അനാരോഗ്യകരമായ ഭക്ഷണ രീതി, പ്രത്യേകിച്ച് കൊഴുപ്പ് അധികമുള്ള ഭക്ഷണം കഴിക്കുന്നതാണ് ശരീരത്തിൽ മോശം കൊളസ്ട്രോൾ അടിഞ്ഞുകൂടാൻ പ്രധാന കാരണം. പുകവലി മൂലവും ഇതുണ്ടാകും. മോശം കൊളസ്ട്രോൾ (എൽഡിഎൽ) നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ പല തരത്തിൽ ബാധിക്കും. ഇത് നിങ്ങളുടെ കരളിനെയും പ്രതികൂലമായി ബാധിക്കാം.

മോശം കൊളസ്ട്രോളിന്റെ അളവ് അമിതമാകുമ്പോൾ അത് ധമനികളുടെ ഭിത്തിയില്‍ കൊഴുപ്പായി അടിഞ്ഞ് കൂടുന്നു. ഇത് ഹൃദയാരോഗ്യത്തിന് വലിയ ഭീഷണിയാണ്. അത് കൂടാതെ, കൊളസ്ട്രോൾ ഹൃദയത്തിലേക്കും ശരീരത്തിലെ മറ്റ് അവയവങ്ങളിലേക്കും രക്തപ്രവാഹം തടയുന്നതിന് കാരമാകുന്നു. മോശം കൊളസ്ട്രോൾ ഹൃദയത്തെ മാത്രമല്ല  കരളിന്റെ ആരോ​ഗ്യത്തെയും ബാധിക്കാം. 

കരളിനെ നല്ല നിലയിൽ നിലനിർത്തേണ്ടത് പ്രധാനമാണ്.  കൊളസ്ട്രോൾ കൂടുതലുള്ള അനാരോഗ്യകരമായ ഭക്ഷണക്രമം കരളിന് ചുറ്റും കൊഴുപ്പ് നിക്ഷേപിക്കുന്നു. ഈ അവസ്ഥ 'നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് ' (NAFLD) ലേക്ക് നയിച്ചേക്കാം. കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനാലാണ് ഇത് സാധാരണയായി സംഭവിക്കുന്നത്. 

കൃത്യസമയത്ത് രോഗനിർണയം നടത്തിയാൽ NAFLD ഫലപ്രദമായി നിയന്ത്രിക്കാൻ കഴിയും. എന്നാൽ നിസാരമായി കാണുകയാണെങ്കിൽ NAFLD നിരവധി രോ​ഗങ്ങൾക്ക് കാരണമാകും. പ്രമേഹം, ഹൃദയാഘാതം,  കരൾ തകരാറുകൾ എന്നിവയ്ക്ക് കാരണമാകും. 

നല്ല കൊളസ്ട്രോൾ നില നിലനിർത്താൻ ചെയ്യേണ്ടത്...

1. നിങ്ങളുടെ ഭക്ഷണക്രമത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുക. ഫൈബർ, ഒമേഗ -3 എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ 
ധാരാളം കഴിക്കുക. സംസ്കരിച്ച ഭക്ഷണങ്ങളുടെ ഉപഭോഗം പരിമിതപ്പെടുത്തണം.

2. ഭാരം കൂടുതലാണെങ്കിൽ ആരോഗ്യകരമായ ഒരു ബി‌എം‌ഐയിൽ എത്താൻ ശ്രമിക്കുക. ഉയരത്തിന് ആനുപാതികമായ വണ്ണമാണ് ഏതൊരാൾക്ക് ആവശ്യം.

3. മദ്യപാനത്തിന്റെ അളവ് പരിമിതപ്പെടുത്തുക എന്നതാണ് പ്രധാനപ്പെട്ട മറ്റൊരു കാര്യം. മദ്യപാനം കുറയ്ക്കുന്നത് കൊളസ്ട്രോളിന്റെ അളവിനും കരളിന്റെ ആരോഗ്യത്തിനും നല്ലതാണ്.

4. പുകവലി നിങ്ങളുടെ ശ്വാസകോശത്തിന് മാത്രമല്ല. ഇത് ശരീരത്തിന്റെ മിക്കവാറും എല്ലാ ഭാഗങ്ങളെയും പ്രതികൂലമായി ബാധിക്കുന്നു. ആരോഗ്യകരമായ ജീവിതം നയിക്കാൻ പുകവലി ഉപേക്ഷിക്കുക.

5. ആരോഗ്യകരമായ കൊളസ്ട്രോൾ നിലനിർത്താൻ പതിവായി വ്യായാമം ചെയ്യുക. മോശം കൊളസ്ട്രോളിന്റെയും  മറ്റ് നിരവധി രോഗങ്ങളുടെ അപകടസാധ്യതയെയും നിയന്ത്രിക്കാനും ഇത് സഹായിക്കും.

ഈ ലക്ഷണങ്ങളുണ്ടോ? എങ്കില്‍ തിരിച്ചറിയൂ നിങ്ങള്‍ പ്രശ്‌നത്തിലാണ്....