ബ്ലാക്ക് മെയിൽ കേസ്: പ്രതികൾ ഷംനയെ തട്ടിക്കൊണ്ടു പോകാൻ പദ്ധതിയിട്ടതായി പൊലീസ്

By Web TeamFirst Published Jun 30, 2020, 10:03 PM IST
Highlights

ഭീഷണിപ്പെടുത്തി പണം തട്ടാനായിരുന്നു പ്രതികളുടെ ആദ്യത്തെ ശ്രമം. ഷംനയും കുടുംബവും ഇതിന് വഴങ്ങാതിരുന്നതോടെയാണ് നടിയെ തട്ടിക്കൊണ്ടുപോകാൻ തീരുമാനിച്ചത്. വേറെയും ചില നടികളേയും സംഘം ലക്ഷ്യമിട്ടിരുന്നു. 

കൊച്ചി: ബ്ലാക്ക് മെയിൽ കേസിൽ നിർണായക വെളിപ്പെടുത്തലുമായി പൊലീസ്. നടി ഷംന കാസിമിനെ ബ്ലാക്ക് മെയിൽ കേസിലെ പ്രതികൾ തട്ടിക്കൊണ്ടു പോകാൻ പദ്ധതിയിട്ടിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു. നടി പൊലീസിൽ പരാതി നൽകിയതോടെയാണ് ഈ നീക്കത്തിൽ നിന്നും പ്രതികൾ പിൻമാറിയതെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ ഐജി വിജയ് സാക്കറെ പറഞ്ഞു. 

ഷംനയേയും കുടുംബത്തേയും ഭീഷണിപ്പെടുത്തി പണം തട്ടാനായിരുന്നു പ്രതികളുടെ ആദ്യത്തെ ശ്രമം. ആ ശ്രമം പരാജയപ്പെട്ടപ്പോള്‍ ആണ് തട്ടിക്കൊണ്ടുപോകാൻ ലക്ഷ്യമിട്ടത്. കൂടുതല്‍ താരങ്ങളെ കെണിയില്‍പ്പെടുത്താനും പ്രതികൾ  ശ്രമിച്ചിരുന്നതായും ഐജി വ്യക്തമാക്കി. അതേസമയം ബ്ലാക്ക് മെയിൽ കേസിൽ ഷംനയുടെ മൊഴിയെടുപ്പ് പൂർത്തിയായി. വീഡിയോ കോൺഫറൻസിലൂടെയാണ് പൊലീസ് ഹൈദാരാബാദിൽ നിന്നെത്തി ക്വാറൻ്റൈനിൽ കഴിയുന്ന ഷംനയുടെ മൊഴിയെടുത്തത്. 

അതിനിടെ ഷംന കാസിം കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ സൈബര്‍ ആക്രമണം നടക്കുന്നുവെന്ന് ന‌ടൻ ടിനി ടോം പറഞ്ഞു. പ്രതികളുമായി ബന്ധമുണ്ടെന്ന തരത്തില്‍ തെറ്റായ വാര്‍ത്തകള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ ചില‍ർ പ്രചരിപ്പിക്കുന്നുണ്ടെന്നും കേസിൽ തന്നെ പൊലീസ് ചോദ്യം ചെയ്തുവെന്ന തരത്തിൽ സമൂഹ മാധ്യമത്തിൽ വാ‍ർത്ത പ്രചരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ഇങ്ങനെയൊരു കേസിൽ താൻ ഉൾപ്പെട്ടു എന്ന തരത്തിൽ പുറത്തു വന്ന വാ‍ർത്തകൾ തന്നേയും കുടുംബത്തേയും വേദനിപ്പിച്ചെന്നും ഈയാഴ്ച നടക്കുന്ന അമ്മ എക്സിക്യൂട്ടീവ് യോ​ഗത്തിന് ശേഷം വ്യാജപ്രചാരണത്തിനെതിരെ പൊലീസിന് പരാതി നൽകുന്ന കാര്യം തീരുമാനിക്കുമെന്നും ടിനി  ടോം വ്യക്തമാക്കി. 

click me!