സിദ്ധിഖിന്‍റെ വാർത്താസമ്മേളനത്തെച്ചൊല്ലി അമ്മയിൽ കലാപം രൂക്ഷം

By Web TeamFirst Published Oct 16, 2018, 7:19 PM IST
Highlights

ദിലീപിനെ അനുകൂലിച്ചും അമ്മയുടെ പൊതു നിലപാടിനും വിരുദ്ധമായും സിദ്ധിഖും കെപിഎസി ലളിതയും കഴിഞ്ഞ ദിവസം കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനമാണ് രൂക്ഷമായ ചേരിപ്പോരിന് വഴിവെച്ചത്.

തിരുവനന്തപുരം:സിദ്ധിഖിന്‍റെ വാർത്താസമ്മേളനത്തെച്ചൊല്ലി താരസംഘടനയായ അമ്മയുടെ  ഭരണസമിതിയിൽ രൂക്ഷമായ ചേരിപ്പോര്. സിദ്ധിഖിന്‍റെ നിലപാട് സംഘടനാ നിലപാടല്ലെന്നാവർത്തിച്ച്  ഭാരവാഹികളായ ബാബുരാജും ജഗദീഷും രംഗത്തെത്തി.  നിലവിലെ ചേരിതിരിവിന്‍റെ പശ്ചാത്തലത്തിൽ വരുന്ന 19ന് അമ്മയുടെ അടിയന്തര എക്സിക്യുട്ടീവ് യോഗം വിളിക്കാനും തീരുമാനിച്ചു. ഇതിനിടെ വാർ‍ത്താസമ്മേളനം നടത്തിയ കെപി എസി ലളിതയെ വിമർശിച്ച് വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈനും രംഗത്തെത്തി.

ദിലീപിനെ അനുകൂലിച്ചും അമ്മയുടെ പൊതു നിലപാടിനും വിരുദ്ധമായും സിദ്ധിഖും കെപിഎസി ലളിതയും കഴിഞ്ഞ ദിവസം കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനമാണ് രൂക്ഷമായ ചേരിപ്പോരിന് വഴിവെച്ചത്. ഇന്നലെ രാവിലെ ട്രഷററായ ജഗദീഷിന്‍റെ വാർത്താക്കുറിപ്പിൽ ഡബ്യൂസിസിയുമായുളള സമവായസാധ്യതകൾ സൂചിപ്പിച്ചിരുന്നു. എന്നാൽ മണിക്കൂറുകൾക്കുളളിൽ അമ്മ സെക്രട്ടറി സിദ്ധിഖ്  നടത്തിയ വാർത്താ സമ്മേളനം സംഘടന അറിയാതെയെന്നാണ് ആക്ഷേപം. ജഗദീഷിന്‍റെ വാർത്താക്കുറിപ്പ് പ്രസിഡന്‍റായ മോഹൻലാലിന്‍റെ അറിവോടെയായിരുന്നെന്നും എന്നാൽ സിദ്ധിഖിന്‍റേത് സ്വന്തം നിലയിലെന്നുമാണ് ആക്ഷേപം. പുറത്തുപോയവരെ തിരിച്ചെടുക്കില്ലെന്നും ജനറൽ ബോഡി വിളിക്കില്ലെന്നും സിദ്ധഖ് പറഞ്ഞത് സംഘടനയുടെ തീരുമാനമല്ലെന്നും അമ്മ നേതൃത്വം ആവർ‍ത്തിക്കുന്നു. ഇത്തരത്തിൽ ഭരണസമിതിയിൽ തുടരാൻ താൽപര്യമില്ലെന്നും സിദ്ധിഖിനേപ്പോലുളളവ‍ സംഘടനയെ ഹൈജാക്ക് ചെയ്തെന്നും ജഗദീഷും ബാബുരാജും മറ്റു ഭാരവാഹികളെ അറിയിച്ചിട്ടുണ്ട്.

 സിദ്ധിഖ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ അഭിപ്രായം അമ്മയുടേതല്ലെന്നും അമ്മയുടെ ഔദ്യോഗിക വക്താവ് താന്‍ തന്നെയെന്നും ജഗദീഷ് വ്യക്തമാക്കിയിരുന്നു. നടികള്‍ക്കെതിരെ നടത്തിയ പരാമര്‍ശം പ്രതിഷേധാര്‍ഹമാണ്. കെപിസി ലളിത നടത്തിയ പരാമര്‍ശങ്ങള്‍ സത്രീവിരുദ്ധമാണ്, അത് വേദനയോടെ മാത്രമേ കേട്ടിരിക്കാനാവുകയുള്ളു. ആക്രമിക്കപ്പെട്ട നടി മാപ്പുപറഞ്ഞിട്ട് മാത്രമേ സംഘടനയിലേക്ക് കയറാവു എന്ന് പറഞ്ഞത് വേദനാജനകമാണ്. ചട്ടങ്ങള്‍ക്കപ്പുറം ധാര്‍മ്മികതയിലൂന്നിയ നിലപാടായിരിക്കും അമ്മ സ്വീകരിക്കുക. ജനറല്‍ ബോഡി വിളിക്കുന്നത് ഒരാള്‍ക്ക് മാത്രം തീരുമാനിക്കാവുന്ന കാര്യമല്ല. സിദ്ധിഖിന്‍റെ ധാർഷ്ട്യം നിറഞ്ഞ പരാമർശങ്ങൾക്ക് മാപ്പ് ചോദിക്കുന്നതായും ജഗദീഷ് പറഞ്ഞു.

സംഘടനക്കുളളിലെ കലാപം രൂക്ഷമായതോടെയാണ് വരുന്ന 19ന് അടിയന്തര എകിസിക്യൂട്ടീവ് യോഗം വിളിക്കാൻ തീരുമാനിച്ചത്. പ്രശ്നങ്ങൾ എത്രയും വേഗം പറഞ്ഞുതീർത്തില്ലെങ്കിൽ പൊതുവേദിയിൽ പറയേണ്ടിവരുമെന്ന് ചില എക്സിക്യൂട്ടീവ് അംഗങ്ങൾ നേതൃത്വത്തിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വാര്‍ത്താ സമ്മേളനത്തിലെ കെപിഎസി ലളിതയുടെ പരാമര്‍ശങ്ങള്‍ സ്ത്രീവിരുദ്ധമെന്നായിരുന്നു സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ പ്രതികരിച്ചത്. പീഡനം നടന്നാൽ അത് വീടിനുള്ളിൽ തന്നെ തീർക്കണം എന്ന തരത്തിൽ ഉള്ള പരമർശങ്ങൾ അടിച്ചമർത്തലിന്‍റേതെന്നും അവര്‍ പറഞ്ഞു. ഇതിനിടെ ഡബ്യൂസിസി അംഗങ്ങൾ മന്ത്രി കെ.കെ ഷൈലജയുമായി കൂടിക്കാഴ്ച നടത്തി. സിനിമാമേഖലയിലെ തൊഴിൽ ചൂഷണം സംബന്ധിച്ച് ജസ്റ്റീസ് ഹേമ കമ്മീഷൻ റിപ്പോർട്ട് കിട്ടിയശേഷം സർക്കാർ ശക്തമായി ഇടപെടുമെന്ന് മന്ത്രി അറിയിച്ചു.

click me!