മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിവിന്‍ പോളിയുടെ 25 ലക്ഷം

By Web TeamFirst Published Aug 29, 2018, 1:04 PM IST
Highlights

സര്‍ക്കാര്‍ നന്നായി കാര്യങ്ങള്‍ ഏറ്റെടുത്ത് നടപ്പാക്കുന്നുണ്ടെന്നും മുഖ്യമന്ത്രിയുടെ നിധിയിലേക്ക് പരമാവധി സഹായങ്ങള്‍ എത്തണമെന്നും നിവിന്‍

മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം നല്‍കി നിവിന്‍ പോളി. ഇത് കേരളത്തെ പുനര്‍നിര്‍മ്മിക്കാനുള്ള സമയമാണെന്നും അതിനായി ഒത്തൊരുമയോടെ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും തുക നല്‍കിയതിന് ശേഷം മാധ്യമപ്രവര്‍ത്തകരുമായുള്ള മുഖാമുഖത്തില്‍ നിവിന്‍ പറഞ്ഞു. സര്‍ക്കാര്‍ നന്നായി കാര്യങ്ങള്‍ ഏറ്റെടുത്ത് നടപ്പാക്കുന്നുണ്ടെന്നും മുഖ്യമന്ത്രിയുടെ നിധിയിലേത്ത് പരമാവധി സഹായങ്ങള്‍ എത്തണമെന്നും നിവിന്‍ കൂട്ടിച്ചേര്‍ത്തു.

"നമ്മള്‍ വലിയ ദുരിതം നേരിട്ടിരിക്കുന്ന സമയമാണ്. പ്രളയം ബാധിച്ചവരെ പലരും അകമഴിഞ്ഞ് സഹായിച്ചിട്ടുണ്ട്. പരസ്പര സഹകരണത്തോടെയും ഒത്തൊരുമയോടെയുമാണ് കാര്യങ്ങള്‍ നടന്നിട്ടുള്ളത്. ഇത് കേരളത്തെ പുനര്‍നിര്‍മ്മിക്കാനുള്ള കാലമാണ്. അതിനായി ഒത്തൊരുമയോടുകൂടി നമുക്ക് പ്രവര്‍ത്തിക്കാം. സര്‍ക്കാര്‍ വളരെ നന്നായി കാര്യങ്ങള്‍ ഏറ്റെടുത്ത് നടപ്പാക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പറ്റുന്ന എല്ലാവരും സംഭാവന നല്‍കണം. അത്രയും വലിയ നാശനഷ്ടമാണ് നമുക്ക് സംഭവിച്ചിട്ടുള്ളത്. നേരിട്ട് ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തിയാലാണ് അത് മനസിലാവുക. ആലുവ ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ കണ്ടതില്‍ നിന്ന് അതാണ് മനസിലായത്. പത്തും പതിനഞ്ചും വര്‍ഷം അധ്വാനിച്ചുണ്ടാക്കിയ സമ്പാദ്യം മുഴുവന്‍ നഷ്ടപ്പെട്ടവരുണ്ട്. വീടുകള്‍ നഷ്ടമായവരുണ്ട്. അവരെ തിരികെ ജീവിതത്തിലേക്ക് കൈപിടിച്ച് ഉയര്‍ത്തണമെങ്കില്‍ അത്രയും വലിയ സഹായം കൂടിയേ തീരൂ", നിവിന്‍ പോളി പറഞ്ഞു.

കേരളത്തിനകത്തും പുറത്തുമുള്ള സിനിമാമേഖലകളില്‍ നിന്ന് സംഘടനകളും താരങ്ങളും നേരത്തേ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ നല്‍കിയിരുന്നു.

click me!