അഭയാര്‍ത്ഥി ജീവിതത്തോട് ഐക്യദാര്‍ഢ്യം; കുഞ്ഞ് അമല്‍ നടക്കുന്നത് 8,000 കിലോമീറ്റര്‍

First Published Sep 11, 2021, 2:57 PM IST

സ്വന്തം രാജ്യത്തെ അക്രമങ്ങളില്‍ നിന്ന് സ്വസ്ഥവും സമാധാനപൂര്‍ണ്ണവുമായ ജീവിതം തേടി ആയിരക്കണക്കിന് കിലോമീറ്ററുകള്‍ക്കപ്പുറത്തുള്ള മറ്റൊരു ദേശത്തേക്ക് കൈയില്‍ കിട്ടിയതെല്ലാമെടുത്ത് ജീവന്‍ പോലും പണയം വച്ച് പോകുന്ന അഭയാര്‍ത്ഥികളുടെ എണ്ണം അടുത്ത കാലത്തായി ഏറെ ഉയര്‍ന്നു. ഇന്ന്, മതത്തിന്‍റെ പേരില്‍ മാത്രമൊഴുകുന്ന അഭയാര്‍ത്ഥികള്‍ കോടികളാണെന്ന് ഐക്യരാഷ്ട്ര സഭ തന്നെ വെളിപ്പെടുത്തുന്നു. ഏഷ്യയില്‍ നിന്നും ആഫിക്കയില്‍ നിന്നും യൂറോപ്പിലേക്ക് വലിയ തോതിലുള്ള അഭയാര്‍ത്ഥി പ്രവാഹമാണ് ഓരോ ദിവസവും ഉണ്ടാകുന്നത്. മനുഷ്യരാശി ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായി അഭയാര്‍ത്ഥി പ്രവാഹം കണക്കാക്കപ്പെടുന്നു. ഇത്തരത്തില്‍ അഭയാര്‍ത്ഥി പ്രവാഹമുണ്ടാകുമ്പോള്‍ പലപ്പോഴും കുട്ടികള്‍ അവരുടെ മാതൃരാജ്യത്ത് നിന്നെന്ന പോലെ മാതാപിതാക്കളില്‍ നിന്നും വേര്‍പിരിയുന്നു. അങ്ങനെ മാതാപിതാക്കളില്‍ നിന്ന് വേര്‍പിരിഞ്ഞ് ഒറ്റയ്ക്കായ പതിനായിരക്കണക്കിന് കുരുന്നുകള്‍ യൂറോപിലും അമേരിക്കയിലും അഭയാര്‍ത്ഥികളായി ജീവിക്കുന്നെന്ന് കണക്കുകള്‍ കാണിക്കുന്നു. ഈ കുരുന്നുകളെ വീണ്ടെടുക്കാന്‍ കൂടിയാണ് കുഞ്ഞ് അമല്‍ നടക്കുന്നത്.  

അഭയാര്‍ത്ഥികളുടെ ദുരിതപൂര്‍ണ്ണമായ ജീവിത സാഹചര്യങ്ങളിലേക്ക് ലോക ശ്രദ്ധതിരിക്കാനാണ് 'ലിറ്റില്‍ അമല്‍' തന്‍റെ യാത്ര തുടങ്ങിയത്. ഒന്നും രണ്ടുമല്ല. 8,000 കിലോമീറ്റർ യാത്രയിലാണ് അവളിപ്പോള്‍. 

9 വയസ്സുള്ള അമൽ എന്ന സിറിയൻ പെൺകുട്ടിയുടെ  3.5 മീറ്റർ ഉയരമുള്ള ഭീമാകാരമായ പാവയാണ് 'കുഞ്ഞ് അമല്‍.' തുർക്കിയിൽ നിന്ന് ഇംഗ്ലണ്ടിലേക്ക് കാല്‍നടയായിട്ടാണ് അവളുടെ യാത്ര. അപൂര്‍വ്വമായി ബോട്ടുകളെയും ആശ്രയിക്കുന്നു. 

ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിലെ ഹാൻഡ്സ്പ്രിംഗ് പപ്പറ്റ് കമ്പനിയാണ് "ലിറ്റിൽ അമൽ" -ന്‍റെ നിര്‍മ്മാതാക്കള്‍. ദശലക്ഷക്കണക്കിന് അഭയാർത്ഥികളുടെ ദുരിതത്തിലേക്ക് ശ്രദ്ധ ആകർഷിക്കാൻ ശ്രമിക്കുന്ന "ദി വാക്ക്" പദ്ധതിയുടെ ഭാഗമായിട്ടാണ് ലിറ്റില്‍ അമലിന്‍റെ നിര്‍മ്മാണം.  

മാതൃരാജ്യത്ത് നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട എല്ലാ കുട്ടികളെയും ലിറ്റില്‍ അമല്‍ പ്രതിനിധീകരിക്കുന്നു. അവരിൽ പലരും ഇതിനകം മാതാപിതാക്കളിൽ നിന്ന് വേർപിരിഞ്ഞു കഴിഞ്ഞു.

 "ഞങ്ങളെ മറക്കരുത്, കണ്ണടയ്ക്കരുത് " എന്ന് എല്ലാവരോടും അടിയന്തിര സഹായത്തിന് അമല്‍ ആഹ്വാനം ചെയ്യുന്നു. 


"കുഞ്ഞ് അമൽ" ടർക്കിഷ്-സിറിയൻ അതിർത്തിക്കടുത്തുള്ള ഗാസിയാൻടെപ്പിൽ നിന്നാണ് 8,000 കിലോമീറ്റര്‍ അകലെയുള്ള  ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലേക്ക് സഞ്ചരിക്കാനാരംഭിച്ചത്. 

സഞ്ചാരത്തിനിടെ ഇന്നലെ രാവിലെ കുഞ്ഞ് അമല്‍ റോമിലെത്തി. ഇന്നലത്തെ പരിപാടിക്കായി റോമിലെ രൂപത വിവിധ റോമൻ ഇടവകകളിൽ നിന്നുള്ള കുട്ടികൾ പങ്കെടുക്കുന്ന ഒരു പാർട്ടികളാണ് സംഘടിപ്പിച്ചിരുന്നു. അമലിനെ സ്വീകരിക്കാന്‍ മാര്‍പ്പാപ്പയും എത്തിച്ചേര്‍ന്നു. 

അവള്‍ തന്‍റെ അമ്മയെ തേടിയുള്ള യാത്രയിലാണ്. ആ ഒൻപത് വയസുകാരി അലപ്പോയിൽ നിന്നുള്ള ഒരു സിറിയൻ അഭയാർത്ഥിയാണ്. സിറിയൻ-തുർക്കി അതിർത്തിയിൽ നിന്ന് യുകെയിലേക്ക്. 

അവളുടെ കുടിയൊഴിപ്പിക്കപ്പെട്ട കുടുംബത്തെ തേടി നടക്കുന്നു. വഴിയിലുടനീളം, അവൾ സന്ദർശിക്കുന്ന ഓരോ ഗ്രാമവും പട്ടണവും നഗരവും പ്രകടനങ്ങൾ മുതൽ കലാസ്ഥാപനങ്ങൾ വരെയുള്ള നിരവധി പരിപാടികളോടെയാണ് കുഞ്ഞ് അമലിനെ സ്വാഗതം ചെയ്യുന്നത്.

ഹാൻഡ്സ്പ്രിംഗ് പപ്പറ്റ് കമ്പനിയുമായി സഹകരിച്ച് അതിന്‍റെ നിർമ്മാതാക്കളായ സ്റ്റീഫൻ ഡാൽഡ്രി, ഡേവിഡ് ലാൻ, ട്രേസി സീവാർഡ് എന്നിവർ ചേർന്ന് അവതരിപ്പിച്ച യുകെ ആസ്ഥാനമായുള്ള ഗുഡ് ചാൻസ് തിയേറ്ററിന്‍റെ കലയുടെയും പ്രത്യാശയുടെയും യാത്രാ ഉത്സവമാണ് അമലിന്‍റെ 8,000 കിലോമീറ്റര്‍ ദൂരമുള്ള 'ദി വാക്ക്'. 

ഗുഡ് ചാൻസിന്‍റെ ആദ്യ നിർമ്മാണമായ ദി ജംഗിളിലെ ഒരു കഥാപാത്രത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ലിറ്റിൽ അമൽ. കലൈസ് കുടിയേറ്റ ക്യാമ്പിനെക്കുറിച്ചുള്ള ഒരു നാടകത്തില്‍ നിന്നാണ് ഈ ആശയം രൂപപ്പെട്ടത്. 

നാടക രചയിതാവും സംവിധായകനുമായ അമീർ നിസാർ സുവാബി 2020 ൽ ഈ പദ്ധതിയിൽ കലാസംവിധായകനായി ചേർന്നു. തുടര്‍ന്ന് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള  നൂറുകണക്കിന് അന്താരാഷ്ട്ര സഹകരണങ്ങൾ കുഞ്ഞ് അമലിന്‍റെ നിര്‍മ്മാണത്തിലും നടത്തത്തിലും ഒത്തു ചേര്‍ന്നു. 

ഹാൻഡ്സ്പ്രിംഗ് പപ്പറ്റ് കമ്പനി നീണ്ട രണ്ട് വർഷത്തെ വർക്ക് ഷോപ്പുകളിലും ടെസ്റ്റിംഗിലുമാണ് കഥാപാത്രത്തിന്‍റെ ഭൗതിക രൂപം  രൂപപ്പെടുത്തിയത്.

 "വ്യത്യസ്തമായ അവസ്ഥകളിൽ ദീർഘനേരം പ്രവർത്തിക്കാൻ കഴിയുന്ന ഒരു പാവ നിര്‍മ്മിക്കാനും അത് മഴയെയും ചൂടിനെയും പ്രതിരോധിക്കുകയും വേണമെന്നതായിരുന്നു പ്രധാന വെല്ലുവിളി. കരുത്തുറ്റതും ഭാരം കുറഞ്ഞതുമായ വസ്തുക്കള്‍ കൊണ്ടാണ് അവളെ നിർമ്മിച്ചിരിക്കുന്നത്," ഗുഡ് ചാൻസിലെ ടീം പറയുന്നു. 

അവൾ നടക്കുമ്പോൾ അവളെ പരിപാലിക്കുന്ന പാവകളുടേയും സാങ്കേതിക വിദഗ്ധരുടേയും ഒരു സംഘവും അവൾക്കൊപ്പമുണ്ടാകും. അമലിന്‍റെ ഇതിഹാസ യാത്ര ജൂലൈ 27 ന് ഗാസിയാൻടെപ്പിൽ ആരംഭിച്ചു.  

8,000 കിലോമീറ്റർ നീളുന്ന ആ നീണ്ടയാത്ര നവംബറിൽ മാഞ്ചസ്റ്ററിൽ അവസാനിക്കും. 250 ഓളം പങ്കാളികളും കലാകാരന്മാരും ഈ സംഘത്തില്‍ പല സ്ഥലങ്ങളില്‍ നിന്നായി ഒത്ത് ചേരുന്നു. 

"കഴിഞ്ഞ വർഷങ്ങളില്‍ അഭയാർത്ഥി പ്രതിസന്ധിയുടെ നാളുകളില്‍ ഏറെ ഉപയോഗിക്കപ്പെട്ട കുടിയേറ്റ യാത്രകളുടെ പര്യവസാനമാണ് ഈ യാത്രാപഥം," ഡേവിഡ് ലാൻ പറയുന്നു. 

പടിഞ്ഞാറൻ ഏഷ്യൻ, ആഫ്രിക്കൻ റൂട്ടുകൾ യൂറോപ്പിലെത്തുമ്പോള്‍ ഇറ്റലിയിലൂടെ കടന്നുപോകുന്നു. അമലിനെ സ്വാഗതം ചെയ്യാൻ ആഗ്രഹിക്കുന്ന സന്നദ്ധസംഘടനകളോ, അല്ലെങ്കില്‍ കടന്ന് പോകുന്ന വഴിയിലെ ചരിത്രപ്രധാന്യമോ കണക്കാക്കിയാണ് യാത്രപഥം നിശ്ചയിച്ചിരിക്കുന്നത്. 

ഇറ്റാലിയൻ നഗരമായ ബാരിയിൽ എത്തിയപ്പോള്‍ ഇറ്റാലിയൻ നോന്നയുടെ (മുത്തശ്ശി) വലിയ പാവയായിരുന്നു അവളെ സ്വാഗതം ചെയ്തത്. 

ഒക്ടോബർ 24 ന് അമലിന് 10 വയസ്സ് തികയും. അന്ന് കുഞ്ഞ് അമല്‍ ലണ്ടനിലെത്തിച്ചേരും. അവിടെ അവള്‍ക്കായി ഗാനമേളയൊരുക്കും. മഞ്ചെസ്റ്ററില്‍ അവള്‍ അമ്മയുമായി ഒത്തുചേരുമെന്നും സംഘാടകര്‍ പറയുന്നു. 

അന്ന് കുഞ്ഞ് അമല്‍ ലണ്ടനിലെത്തിച്ചേരും. അവിടെ അവള്‍ക്കായി ഗാനമേളയൊരുക്കും. മഞ്ചെസ്റ്ററില്‍ അവള്‍ അമ്മയുമായി ഒത്തുചേരുമെന്നും സംഘാടകര്‍ പറയുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!