നെടുമുടി വേണുവിന് അന്ത്യാഞ്ജലിയർപ്പിച്ച് മലയാളം; സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ ഇന്ന് ശാന്തികവാടത്തിൽ

By Web TeamFirst Published Oct 12, 2021, 6:31 AM IST
Highlights

ഇന്നലെ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ വച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ഉദരസംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു

തിരുവനന്തപുരം: അന്തരിച്ച സിനിമാ താരം നെടുമുടി വേണുവിന്‍റെ സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരത്തെ തൈക്കാട് ശാന്തി കവാടത്തില്‍ നടക്കും. പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം. രാവിലെ പത്തര മുതല്‍ പന്ത്രണ്ടര വരെ അയ്യങ്കാളി ഹാളില്‍ പൊതുദര്‍ശനം ഉണ്ടായിരിക്കും. ഇന്നലെ രാത്രി വൈകിയും ആദരാഞ്ജലി അർപ്പിക്കാൻ കുണ്ടമൻകടവിലെ അദ്ദേഹത്തിൻറെ വീട്ടിൽ നിരവധി പേരെത്തി. പത്തരയോടെ മമ്മൂട്ടിയും പുലർച്ചെ ഒന്നരയോടെ മോഹൻലാലും എത്തിയിരുന്നു.

ഇന്നലെ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ വച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ഉദരസംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. 73 വയസായിരുന്നു. മരണസമയത്ത് ഭാര്യയും മക്കളും ആശുപത്രിയിലുണ്ടായിരുന്നു.  മലയാളത്തിലും തമിഴിലുമായി 500 ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. നിരവധി സിനിമകൾക്ക് തിരക്കഥ രചിച്ചിട്ടുണ്ട്. ഒരു ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്. സിനിമയിലെ വിവിധ പ്രകടനങ്ങൾക്ക് രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകളും ആറ് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളും അദ്ദേഹം നേടിയിട്ടുണ്ട്. 

ഇന്ത്യൻ സിനിമയിലെ ഏറ്റവും പ്രതിഭാധനരായ അഭിനേതാക്കളിൽ ഒരാളെയാണ് നെടുമുടി വേണുവിന്റെ വിയോഗത്തോടെ ചലച്ചിത്ര ലോകത്തിന് നഷ്ടമാകുന്നത്. 1948 മെയ് 22-ന് കുട്ടനാട്ടിലാണ് കെ.വേണുഗോപാൽ എന്ന നെടുമുടി വേണുവിന്റെ ജനനം. ആലപ്പുഴ ജില്ലയിലെ നെടുമുടിയാണ് അദ്ദേഹത്തിന്റെ ജന്മദേശം. സ്‌കൂൾ അദ്ധ്യാപകനായിരുന്ന പി കെ കേശവൻ പിള്ളയുടെയും കുഞ്ഞിക്കുട്ടി അമ്മയുടെയും അഞ്ച് ആണ്മക്കളിൽ ഇളയ മകനാണ്.

നെടുമുടിയിലെ എൻ‌.എസ്‌.എസ്. ഹയർ സെക്കൻഡറി സ്കൂൾ, ചമ്പക്കുളം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ നിന്നാണ് അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസം നേടിയത്. ആലപ്പുഴ എസ്. ഡി കോളേജിൽ പഠിക്കുന്ന കാലത്ത്  സംവിധായകൻ ഫാസിലുമായുണ്ടായ സൗഹൃദം നടനെന്ന നിലയിൽ നെടുമുടി വേണുവിന്റെ സിനിമാ ജീവിതത്തിൽ നി‍ർണായകമായി മാറി. കലാകൗമുദിയിൽ പത്ര പ്രവർത്തകനായും പാരലൽ കോളേജ് അദ്ധ്യാപകനായും പ്രവർത്തിച്ച വേ​ണു​ഗോപാൽ പിന്നീട് നാടകരംഗത്ത് സജീവമായി. ഇക്കാലയളവിലാണ് വേണു​ഗോപാൽ എന്ന പേരിന് പകരം നെടുമുടി വേണു എന്ന സ്ഥിരം വിലാസത്തിലേക്ക് അദ്ദേഹം മാറുന്നത്. നാടകത്തിൽ സജീവമായിരിക്കെയാണ് നെടുമുടി സിനിമയിൽ എത്തിയത്.

എൺപതുകളിൽ സംവിധായകരായ അരവിന്ദൻ, പത്മരാജൻ, ഭരത് ഗോപി തുടങ്ങിയവരുമായി നെടുമുടി അടുത്ത് പ്രവ‍ർത്തിച്ചു. ആദ്യകാലത്ത് നായക നടനായി തിളങ്ങിയ നെടുമുടി പിന്നീട് സ്വഭാവ നടൻ എന്ന നിലയിൽ തൻ്റെ ഇടം രേഖപ്പെടുത്തി. സിനിമയിൽ അരങ്ങേറ്റം കുറിച്ച് മരിക്കുന്ന കാലം വരേയും സിനിമയിൽ അദ്ദേഹം സജീമായിരുന്നു എന്നതും മറ്റൊരു സവിശേഷതയാണ്. 

click me!