'ഈ കാട് കാക്കപ്പെടണം, കാരണം ഇവിടെ പക്ഷികളും മൃഗങ്ങളും വൃക്ഷങ്ങളുമുണ്ട്... പിന്നെ ഞങ്ങളുടെ പൂര്‍വികരും'

First Published Jun 17, 2021, 9:32 AM IST


ചിലരങ്ങനെയാണ്... നമ്മുടെ കണ്‍മുന്നിലുണ്ടാകും പക്ഷേ, നമ്മളൊരിക്കലും അവരെ കണ്ടെത്തിയെന്ന് വരില്ല. അവര്‍ നിശബ്ദമായി നമ്മുക്കിടെയില്‍ നമ്മുക്ക് കൂടി വേണ്ടി പണിയെടുക്കുകയാകും. അതെ, നിശബ്ദമായി ഓരോ ജനതയ്ക്കിടെയിലും അത്തരത്തിലൊരു സമര്‍പ്പിത ജീവിതം കാണാം. അത്തരത്തില്‍ പ്രകൃതിക്ക് വേണ്ടി സമര്‍പ്പിത ജീവിതം ജീവിക്കുന്ന ചിലരെ നാം തിരിച്ചറിയുന്നത് പ്രശസ്തമായ ചില പുരസ്കാരങ്ങള്‍‌ അവരെ തേടിയെത്തുമ്പോഴാണ്. അത്തരത്തിലുള്ള ഒരാളാണ് ലിസ് ചിക്കാജെ ചുരേ. അങ്ങ് പെറുവിലെ ആമസോണ്‍ കാടുകളുടെ സംരക്ഷണം സ്വയമേറ്റെടുത്ത് അതിനായി പോരാടിയ ഒരു പോരാളിയാണ് ലിസ് ചിക്കാജെ. വടക്കന്‍ പെറുവിലെ ഏറ്റവും വലിയ മഴക്കാടുകള്‍ ഉള്‍പ്പെടുന്ന പ്രദേശമാണ് ലോറെട്ടോ പ്രദേശം. ഇവിടെ നിന്നാണ് ലോകപ്രശസ്തമായ ആമസോണ്‍ നദിയുടെ ചില കൈ വഴികള്‍ തുടങ്ങുന്നതും. പുരാതന കാലത്ത് പ്രകൃതിയെ ആരാധിച്ച് ജീവിച്ചിരുന്നൊരു ആദിമ ജനത ഇവിടെ ജീവിച്ചിരുന്നു. എന്നാല്‍ ലോകം പിടിച്ചടക്കാന്‍ ഇറങ്ങിയ യൂറോപ്യന്മാരുടെ വരവ് ആമസോണിന്‍റെ ഉള്‍ക്കാടുകളെയും പതുക്കെ കാര്‍ന്നു തുടങ്ങി. ഇന്ന് മരത്തിലും സ്വര്‍ണ്ണത്തിനും വേണ്ടി ആമസോണ്‍ കാടുകളില്‍ മണ്ണ് മാന്തിയും കാട് വെട്ടിയും വെളിപ്പിക്കപ്പെട്ട് കൊണ്ടിരിക്കുമ്പോള്‍ ആ മണ്ണിനെ കാത്ത് സൂക്ഷിക്കുകയാണ് ലിസ് ചിക്കാജെ. ഭൂമിയുടെ നിലനില്‍പ്പിനായി നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന ലിസിനെ തേടി ഈ വര്‍ഷത്തെ ഗോള്‍ഡ്‍മാന്‍ പുരസ്കാരമെത്തി. അറിയാം ലിസിന്‍റെ ആമസോണ്‍ വഴികളെ കുറിച്ച്. 
 

32 - മത് ഗോൾഡ്മാൻ പരിസ്ഥിതി സമ്മാനം ആറ് പേര്‍ക്കാണ് ലഭിച്ചത്. അമേരിക്കയിൽ നിന്നുള്ള ഷാരോൺ ലവിഗ്നെ, മലാവിയിൽ നിന്നുള്ള ഗ്ലോറിയ മജിഗ-കാമോട്ടോ, വിയറ്റ്നാമിൽ നിന്നുള്ള തായ്വാൻ ഗുയിൻ, ബോസ്നിയയിൽ നിന്നും മൈദ ബിലാൽ, ഹെർസഗോവിന, ജപ്പാനിൽ നിന്നുള്ള കിമിക്കോ ഹിരാത, പെറുവിൽ നിന്നുള്ള ലിസ് ചിക്കാജെ ചുരേ എന്നിവരാണ് 2021 സമ്മാന ജേതാക്കൾ.
undefined
ഇതില്‍ ശ്രദ്ധേയമായ പേരാണ് ലിസ് ചിക്കാജെ ചുരേ എന്ന മുപ്പത്തെട്ടുകാരി. ലോകത്തിന്‍റെ നിലനില്‍പ്പിനായി അവര്‍ സംരക്ഷിക്കുന്നത് ഒന്നും രണ്ടുമല്ല, രണ്ട് ദശലക്ഷത്തിലധികം ഏക്കര്‍ ഭൂമിയാണ്. അതിനായി അവര്‍ നടത്തിയ പോരാട്ടത്തിന്‍റെ ഫലപ്രാപ്തിയാണ് പുരസ്കാരം.
undefined
ലിസ് ചിക്കാജെന്‍റെ പോരാട്ടങ്ങളുടെ ശ്രമഫലമായിട്ടാണ് പെറുവിലെ കൊളംമ്പയയുമായി അതിര്‍ത്തി പങ്കിടുന്ന വടക്കന്‍ മേഖലയില്‍ യാഗ്വാസ് നാഷണൽ പാർക്ക് നിലവില്‍ വന്നത്. ലിസിന്‍റെ കരുതലില്‍ ഏതാണ്ട് രണ്ട് ദശലക്ഷത്തിലധികം ഏക്കര്‍ ഭൂമിയാണ് ഇന്ന് സ്വര്‍ണ്ണഖനിക്കാരില്‍ നിന്നും മരം കൊള്ളക്കാരില്‍ നിന്നും സര്‍ക്കാര്‍ സംരക്ഷണയില്‍ സുരക്ഷിതമായിരിക്കുന്നത്.
undefined
ഏറെ ശ്രദ്ധ വേണ്ടുന്ന അനേകം വന്യജീവികളാൽ സമ്പന്നമായ ഈ പ്രദേശത്തിന്‍റെ സംരക്ഷണം പ്രകൃതി സംരക്ഷണത്തിന്‍റെ ഏറ്റവും വലിയ ഉദാഹരണങ്ങളിലൊന്നാണ്. കൊറോണ വൈറസ് ബാധിച്ചതിനെത്തുടർന്ന് കഴിഞ്ഞ വർഷം മരിച്ച ഹ്യൂട്ടോടോ സ്വദേശിയും ഗ്രൂപ്പിന്‍റെ നേതാവുമായ ബെഞ്ചമിൻ റോഡ്രിഗസിനൊപ്പമാണ് ലിസ് ചിക്കാജെ ചുരെയും അവാർഡിനായി നാമനിർദേശം ചെയ്തിരുന്നത്.
undefined
വടക്ക് - കിഴക്കൻ പെറുവിന്‍റെ കൊളംബിയന്‍ അതിർത്തിയിലുള്ള ലോറെറ്റോ മേഖലയിലെ യാഗ്വാസ് ദേശീയ പാർക്കിന് തൊട്ടടുത്താണ് ലിസ് ചിക്കാജെ ചുരെയും അവളുടെ തദ്ദേശീയ സമൂഹമായ ബോറ തദ്ദേശീയരും താമസിക്കുന്നത്. ആമസോണ്‍ കാടുകളിലെ തദ്ദേശീയ ജനതയാണ് ബോറ വംശജര്‍.
undefined
യാഗ്വാസ് ദേശീയ പാർക്കിൽ ജനവാസമില്ലെങ്കിലും അതിന്‍റെ 2.1 ദശലക്ഷം ഏക്കർ (868,000 ഹെക്ടർ) , അതായത് അമേരിക്കയിലെ യെല്ലോസ്റ്റോൺ നാഷണൽ പാർക്കിന്‍റെ ഏതാണ്ട് വലിപ്പമുള്ളത്രയും പ്രദേശത്ത് ഏകദേശം 3,000 ഇനം സസ്യങ്ങളും 500 ലധികം പക്ഷികളും 550 ഇനം മത്സ്യങ്ങളുമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
undefined
വര്‍ഷങ്ങളായി തദ്ദേശീയ സമൂഹത്തിനിടെയില്‍ ആമസോണ്‍ കാടുകള്‍ സംരക്ഷിക്കപ്പെടേണ്ടിതിന്‍റെ ആവശ്യത്തെ കുറുച്ച് ചിക്കാജെയുടെ നേതൃത്വത്തിൽ നിരന്തരമായി ബോധവത്കരണ പ്രചാരണ പരിപാടികള്‍ നടത്തി. ഇതിനായി ലിസിനെ ആരും നിര്‍ബന്ധിച്ചിരുന്നില്ല. അവര്‍ സ്വയമേവ ആ പരിപാടി ഏറ്റെടുക്കുകയായിരുന്നു. ലിസിന്‍റെ ആത്മാര്‍ത്ഥത കണ്ട പ്രദേശത്തെ തദ്ദേശീയ സമൂഹങ്ങള്‍ തങ്ങളുടെ വനം കൊള്ളക്കാരില്‍ നിന്ന് സംരക്ഷിക്കുന്നതിനായി ലിസിന് പിന്നില്‍ അണിനിരന്നു.
undefined
ഇതേതുടര്‍ന്ന് പെറുവിയൻ സർക്കാർ 2018 ജനുവരിയിൽ വടക്ക് - കിഴക്കൻ ലോറെറ്റോ മേഖലയിലെ യാഗ്വാസ് ഒരു ദേശീയ ഉദ്യാനമായി പ്രഖ്യാപിച്ചു.“ഞങ്ങൾ കാട്ടിലാണ് താമസിക്കുന്നത്. അതിലൂടെയാണ് ഞങ്ങൾ നടക്കുന്നത്. എല്ലാവരേക്കാളും നന്നായി ഞങ്ങൾക്ക് കാടിനെ അറിയാം. അതിനാൽ ഈ പ്രദേശത്തെയും അതിനെ ആശ്രയിക്കുന്ന ആളുകളെയും സംരക്ഷിക്കാനുള്ള ആഗ്രഹം സ്വാഭാവികമായും ഞങ്ങളിലുണ്ടാകും." ലിസ് ബിബിസിയോട് പറഞ്ഞു.
undefined
പ്രദേശത്ത് ദേശീയ ഉദ്യാനത്തിനായി പോരാടിയത് തദ്ദേശീയ ഗ്രൂപ്പുകളുടെ കൂട്ടായ്മയായിരുന്നുവെന്നും ഇത് യാദൃശ്ചികമായി സംഭവിച്ചതല്ലെന്നും മിസ് ചിക്കാജെ പറയുന്നു. അനധികൃത മരംവെട്ടുകാരില്‍ നിന്നും ഖനിത്തൊഴിലാളികളിൽ നിന്നും ഈ പ്രദേശത്തെ സംരക്ഷിക്കുന്നതിനായി പ്രദശേത്തെ ദേശീയോദ്യാനമായി പ്രഖ്യാപിക്കണമെന്ന ആവശ്യത്തിന് കാലങ്ങളോളം പഴക്കമുണ്ട്.
undefined
എന്നാൽ, ഈ ആവശ്യത്തിനായി പോരാടുന്ന തദ്ദേശീയരായ ജനതയ്ക്ക് അതിനായി രാജ്യത്തെ രാഷ്ട്രീയ പിന്തുണ ഉറപ്പിക്കാന്‍ കഴിഞ്ഞില്ല. “നിങ്ങളുടെ ഭൂമിയോടും വനത്തോടും സമൂഹത്തോടും ജനങ്ങളോടും നിങ്ങൾക്ക് ആ സ്നേഹം ഉണ്ടായിരിക്കണം,” തന്‍റെ പ്രചോദനത്തെക്കുറിച്ച് ലിസ് പറയുന്നു. "ഇവിടെ വനശീകരണമുണ്ടാക്കാന്‍‌ അനുവദിക്കരുതെന്ന് ഞങ്ങൾക്കറിയാം, കാരണം, ധാരാളം മൃഗങ്ങളുടെ പുനരുൽപാദനത്തിന് ഈ പ്രദേശം ഏറെ പ്രധാനമാണ്."
undefined
പെറുവിലെ പ്രകൃതി സംരക്ഷകരിൽ നിന്നും ചിക്കാഗോയിലെ ഫീൽഡ് മ്യൂസിയം, ഫ്രാങ്ക്ഫർട്ട് സുവോളജിക്കൽ സൊസൈറ്റി എന്നിവയിൽ നിന്നും സഹായം ലഭിക്കുന്നത് പോലെ തന്നെ പ്രധാനമാണ് പ്രദേശത്തെ തദ്ദേശീയ ജനതയുടെ പിന്തുണ നേടിയെടുക്കുകയെന്നത്. അതില്‍ വലിയ വിജയം നേടാന്‍ ലിസിന് കഴിഞ്ഞു.
undefined
ഇന്നും ഉപജീവനത്തിനായി മത്സ്യബന്ധനത്തെയും കൃഷിയെയും ആശ്രയിക്കുന്ന ജനതയ്ക്ക് തങ്ങളുടെ നിലനിൽപ്പിന് വനം അനിവാര്യമാണ്. എന്നാല്‍ അതിനുമപ്പുറത്ത് പക്ഷേ, ചിക്കാജെ പറയുന്നതനുസരിച്ച് ബോറ തദ്ദേശീയ ജനതയ്ക്ക് ഈ പ്രദേശത്ത് വലിയ ആത്മീയ പ്രാധാന്യവുമുണ്ട്.
undefined
യൂറോപ്യന്മാരുടെ കടന്ന കയറ്റത്തിന്‍റെ ബാക്കിപത്രമായി പത്തൊൻപതാം നൂറ്റാണ്ടിന്‍റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തിലും ആമസോൺ റബ്ബറിന് ലോകമാര്‍ക്കറ്റില്‍ ആവശ്യക്കാരേറി. എന്നാല്‍ കാടുകളില്‍ നിന്നും റബ്ബര്‍ എടുത്ത് വിപണിയിലെത്തിക്കാന്‍ തദ്ദേശീയരുടെ സഹായം ഇല്ലാതെ കഴിയില്ലായിരുന്നു.
undefined
സ്വാഭാവികമായും പിന്നീടങ്ങോട്ട് ബോറ തദ്ദേശീയരടക്കമുള്ള വംശീയ വിഭാഗങ്ങളെ യൂറോപ്യന്മാര്‍ അടിമകളാക്കി നിര്‍ബന്ധിത ജോലിയെടുപ്പിച്ചു. അടിമത്വവും നിര്‍ബന്ധിത ജോലിയും നിരന്തരമായ പീഢനവും തദ്ദേശീയരുടെ മേല്‍ ഭീകരമായി അടിച്ചേല്‍പ്പിക്കപ്പെട്ടു. ഇതോടൊപ്പം മതപരിവര്‍ത്തനവും ആരംഭിച്ചിരുന്നു.
undefined
അടിമത്വത്തോടൊപ്പം കൂരമായ ശിക്ഷകളും കൂടിയയപ്പോള്‍ ഏതാണ്ട് ഒരു ലക്ഷത്തോളം ആളുകൾ ആമസോണ്‍ കാടുകളില്‍ അന്ന് മരിച്ച് വീണതായി കരുതുന്നു. അക്കാലത്തെ അമേരിക്കയിലെ ഏറ്റവും വലിയ അടിമക്കച്ചവടക്കാരില്‍ ഒരാളായ ബാരൻ, അടിമകളായവരിൽ ബോറ തദ്ദേശീയ ജനതയും ഉണ്ടായിരുന്നു.
undefined
ചിലർ അന്ന് അടിമത്തത്തിൽ നിന്ന് രക്ഷപ്പെട്ട് , ഇപ്പോൾ യാഗ്വാസ് ദേശീയ ഉദ്യാനത്തിന്‍റെ ഭാഗമായ ഉള്‍ക്കാട്ടിലേക്ക് പലായനം ചെയ്തു. അവരുടെ പിന്‍തലമുറയാണ് ലിസ് ഉള്‍പ്പെടുന്ന ബോറാ സമൂഹം. “ഞങ്ങളുടെ പ്രിയപ്പെട്ട പൂർ‌വ്വികരിൽ‌ പലരും ഭക്ഷണത്തിന്‍റെയും മരുന്നുകളുടെയും അഭാവം മൂലം മരണമടഞ്ഞു.” മിസ് ചിക്കാജെ പറയുന്നു.
undefined
"ഇത് ഞങ്ങൾക്ക് ഒരു പുണ്യ സ്ഥലമാണ്, അതിനാൽ ഇവിടം നശിക്കുന്നത് ഞങ്ങൾക്ക് സഹിക്കാനാകില്ല. പ്രദേശത്തിന്‍റെ ഒറ്റപ്പെട്ടിരിക്കുന്ന അവസ്ഥയും അത് നേരിടുന്ന ഭീഷണികളും കാരണം സർക്കാരിന്‍റെ സംരക്ഷണയില്‍ ഈ പ്രദേശം കൊണ്ട് വരേണ്ടത് അത്യാവശ്യമായിരുന്നു. " ലിസ് പറഞ്ഞു. ഇത്രയും വലിയ പ്രദേശം കാവൽ നിൽക്കാന്‍‌ ആവശ്യമായതൊന്നും തദ്ദേശീയ ഗ്രൂപ്പുകളുടെ കൈയില്‍ ഇല്ലായിരുന്നു. അനധികൃത മരംവെട്ടുകാരും സ്വർണ്ണ ഖനിത്തൊഴിലാളികളും പ്രദേശത്തെ നോട്ടമിട്ട് തുടങ്ങിയ സമയവുമായിരുന്നു അത്.
undefined
നാവികസേനയുടെ സഹായത്തോടെ വനം കൊള്ളക്കാരെ പുറത്താക്കുകയും സ്വര്‍ണ്ണഖനിക്കാരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഉള്‍വനത്തിലെ അവരുടെ രഹസ്യതാവളങ്ങള്‍ അക്രമിച്ച് നശിപ്പിച്ചു. പ്രദേശത്തെ ദേശീയ ഉദ്യാനമായി പ്രഖ്യാപിക്കാനുള്ള സർക്കാർ തീരുമാനത്തെ പ്രദേശവാസികള്‍‌ സ്വാഗതം ചെയ്തു. അവരുടെ പുണ്യഭൂമിയെ സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ അവർ വിജയിക്കുമോ എന്ന ചോദ്യം ഒരിക്കലും ഉയര്‍ന്നിരുന്നില്ല. എന്നാല്‍ പരാജയത്തെ കുറിച്ച് ചിന്തിക്കാന്‍ പോലുമാകില്ലെന്ന് തദ്ദേശീയര്‍ പറയുന്നു.
undefined
ദേശീയോദ്യാനമായി ഉയര്‍ത്തപ്പെട്ടതോടെ ഇവിടെ സംരക്ഷണോദ്യോഗസ്ഥരെത്തി. പ്രദേശത്തിന്‍റെ പാരിസ്ഥിതിക പ്രാധാന്യം എടുത്ത് കാണിക്കുന്നതിനായി പഠനോത്സവങ്ങള്‍ സംഘടിപ്പിക്കപ്പെട്ടു. ഗോൾഡ്മാൻ പ്രൈസ് ജേതാവ് എന്ന നിലയിൽ എന്ത് സന്ദേശമാണ് നൽകാൻ ആഗ്രഹിക്കുന്നതെന്ന് ചോദിച്ചപ്പോൾ ലിസ് ഇങ്ങനെ പറഞ്ഞു: "ഭൂമിയുടെ അടിത്തറയായ വനത്തിലും പരിസ്ഥിതിയിലും നിങ്ങളുടെ വിശ്വാസം നിലനിർത്തുക."
undefined
ഇത്തവണത്തെ 32 - മത് ഗോൾഡ്മാൻ പരിസ്ഥിതി സമ്മാനം ആറ് പേര്‍ക്കായിരുന്നു. അമേരിക്കയിൽ നിന്നുള്ള ഷാരോൺ ലവിഗ്നെ, മലാവിയിൽ നിന്നുള്ള ഗ്ലോറിയ മജിഗ-കാമോട്ടോ, വിയറ്റ്നാമിൽ നിന്നുള്ള തായ്വാൻ ഗുയിൻ, ബോസ്നിയയിൽ നിന്നും മൈദ ബിലാൽ, ഹെർസഗോവിന, ജപ്പാനിൽ നിന്നുള്ള കിമിക്കോ ഹിരാത, പെറുവിൽ നിന്നുള്ള ലിസ് ചിക്കാജെ ചുരേ എന്നിവരാണ് 2021 സമ്മാന ജേതാക്കൾ.കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
undefined
click me!