ഗോവന്‍ ചലച്ചിത്രമേള: പുരസ്കാര ജേതാക്കളായ ചെമ്പൻ വിനോദിനെയും ലിജോ ജോസ് പെല്ലിശ്ശേരിയെയും അഭിനന്ദിച്ച് മുഖ്യമന്ത്രി

By Web TeamFirst Published Nov 28, 2018, 8:36 PM IST
Highlights

ഈ. മ. യൗ ചിത്രത്തിലൂടെയാണ് മികച്ച സംവിധായകനുള്ള പുരസ്കാരം ലിജോ ജോസ് പെല്ലിശ്ശേരിയും മികച്ച നടനുള്ള പുരസ്കാരം ചെമ്പൻ വിനോദും സ്വന്തമാക്കിയത്. 

തിരുവനന്തപുരം: ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഈ. മ. യൗ എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള പുരസ്കാരം ലഭിച്ച ചെമ്പൻ വിനോദിനെയും സംവിധായകനുള്ള പുരസ്കാരം ലഭിച്ച ലിജോ ജോസ് പെല്ലിശ്ശേരിയെയും മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി ഇരുവര്‍ക്കും അഭിനന്ദനം അറിയിച്ചത്.

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തിയ ആഗോള നിലവാരമുള്ള ചിത്രങ്ങളോട് മാറ്റുരച്ചാണ് ലിജോയുടെ ഈ.മ.യൗ മികച്ച നടനും സംവിധായകനുമുള്ള പുരസ്കാരങ്ങള്‍ സ്വന്തമാക്കി കേരളത്തിന്‍റെ അഭിമാനമായി മാറിയത്. എറണാകുളം ജില്ലയിലെ ചെല്ലാനം എന്ന തീരദേശഗ്രാമത്തിലെ ഒരു വീട്ടിലെ ഗൃഹനാഥന്‍ അപ്രതീക്ഷിതമായി മരിക്കുന്നതും തുടര്‍ന്ന് ആ മരണവീട്ടിലുണ്ടാവുന്ന സംഭവവികാസങ്ങളുമാണ് ഈ.മ.യൗ എന്ന ചിത്രത്തില്‍ നിറയുന്നത്. 

മഴയുടേയും കടലിന്‍റേയും ഇരുട്ടിന്‍റേയും പശ്ചാത്തലത്തില്‍ പിതാവിന്‍റെ മരണം സൃഷ്ടിക്കുന്ന മാനസികാഘാതവും പേറി തനിക്ക് മുന്നിലുള്ള പ്രശ്നങ്ങളെ അതിജീവിക്കാന്‍ ശ്രമിക്കുന്ന ഈശി എന്ന മകനായി സമാനതകളില്ലാത്ത പ്രകടനമാണ് ചിത്രത്തില്‍ ചെമ്പൻ വിനോദ് കാഴ്ച്ചവച്ചത്. കേരളത്തിലെ തീയേറ്ററുകളില്‍ മികച്ച നിരൂപക പ്രശംസ സ്വന്തമാക്കിയ ചിത്രം ഗോവ ചലച്ചിത്രമേളയിലും പ്രേക്ഷകപ്രീതി പിടിച്ചു പറ്റിയിരുന്നു. 

click me!