രണ്ടാമൂഴം സിനിമയില്‍ നിന്നും എംടി പിന്‍മാറി; തിരക്കഥ തിരിച്ചുവാങ്ങും

By Web TeamFirst Published Oct 11, 2018, 8:17 AM IST
Highlights

ശ്രീകുമാര്‍ മേനോന്‍ സംവിധായകനായാണ് നേരത്തെ രണ്ടാമൂഴം ഒരുക്കാന്‍ ഇരിക്കുന്നത്. പ്രവാസി വ്യവസായി ബിആര്‍ ഷെട്ടിയാണ് നിര്‍മ്മാതാവ്. ചിത്രം രണ്ട് ഭാഗമായി ഇറങ്ങും എന്നാണ് അണിയറക്കാന്‍ പറയുന്നത്

കോഴിക്കോട്: ഇന്ത്യയിലെ ഏറ്റവും വലിയ ചലച്ചിത്രം എന്ന വിശേഷണത്തോടെ ആരംഭിക്കാനിരുന്ന രണ്ടാമൂഴം സിനിമയില്‍ നിന്നും ചിത്രത്തിന്‍റെ രചിതാവ് എംടി വാസുദേവന്‍ നായര്‍ പിന്‍വാങ്ങി. ചിത്രത്തിനായി കൈമാറിയ തിരക്കഥ തിരിച്ചുവാങ്ങും എന്ന് എംടി അറിയിച്ചു. ചിത്രത്തിന്‍റെ ചിത്രീകരണം വൈകുന്നതില്‍ പ്രതിഷേധിച്ചാണ് എംടിയുടെ നടപടി.തിരക്കഥ തിരികെ കിട്ടാന്‍ കോഴിക്കോട് മുന്‍സിഫ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുകയാണ്. തിരക്കഥയ്ക്കായി മുന്‍കൂറായി വാങ്ങിയ തുക മടക്കിക്കൊടുക്കുമെന്നും വ്യക്തമാക്കി. 

നിരന്തരം പഠനവും ഗവേഷണവും നടത്തിയാണ് താന്‍ രണ്ടാമൂഴം കഥയുണ്ടാക്കിയതെന്നും എന്നാല്‍ താന്‍ കാട്ടിയ ആവേശം സിനിമ ചെയ്യുന്നവര്‍ കാട്ടിയില്ലെന്നാണ് എംടിയുടെ പരാതി. തിരക്കഥ കിട്ടുമ്പോള്‍ മുന്‍കൂറായി കൈപ്പറ്റിയ തുകയു മടക്കി നല്‍കാനാണ് ഉദ്ദേശം. അതേസമയം സിനിമയുമായി ബന്ധപ്പെട്ട് സംവിധായകന്‍റെയോ നിര്‍മ്മാതാവിന്റെയോ പ്രതികരണം പുറത്തു വന്നിട്ടില്ല.

ശ്രീകുമാര്‍ മേനോന്‍ സംവിധായകനായാണ് നേരത്തെ രണ്ടാംമൂഴം ഒരുക്കാന്‍ ഇരിക്കുന്നത്. പ്രവാസി വ്യവസായി ബി ആര്‍ ഷെട്ടി നിര്‍മ്മിക്കുമെന്ന് കേട്ടിരുന്ന സിനിമയ്ക്കായി 1000 കോടിയായിരുന്നു മുതല്‍മുടക്കും പറഞ്ഞുകേട്ടിരുന്നത്. മലയാളത്തിലും ഇംഗ്ലീഷിലും ഹിന്ദിയിലുമായി രണ്ടു ഭാഗങ്ങളായിട്ടായിരുന്നു സിനിമ പ്രഖ്യാപിച്ചിരുന്നത്.

ഇതിന്‍റെ അണിയറ ജോലികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത് എന്നാണ് അണിയറക്കാര്‍ പറയുന്നത്. മഹാഭാരതത്തിലെ ഭീമന്‍റെ ജീവിതം പകര്‍ത്തുന്ന എംടിയുടെ രണ്ടാമൂഴം നോവലിനെ അടിസ്ഥാനമാക്കിയാണ് മോഹന്‍ലാലിനെ ഭീമനാക്കി ചിത്രം പദ്ധതിയിട്ടത്.

വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കും എന്നാണ് സംവിധായകന്‍ അടുത്ത ദിനം വരെ പറഞ്ഞത്. അതിനിടയിലാണ് അപ്രതീക്ഷിതമായി എംടി ചിത്രത്തില്‍ നിന്നും പിന്‍മാറിയത്. സിനിമയുടെ ഇംഗ്ലീഷ്, മലയാളം തിരക്കഥ എംടി വാസുദേവന്‍ നായര്‍ നല്‍കി മൂന്ന് വര്‍ഷം കഴിഞ്ഞിരുന്നു. എന്നാല്‍ സിനിമയുടെ ചിത്രീകരണജോലികള്‍ അനന്തമായി നീളുന്നതാണ് എംടിയെ അസ്വസ്ഥനാക്കിയിരിക്കുന്നത്. 
 

click me!