ഫ്രാന്‍സിന് ജയമേകിയത് ദിമിത്രി പായറ്റിന്റെ സ്വപ്‌നഗോള്‍

By Web DeskFirst Published Jun 10, 2016, 7:38 PM IST
Highlights

പാരീസ്: ആതിഥേയരായ ഫ്രാന്‍സിന്റെ ജയത്തോടെ യൂറോ കപ്പ് ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പിന് കളിത്തട്ടുണര്‍ന്നു. സ്വന്തം നാട്ടുകാരുടെ കണ്‍മുന്നില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് റുമാനിയയൊണ് ഫ്രാന്‍സ് തോല്‍പ്പിച്ചത്. സമനിലയാകുമെന്ന് ഏതാണ്ട് ഉറപ്പിച്ച മല്‍സരം അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ശേഷിക്കെയാണ് തകര്‍പ്പന്‍ ഗോളുമായി ദിമിത്രി പായറ്റ് ഫ്രാന്‍സിന് ജയം സമ്മാനിച്ചത്. ഇരുപത് വാര അകലെനിന്നുള്ള പായറ്റിന്റെ വെടിയുണ്ട കണക്കെയുള്ള ഷോട്ടിന് റുമാനിയന്‍ ഗോളിക്കോ പ്രതിരോധനിരയ്‌ക്കോ മറുപടി ഉണ്ടായിരുന്നില്ല. വിജയഗോള്‍ പിറന്നതോടെ ഗ്യാലറികളിലെ ആവേശം വാനോളം ഉയര്‍ന്നു. ഈ ജയത്തോടെ ഗ്രൂപ്പ് എയില്‍ മൂന്നു പോയിന്റുമായി ഫ്രാന്‍സ് ഒന്നാമതാണ്.

ഗോള്‍രഹിതമായി ആദ്യപകുതിക്കുശേഷമാണ് കളി ചടുലമായത്. അന്‍പത്തിയേഴാം മിനിറ്റില്‍ ഒലിവര്‍ ജിറൗഡിലൂടെ ഫ്രാന്‍സ് മുന്നില്‍ എത്തി‍. എന്നാല്‍ ഫ്രാന്‍സിന്റെ ആഹ്ലാദത്തിന് എട്ട് മിനിറ്റു മാത്രമേ ആയുസ്സുണ്ടായിരുന്നുള്ളൂ. എവ്രയുടെ പിഴവിന് റഫറി വിധിച്ചത് പെനാല്‍റ്റി. കിക്കെടുത്ത റുമാനിയന്‍ താരം സ്റ്റാന്‍കുവിന് പിഴച്ചില്ല. സ്‌കോര്‍- 1-1. ആക്രമണങ്ങളും പ്രത്യാക്രമണങ്ങളുമായി ഇരു ടീമും കളംനിറഞ്ഞു. കളി സമനിലയിലേക്കെന്ന് ഉറച്ച നിമിഷങ്ങളില്‍ പിറന്ന പായറ്റിന്റെ സ്വപ്നഗോള്‍ ഫ്രഞ്ച് ആരാധകരുടെ ഹൃദയം നിറച്ചു.

ഇന്ന് മൂന്ന് മത്സരങ്ങള്‍. വൈകിട്ട് ആറരയ്ക്ക് അല്‍ബേനിയ സ്വിറ്റ്‌സര്‍ലന്‍ഡിനെയും രാത്രി ഒന്‍പതരയ്ക്ക് വെയ്ല്‍സ് സ്ലോവാക്യയെയും അര്‍ധരാത്രി പന്ത്രണ്ടരയ്ക്ക് ഇംഗ്ലണ്ട് റഷ്യയെയും നേരിടും.

click me!