ചലച്ചിത്രമേള ഡിസംബര്‍ 7 മുതല്‍ 13; നവംബര്‍ ഒന്ന് മുതല്‍ രജിസ്ട്രേഷന്‍

By Web TeamFirst Published Oct 23, 2018, 4:47 PM IST
Highlights

 23-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേള ഡിസംബര്‍ 7 മുതല്‍ 13 ദിവസങ്ങള്‍ വരെ നടക്കും. അടുത്ത മാസം ഒന്നു മുതല്‍ രജിസ്ട്രേഷന്‍ ആരംഭിക്കുമെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ അറിയിച്ചു. നവംബര്‍ 10 മുതൽ ഐഎഫ്എഫ്കെയുടെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ തുടങ്ങും. 

തിരുവനന്തപുരം:   23-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേള ഡിസംബര്‍ 7 മുതല്‍ 13 ദിവസങ്ങള്‍ വരെ നടക്കും. അടുത്ത മാസം ഒന്നു മുതല്‍ രജിസ്ട്രേഷന്‍ ആരംഭിക്കുമെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ അറിയിച്ചു. നവംബര്‍ 10 മുതൽ ഐഎഫ്എഫ്കെയുടെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ തുടങ്ങും. ഏഴ് ദിവസത്തെ മേളയില്‍ 14 തിയേറ്ററുകളിലായി 150 ഓളം സിനിമകള്‍ പ്രദേര്‍ശിപ്പിക്കും. 

ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് പാസിന് ഇത്തവണ 2000 രൂപ ആയിരിക്കുമെന്ന് സാംസ്കാരിക മന്ത്രി എ കെ ബാലന് നേരത്തെ അറിയിച്ചിരുന്നു‍. പ്രളയത്തെ തുടര്‍ന്ന് ഇത്തവണത്തെ മേളയുടെ ചെലവ് ചുരുക്കിയായിരിക്കും നടത്തുക. കഴിഞ്ഞ വര്‍ഷം മേളയ്ക്ക് ആറ് കോടി രൂപയാണ് ചെലവായത്. ഇത്തവണ മൂന്ന് കോടിക്ക് നടത്താനുള്ള നിര്‍ദ്ദേശം ചലച്ചിത്ര അക്കാദമി നേരത്തെ തയ്യാറാക്കിയിരുന്നു. നിലവിലുള്ള ഡെലിഗേറ്റ് പാസ് ഉയര്‍ത്തുന്നതിലൂടെ രണ്ട് കോടി രൂപ ലഭിക്കാന്‍ അക്കാദമിക്ക് സാധിക്കുമെന്നാണ് കണക്കുകൂട്ടല്‍. 

വിദേശ അതിഥികളുടെ എണ്ണം കുറയ്ക്കാനും ഏഷ്യന്‍ സിനിമകള്‍ക്കും ജൂറികള്‍ക്കും കൂടുതല്‍ പ്രാധാന്യം നല്‍കാനും തീരുമാനമായിട്ടുണ്ട്. സംസ്ഥാനത്തുണ്ടായ പ്രളയത്തെ തുടര്‍ന്ന് ഇത്തവണത്തെ മേള ഉപേക്ഷിക്കാനായിരുന്നു ആദ്യതീരുമാനം. എന്നാല്‍ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് ചെലവ് ചുരുക്കി നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

click me!