പ്രശസ്ത ഗായകനും ബിഗ് ബോസ് താരവുമായ സോമദാസ് അന്തരിച്ചു

By Web TeamFirst Published Jan 31, 2021, 6:22 AM IST
Highlights

ഏഷ്യാനെറ്റിന്റെ ഐഡിയ സ്റ്റാർ സിംഗറിലൂടെ പ്രശസ്തനായ ഇദ്ദേഹം ഗാനമേള വേദികളിലും പിന്നണി ഗാന രംഗത്തും തിളങ്ങി

കൊല്ലം: പ്രശസ്ത ഗായകനും ബിഗ് ബോസ് മലയാളം സീസണ്‍ രണ്ട് മത്സരാര്‍ഥിയുമായ സോമദാസ് ചാത്തന്നൂര്‍ (42) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളെജില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഏഷ്യാനെറ്റിന്‍റെ മ്യൂസിക് റിയാലിറ്റി ഷോ ആയ ഐഡിയ സ്റ്റാര്‍ സിംഗര്‍ വേദിയിലൂടെ ശ്രദ്ധ നേടിയ സോമദാസ് പിന്നീട് ഗാനമേള വേദികളിലും പിന്നണി ഗാനരംഗത്തും തിളങ്ങി. കൊല്ലം ജില്ലയിലെ ചാത്തന്നൂര്‍ സ്വദേശിയാമ്.

കൊവിഡ് ബാധയെ തുടർന്നാണ് സോമദാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് വൃക്കയ്ക്കും രോഗബാധ കണ്ടെത്തി. അതിനുവേണ്ടിയുള്ള ചികിൽസയും ആരംഭിച്ചിരുന്നു. കഴിഞ്ഞ ദിവസം കൊവിഡ് മുക്തനായി. തീവ്ര പരിചരണ വിഭാഗത്തിൽ നിന്ന് വാർഡിലേക്ക് മാറ്റാൻ ഇരിക്കെയാണ് ഹൃദയാഘാതം സംഭവിച്ചത്. ഭാര്യയും നാല് പെൺമക്കളും ഉണ്ട്. സംസ്കാരം ഇന്ന് പകൽ 11.30 ന് ചാത്തന്നൂരിലെ വീട്ടുവളപ്പിൽ നടക്കും.

ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടില്‍ ആദ്യ ലിസ്റ്റില്‍ തന്നെ ഇടംപിടിച്ച മത്സരാര്‍ഥി ആയിരുന്നു സോമദാസ്. എന്നാല്‍ അനാരോഗ്യം മൂലം ഷോയില്‍ അധികദിവസങ്ങള്‍ തുടരാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. എന്നാല്‍ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ബിഗ് ബോസ് പ്രേക്ഷകരുടെ ശ്രദ്ധ നേടാന്‍ സോമദാസിന് കഴിഞ്ഞിരുന്നു.

click me!