സ്വീഡനെ തോല്‍പ്പിച്ച് ഇറ്റലി പ്രീ-ക്വാര്‍ട്ടറില്‍

By Web DeskFirst Published Jun 17, 2016, 3:10 PM IST
Highlights

പാരീസ്: യൂറോ കപ്പില്‍ മുന്‍ ചാംപ്യന്‍മാരായ ഇറ്റലി പ്രീ-ക്വാര്‍ട്ടറിലെത്തി. സ്വീഡനെ മറുപടിയില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് ഇറ്റലി മുന്നേറിയത്. നിശ്ചിതസമയം അവസാനിക്കുന്നതിന് രണ്ടു മിനിട്ട് മുമ്പാണ് ഇറ്റലി വിജയ ഗോള്‍ കണ്ടെത്തിയത്. ഇറ്റലിയുടെ പതിനേഴാം നമ്പര്‍ താരം ഏദറാണ് ഗോള്‍ നേടിയത്. സ്വീഡീഷ് പ്രതിരോധനിരയെ വിദഗ്ദ്ധമായി മറികടന്നാണ് ഏദര്‍ ഗോള്‍ കണ്ടെത്തിയത്. സിമോണ്‍ സാസയുടെ പാസില്‍നിന്നായിരുന്നു ഏദറിന്റെ ഗോള്‍. പൊതുവെ പ്രതിരോധത്തിന് മുന്‍തൂക്കം നല്‍കി കളിച്ച ഇരു ടീമുകള്‍ക്കും നല്ല ചില അവസരങ്ങള്‍ ലഭിച്ചെങ്കിലും അതൊന്നും ഗോളായി മാറിയില്ല. ജയിച്ചത് ഇറ്റലിയാണെങ്കിലും പന്തടക്കത്തില്‍ നേരിയ മുന്‍തൂക്കം സ്വീഡനായിരുന്നു. സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച്, തിയഗോ മോട്ട തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ലക്ഷ്യം കാണാന്‍ സ്വീഡന് സാധിച്ചില്ല. ഇറ്റാലിയന്‍ ഗോളി ജിയൂലി ബഫണ് മല്‍സരത്തിന്റെ അവസാനം മഞ്ഞക്കാര്‍ഡ് കാണേണ്ടി വന്നു.

ആദ്യ കളിയില്‍ ബെല്‍ജിയത്തെ തോല്‍പ്പിച്ച ഇറ്റലിക്ക് ഇതോടെ ആറു പോയിന്റായി. അതേസമയം ആദ്യ കളിയില്‍ അയര്‍ലന്‍ഡിനോട് സെല്‍ഫ് ഗോളില്‍ സമനില കണ്ടെത്തിയ സ്വീഡന് ഒരു പോയിന്റ് മാത്രമാണുള്ളത്.

ജൂണ്‍ 23ന് നടക്കുന്ന അവസാന ഗ്രൂപ്പ് മല്‍സരങ്ങളില്‍ ഇറ്റലി അയര്‍ലന്‍ഡിനെയും സ്വീഡന്‍ ബെല്‍ജിയത്തെയും നേരിടും.

click me!