ചരിത്രത്തെയും കണക്കുകളെയും പേടിച്ച് ഇറ്റലിക്കെതിരെ ജര്‍മ്മനി

By Web DeskFirst Published Jul 2, 2016, 1:08 PM IST
Highlights

പാരീസ്: ജര്‍മ്മനിക്കെതിരെ  ഇറങ്ങുമ്പോള്‍  കണക്കുകള്‍ ഇറ്റലിക്ക്  അനുകൂലമാണ്. പ്രധാന ടൂര്‍ണമെന്‍റുകളിലെ നോക്കൗട്ട് പോരാട്ടങ്ങളില്‍, ഇറ്റലിയെ തോൽപ്പിക്കാന്‍  ജര്‍മ്മനിക്ക് ഇതുവരെയും കഴിഞ്ഞിട്ടില്ല. ഫുട്ബോള്‍  ഒരു ലളിതമായ കളിയാണ്. 22 ആളുകള്‍  90 മിനിറ്റ് ഒരു പന്തിന് പിന്നാലെ പായും .ഏറ്റവും ഒടുവിൽ ജര്‍മ്മനി ജയിക്കും. ഗാരി ലിനേക്കറുടെ പ്രശസ്തമായ ഈ വാചകത്തോട് അസൂരികള്‍ ഒട്ടും യോജിക്കില്ല.

നാലു തവണ ലോകകപ്പും മൂന്നു വട്ടം യൂറോ കപ്പും ഉയര്‍ത്തിയിട്ടുള്ള ജര്‍മ്മനിയുടെ  ഹുങ്കിന് മുന്നിൽ ഒരിക്കല്‍ പോലും തലകുനിച്ചിട്ടില്ല അസൂരിപ്പട. 1970ലെ ലോകകപ്പ് സെമി മുതല്‍ 2012ലെ യൂറോ കപ്പ് സെമിവരെ   പ്രധാന ടൂര്‍ണമെന്‍റുകളില്‍ എട്ട് തവണ നേര്‍ക്കുനേര്‍ വന്നപ്പോഴും ഇറ്റലിയെ തോൽപ്പിക്കാന്‍ ജര്‍മ്മനിക്ക് കഴിഞ്ഞില്ല .

എട്ട് കളികളില്‍ ഇറ്റലിക്ക് നാല് ജയം. നാലു  മത്സരം സമനിലയില്‍. ഇരുടീമുകളും ആകെ ഏറ്റുമുട്ടിയ 33 കളിയിൽ 15ലും ജയവും ഇറ്റലിക്കൊപ്പം. കഴിഞ്ഞ യൂറോ കപ്പിലും ജര്‍മ്മന്‍ ടാങ്കുകളെ നിശബ്ദമാക്കിയത് അസൂരിപ്പടയാണ്. അധിക്ഷേപങ്ങള്‍ക്ക് ബുള്ളറ്റ് ഷോട്ടുകളിലൂടെ മരിയോ ബലോട്ടെല്ലി  മറുപടി നൽകിയപ്പോള്‍, ഇറ്റലി ഫൈനലിലെത്തി.

പഴയ കണക്കിൽ കാര്യമില്ലെന്നാണ് ജര്‍മ്മന്‍ പരിശീലകന്‍ ജ്വാക്കിം ലോയുടെ വാദം. അവസാനം നേര്‍ക്കുനേര്‍ വന്ന സൗഹൃ-മത്സരത്തിൽ ഒന്നിനെതിരെ 4 ഗോളുകള്‍ക്ക് ജര്‍മ്മനി ജയിച്ചെന്നും ലോ ഓര്‍മ്മിപ്പിക്കുന്നു. എന്നാല്‍ ഇറ്റലിക്ക് പകരം സ്പെയിന്‍ മതിയായിരുന്നു ക്വാര്‍ട്ടര്‍ എിതരാളികളെന്ന് ജര്‍മ്മന്‍ ഇതിഹാസം  ബെക്കന്‍ ബോവര്‍തുറന്ന് പറയുമ്പോള്‍ ഒരു കാര്യം വ്യക്തം. എല്ലാവരും ഭയപ്പെടുന്ന ജര്‍മ്മനിക്ക് ഇറ്റലിക്കെതിരെ ആത്മവിശ്വാസം കുറവാണ്. എന്തായാലും കണക്കുകളും ചരിത്രവും തിരുത്തി ലോക  ചാമ്പ്യന്‍മാര്‍ ഇറ്റലിയോട് കണക്കുതീര്‍ക്കുമോ എന്ന് കാത്തിരുന്ന് കാണാം.

 

click me!