുക്കും

ബിഗ് ബോസ് മലയാളം സീസണ്‍ 3 ഗ്രാന്‍ഡ് ഫിനാലെയുടെ സംപ്രേഷണം ഇന്ന് നടക്കും. ഏഷ്യാനെറ്റില്‍ വൈകിട്ട് ഏഴ് മുതലാണ് സംപ്രേഷണം. അവസാനറൗണ്ടിൽ എത്തിയ എട്ടു പേരില്‍ നിന്ന് വിജയിയെ പ്രഖ്യാപിക്കുന്ന ഫിനാലെയില്‍ മത്സരാര്‍ഥികളൊക്കെ എത്തും. പ്രേക്ഷകര്‍ നല്‍കിയ വോട്ടിന്‍റെ അടിസ്ഥാനത്തിലാണ് ടൈറ്റില്‍ വിജയിയെയും പിന്നീടുള്ള സ്ഥാനക്കാരെയും കണ്ടെത്തിയത്.

ഗ്രാന്‍ഡ് ഫിനാലെ വേദിയില്‍ മറ്റു കലാപരിപാടികളുമുണ്ട്. പ്രശസ്‍ത ചലച്ചിത്ര താരങ്ങളായ സൂരജ് വെഞ്ഞാറമൂട്, അനു സിത്താര, ദുർഗ കൃഷ്ണ, സാനിയ ഇയ്യപ്പൻ, ടിനി ടോം, പാഷാണം ഷാജി, പ്രജോദ് കലാഭവൻ, ധർമ്മജൻ ബോല്‍ഗാട്ടി, ഗ്രേസ് ആന്‍റണി, ആര്യ, വീണ നായർ എന്നിവര്‍ പങ്കെടുക്കും. ഗ്രാന്‍ഡ് ഫിനാലെയ്ക്ക് മുന്നോടിയായി കര്‍ട്ടന്‍ റെയ്സർ ഏഷ്യാനെറ്റ് ഇന്നലെ രാത്രി സംപ്രേഷണം ചെയ്യ്തിരുന്നു. ഗ്രാന്‍ഡ് ഫിനാലെ വിശേഷങ്ങള്‍, സീസണ്‍ 3 എപ്പിസോഡുകളിലെ പ്രധാന സംഭവവികാസങ്ങള്‍, മത്സരാര്‍ഥികളുടെ പ്രതീക്ഷകള്‍ എന്നിവയൊക്കെ ഉൾക്കൊള്ളുന്നതായിരുന്നു കര്‍ട്ടന്‍ റെയ്സർ.

കൊവിഡ് രണ്ടാംതരംഗത്തിന്‍റെ പശ്ചാത്തലത്തില്‍ 100 ദിവസം എത്തും മുന്‍പേ അവസാനിപ്പിക്കേണ്ടിവന്നിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 3. തമിഴ്നാട്ടിലെ കൊവിഡ് നിയന്ത്രണങ്ങള്‍ കാരണം 95-ാം ദിവസമായ മെയ് 19നാണ് ഷോ അവസാനിപ്പിച്ചത്. എന്നാല്‍ കഴിഞ്ഞ തവണത്തേതുപോലെ ടൈറ്റില്‍ വിജയി ഇല്ലാതെ പോകരുതെന്ന് അണിയറക്കാര്‍ തീരുമാനിച്ചതിന്‍റെ ഫലമായി അവശേഷിച്ച എട്ട് മത്സരാര്‍ഥികള്‍ക്കായി ഒരാഴ്ചത്തെ വോട്ടിംഗ് അനുവദിച്ചു. ഇതനുസരിച്ചുള്ള വോട്ടിംഗ് മെയ് 29ന് അവസാനിച്ചിരുന്നു. ഗ്രാന്‍ഡ് ഫിനാലെ നടത്താനുള്ള സാഹചര്യത്തിനായി കാത്തിരിക്കുകയായിരുന്നു പിന്നീട് നിര്‍മ്മാതാക്കള്‍. ജനപ്രീതിയില്‍ ഏറെ മുന്നിലെത്തിയ ഷോ ആയിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 3.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!