പിണക്കം തീര്‍ന്നു: മോഹന്‍ലാലിനെ നായകനാക്കി വിനയന്‍റെ ബിഗ് ബജറ്റ് ചിത്രം വരുന്നു

By Web TeamFirst Published Feb 12, 2019, 6:15 PM IST
Highlights

വലിയ ക്യാന്‍വാസില്‍ കഥ പറയുന്ന ബൃഹത്തായ ഒരു ചിത്രമായിരിക്കുമെന്ന് വിനയന്‍

മുന്‍കാലവൈര്യം പറഞ്ഞുതീര്‍ത്ത് സൂപ്പര്‍താരം മോഹന്‍ലാലും വിനയനും. പതിറ്റാണ്ടുകള്‍ നീണ്ട സിനിമാ ചരിത്രത്തിലാദ്യമായി വിനയനും മോഹന്‍ലാലും ഒരുമിച്ച് ഒരു സിനിമ ചെയ്യുന്നു. തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിനയനാണ് മോഹന്‍ലാലിനൊപ്പം ചിത്രം ചെയ്യുന്ന വിവരം അറിയിച്ചത്. 

ഇന്ന് മോഹന്‍ലാലുമായി ഒരുപാട് നേരം സംസാരിച്ചെന്നും വളരെ പോസിറ്റീവായ ചര്‍ച്ചയായിരുന്നു അതെന്നും  ചര്‍ച്ചകള്‍ക്കൊടുവില്‍ ഒരു ചിത്രം ചെയ്യാന്‍ തങ്ങള്‍ തീരുമാനിച്ചെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ വിനയന്‍ പറയുന്നു.  കഥയെപ്പറ്റിയുള്ള അന്തിമതീരുമാനം ആയിട്ടില്ലെന്നും  പക്ഷേ വലിയ ക്യാന്‍വാസില്‍ കഥ പറയുന്ന ബൃഹത്തായ ഒരു ചിത്രമായിരിക്കുമിതെന്നും വിനയന്‍ വ്യക്തമാക്കി. 

പണ്ട് മോഹന്‍ലാലിന്‍റെ അപരനായ മദന്‍ലാലിനെ വച്ച് സൂപ്പര്‍സ്റ്റാര്‍ എന്ന ചിത്രം വിനയന്‍ സംവിധാനം ചെയ്തത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു. ഇരുവരും പതിറ്റാണ്ടുകളായി സിനിമാ രംഗത്തുണ്ടെങ്കിലും ഇതുവരെ ഒരു ചിത്രത്തിലും ഒരുമിച്ചിരുന്നില്ല. 

വിനയന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം... 

ഇന്നു രാവിലെ ശ്രീ മോഹൻലാലുമായി കുറേ നേരം സംസാരിച്ചിരുന്നു.. വളരെ പോസിറ്റീവായ ഒരു ചർച്ചയായിരുന്നു അത്..

ശ്രീ മോഹൻലാലും ഞാനും ചേർന്ന ഒരു സിനിമ ഉണ്ടാകാൻ പോകുന്നു എന്ന സന്തോഷകരമായ വാർത്ത സഹൃദയരായ എല്ലാ സിനിമാ സ്നേഹികളെയും എന്‍റെ പ്രിയ സുഹൃത്തുക്കളെയും.. സ്നേഹപുർവ്വം അറിയിച്ചു കൊള്ളട്ടെ... കഥയേപ്പറ്റിയുള്ള അവസാന തീരുമാനം ആയിട്ടില്ല..

ഏതായാലും മാർച്ച് അവസാനവാരം ഷൂട്ടിംഗ് തുടങ്ങുന്ന എൻെറ പുതിയ ചിത്രത്തിനു ശേഷം ഈ ചിത്രത്തിന്‍റെ പേപ്പർ ജോലികൾ ആരംഭിക്കും..വലിയ ക്യാൻവാസിൽ കഥ പറയുന്ന ബൃഹുത്തായ ഒരു ചിത്രമായിരിക്കും അത്.. ഏവരുടേയും സ്നേഹവും സഹകരണവും പ്രതീക്ഷിക്കുന്നു..

click me!