വടക്കൻ എത്യോപ്യയില്‍ (Ethiopia) തുടരുന്ന ആഭ്യന്തരയുദ്ധത്തിനിടെ കുടിയൊഴിപ്പിക്കപ്പെട്ടവരെ പാര്‍പ്പിച്ചിരിക്കുന്ന ക്യാമ്പിന് നേരെയുണ്ടായ വ്യോമാക്രമണത്തിൽ 56 പേർ കൊല്ലപ്പെടുകയും ഡസൻ പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോര്‍ട്ട്. എത്യോപ്യയിലെ ടിഗ്രേ മേഖലയിലെ (Tigray) ഡെഡെബിറ്റ് പട്ടണത്തിലെ ഒരു സ്‌കൂളിൽ അക്രമത്തെ തുടര്‍ന്ന് ചികിത്സയിൽ കഴിയുന്ന ആളുകളുടെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. എന്നാല്‍ ആക്രമണത്തെക്കുറിച്ച് ഇതുവരെ ഔദ്ധ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഒരു വർഷത്തിലേറെയായി ടിഗ്രേയിൽ സർക്കാർ സേന വിമതർക്കെതിരെ പോരാടുകയാണ്. ഇതിനകം ആയിരക്കണക്കിന് പേര്‍ക്ക് യുദ്ധത്തെ തുടര്‍ന്ന് ജീവന്‍ നഷ്ടമായി. എത്യോപ്യൻ സൈന്യവും ടിഗ്രേയന്മാരുടെ നേതൃത്വത്തിലുള്ള വിമത സഖ്യവും തമ്മിലുള്ള ഏറ്റുമുട്ടലുകൾ താൽക്കാലികമായി നിർത്തിയെങ്കിലും വിമതരുടെ കേന്ദ്രങ്ങള്‍ക്ക് നേരെ സര്‍ക്കാര്‍ നടത്തുന്ന വ്യോമാക്രമണം തുടരുകയാണ്. പരിക്കേറ്റവരുടെ എണ്ണം പ്രാദേശിക അധികാരികൾ സ്ഥിരീകരിച്ചതായി ശനിയാഴ്ച റോയിട്ടേഴ്‌സ് വാർത്താ ഏജൻസി റിപ്പോര്‍ട്ട് ചെയ്തു.
എത്യോപ്യയിലെ ഡാർസഗേറ്റയിലെ അഫാർ മേഖലയിൽ നിന്ന് ഡിസംബർ ആദ്യം ടിപിഎല്‍എഫ് വിമത വിഭാഗം പിന്മാറിയിരുന്നു. എന്നാല്‍, വിമതരുടെ സൈന്യം ഒളിവില്‍ കഴുയുന്നുവെന്ന വിവരത്തെ തുടര്‍ന്നാണ് സൈന്യം സ്കൂളില്‍ വ്യോമാക്രമണം നടത്തിയതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
213
ഈ മേഖലയില്‍ മാത്രം ഏതാണ്ട് 3,40,000 ആളുകൾക്ക് ഭക്ഷ്യസഹായം ആവശ്യമുണ്ട്. ആഭ്യന്തരയുദ്ധത്തെ തുടര്‍ന്ന് കുടിയൊഴിപ്പിക്കപ്പെട്ട ഏതാണ്ട് 1.2 ദശലക്ഷം അഭയാര്‍ത്ഥികള്‍ ഈ പ്രദേശത്തുണ്ടെന്ന് കണക്കാക്കപ്പെടുന്നു.
313
നിരവധി കുട്ടികൾ ഉൾപ്പെടെ ആശുപത്രിയിൽ പരിക്കേറ്റവരുടെ ചിത്രങ്ങളും പേരു വെളിപ്പെടുത്താത്ത സന്നദ്ധ പ്രവര്‍ത്തകര്‍ മാധ്യമങ്ങള്‍ക്ക് കൈമാറി. സ്‌കൂളിൽ ആരാണ് ആക്രമണം നടത്തിയതെന്നോ എങ്ങനെയാണ് ആക്രമണമുണ്ടായതെന്നോ വ്യക്തമല്ല. യുദ്ധത്തിനിടെ എത്യോപ്യൻ സർക്കാർ സാധാരണക്കാരെ ലക്ഷ്യമിടുന്നുവെന്ന ആരോപണം സര്‍ക്കാര്‍ നിഷേധിച്ചിരുന്നു.
413
വെള്ളിയാഴ്ച, വിമത ടിഗ്രേയന്‍ പീപ്പിൾസ് ലിബറേഷൻ ഫ്രണ്ടിന്‍റെ ( Tigrayan People's Liberation Front - TPLF) നേതാക്കൾ ഉൾപ്പെടെ നിരവധി ഉയർന്ന പ്രതിപക്ഷ നേതാക്കളെ വിട്ടയച്ചതായി സർക്കാർ പ്രഖ്യാപിച്ചു. അനുരഞ്ജനവും "ഐക്യം" പ്രോത്സാഹിപ്പിക്കലുമാണ് സര്‍ക്കാറിന്‍റെ ലക്ഷ്യമെന്നായിരുന്നു എത്യോപ്യന്‍ സര്‍ക്കാര്‍ പറഞ്ഞത്.
513
2020 നവംബറിൽ പ്രദേശത്തെ പ്രാദേശിക ശക്തികൾക്കെതിരെ സൈനിക ആക്രമണത്തിന് എത്യോപ്യന്‍ പ്രസിഡന്‍റ് അബി അഹമ്മദ് (Abiy Ahmed) ഉത്തരവിട്ടതിനെത്തുടർന്നാണ് ടിഗ്രേയില്‍ സംഘർഷം ആരംഭിച്ചത്. സർക്കാർ സൈനികർ താമസിക്കുന്ന സൈനിക താവളത്തിന് നേരെയുണ്ടായ ആക്രമണത്തിന് മറുപടിയായാണ് താൻ അങ്ങനെ ചെയ്തതെന്നായിരുന്നു അന്ന് അദ്ദേഹം പറഞ്ഞത്.
613
മാസങ്ങളായി അബി അഹമ്മദിന്‍റെ എത്യോപ്യന്‍ സർക്കാരും ടിപിഎൽഎഫ് നേതാക്കളും തമ്മിലുള്ള സംഘര്‍ഷമാണ് ആഭ്യന്തരയുദ്ധത്തിലേക്കെത്തിച്ചത്. കഴിഞ്ഞ ഒരു വര്‍ഷമായി തുടരുന്ന സംഘർഷത്തിൽ പതിനായിരക്കണക്കിന് ആളുകൾ പലായനം ചെയ്തു.
713
ഒരു വര്‍ഷമായി തുടരുന്ന എത്യോപ്യന്‍ ആഭ്യന്തരയുദ്ധത്തിനിടെ കഴിഞ്ഞ ക്രിസ്മസിനാണ് ജയിലില്‍ കഴിയുന്ന വിമത നേതാക്കളടക്കമുള്ളവര്‍ക്ക് സര്‍ക്കാര്‍ പൊതു മാപ്പ് നല്‍കി വിട്ടയച്ചത്. പത്രപ്രവര്‍ത്തകരും പ്രതിപക്ഷ നേതക്കളും മറ്റ് വിമത നേതാക്കളെയും ഇത്തരത്തില്‍ പൊതുമാപ്പ്നല്‍കി വിട്ടയച്ചതായി സര്‍ക്കാര്‍ അവകാശപ്പെട്ടു.
813
ആഭ്യന്തര സംഘര്‍ഷം ലഘൂകരിക്കുന്നതിനും ദേശീയ അനുരഞ്ജനം കൈവരിക്കുന്നതിനും "രാജ്യത്തിന്‍റെ ഐക്യം" പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ പൊതുമാപ്പെന്നാണ് പ്രധാനമന്ത്രി അബി അഹമ്മദ് പറഞ്ഞത്.
913
ഏതാണ്ട് 15 മാസത്തോളമായി നീണ്ടുനില്‍ക്കുന്ന സംഘർഷത്തിന് വിരാമമിട്ടതോടെയാണ് സര്‍ക്കാര്‍ ഇത്തരമൊരു നീക്കവുമായി മുന്നോട്ട് വന്നത്. അടുത്തിടെ വിമതരുടെ നിയന്ത്രണത്തിലുള്ള നിരവധി പ്രദേശങ്ങള്‍ സർക്കാർ സേന പിടിച്ചെടുത്തിരുന്നു.
1013
പൊതുമാപ്പിന് കീഴിൽ പുറത്തിറങ്ങിയവരില്‍ ഉയര്‍ന്ന ടിപിഎൽഎഫ് നേതാക്കളും പാർട്ടിയുടെ സ്ഥാപക അംഗമായ സിഭത് നേഗയും ടിഗ്രേ റീജിയണിന്‍റെ മുൻ പ്രസിഡന്‍റ് അബേ വെൽഡുവും ഉൾപ്പെട്ടിരുന്നു. മറ്റ് നിരവധി വംശീയ ഗ്രൂപ്പുകളിൽ നിന്നുള്ള പ്രമുഖരെയും സര്‍ക്കാര്‍ പൊതുമാപ്പ് നല്‍കി വിട്ടയച്ചിരുന്നു.
1113
പത്രപ്രവർത്തകൻ എസ്‌കെന്ദർ നേഗയും പ്രതിപക്ഷ നേതാവ് ജവാർ മുഹമ്മദ് എന്നിവരും ഇത്തരത്തില്‍ പൊതുമാപ്പ് നല്‍കി വിട്ടയച്ചവരില്‍ ഉൾപ്പെടുന്നു. ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമായ എത്യോപ്യയില്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാനായി യുഎസ് പ്രത്യേക ദൂതൻ ജെഫ്രി ഫെൽറ്റ്‌മാൻ നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപനവും രാഷ്ട്രീയ തടവുകാരുടെ വിടുതലും സാധ്യമായത്.
1213
2020 നവംബറിൽ കൊവിഡ് വ്യാപനത്തിനിടെയാണ് ടിഗ്രേയില്‍ സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. സർക്കാർ സൈനികർ താമസിക്കുന്ന സൈനിക താവളത്തിന് നേരെ വിമതര്‍ നടത്തിയ അക്രമണത്തില്‍ നിരവധി സൈനീകര്‍ മരിച്ചിരുന്നു. ഈ അക്രമണമാണ് തന്നെ വിമതര്‍ക്കെതിരെ യുദ്ധം ചെയ്യാന്‍ പ്രേയരിപ്പിച്ചതെന്നാണ് പ്രധാനമന്ത്രി അബി അഹമ്മദ് അവകാശപ്പെടുന്നത്.
1313
20 വർഷമായി തുടരുകയായിരുന്ന എത്യോപ്യന്‍ - എറിത്രി യുദ്ധത്തിന് വിരാമിട്ടത് പ്രധാനമന്ത്രി അബി അഹമ്മദിന്‍റെ നയതന്ത്രത്തിലൂടെയായിരുന്നു. ഇതോടെ ആഗോളതലത്തില്‍ വലിയ പ്രശസ്തിയാണ് അദ്ദേഹത്തിന് നേടാന്‍ കഴിഞ്ഞത്. ഇതിന്‍റെ ഫലമായി 2019 ല്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാനം അദ്ദേഹത്തെ തേടിയെത്തി.