അഫ്ഗാനില്‍ സ്വകാര്യ സര്‍വ്വകലാശാലകള്‍ തുറന്നു; കര്‍ട്ടനിട്ട് മറച്ച ക്ലാസ് റൂമുകളിലെ വിദ്യാഭ്യാസം

First Published Sep 7, 2021, 6:00 PM IST

രുപത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും അഫ്ഗാന്‍റെ രാഷ്ട്രീയാധികാരം താലിബാന്‍ തീവ്രവാദികള്‍ കൈയേറുമ്പോള്‍ ഏറ്റവും കൂടുതല്‍ ആശങ്കകകളുണ്ടായിരുന്നത് വിദ്യാഭ്യാസ മേഖലയ്ക്കായിരുന്നു. മതവിദ്യാഭ്യാസമല്ലാത്ത മറ്റ് വിദ്യാഭ്യാസത്തെ 'വിദ്യാര്‍ത്ഥി' എന്നര്‍ത്ഥം വരുന്ന താലിബാന്‍ പ്രോത്സാഹിപ്പിച്ചിരുന്നില്ലെന്നത് തന്നെയാണ് ഈ ആശങ്കയ്ക്ക് കാരണവും. എന്നാല്‍, തങ്ങളുടെ രണ്ടാം വരവില്‍ ചിലകാര്യങ്ങളില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്ന് താലിബാന്‍ മറ്റ് രാജ്യങ്ങളുമായുള്ള ചര്‍ച്ചയില്‍ സമ്മതിച്ചിരുന്നു. പക്ഷേ അപ്പോഴും ആശങ്കകള്‍ മാറിയിരുന്നില്ല. ഒടുവില്‍ തങ്ങള്‍ പറയുന്ന തരത്തില്‍ വസ്ത്രധാരണം ചെയ്താല്‍ സ്ത്രീകള്‍ക്ക് പുറത്തിറങ്ങാമെന്നും പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നടത്താമെന്നും അവര്‍ സമ്മതിച്ചു. 

താലിബാന്‍ കടുത്ത നിയമങ്ങള്‍ അനുസരിക്കുമെന്ന നിബന്ധനയില്‍ ചില സ്വകാര്യ സര്‍വകലാശാലകള്‍ തുറന്നു. വിദ്യാര്‍ത്ഥിനികള്‍ അബായ വസ്ത്രവും നിഖാബും മുഖത്തിന്‍റെ ഭൂരിഭാഗവും മൂടുന്ന ഹിജാബും ധരിക്കണമെന്ന താലിബാന്‍ ശാസനം അനുസരിച്ച് , ക്ലാസുകളിലെത്തിത്തുടങ്ങി. 

ക്ലാസുകൾ ലിംഗപദവിക്കനുസരിച്ച് വേര്‍തിരിക്കണമെന്നതായിരുന്നു മറ്റൊരു നിര്‍ദ്ദേശം. ക്ലാസുകള്‍ വേര്‍തിരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ തിരശ്ശീലയിട്ടെങ്കിലും വേര്‍തിരിക്കണമെന്നതായിരുന്നു താലിബാന്‍റെ നിര്‍ദ്ദേശം. 

വിചിത്രമായ മറ്റൊരു നിര്‍ദ്ദേശവും താലിബാന്‍ മുന്നോട്ട് വച്ചു. വിദ്യാര്‍ത്ഥിനികളെ സ്ത്രീകള്‍ മാത്രമേ പഠിപ്പിക്കാവൂ. പുരുഷന്മാരായ അദ്ധ്യാപകര്‍ വിദ്യാര്‍ത്ഥിനികളെ പഠിപ്പിക്കേണ്ടതില്ലെന്ന് താലിബാന്‍ ഉത്തരവിട്ടു. ഇനി വനിതാ അദ്ധ്യാപകരുടെ കുറവുണ്ടെങ്കില്‍ 'നല്ല സ്വഭാവമുള്ള വൃദ്ധന്മാര്‍ക്ക്' വിദ്യാര്‍ത്ഥിനികളെ പഠിപ്പിക്കാമെന്നും താലിബാന്‍ പറയുന്നു. 

ആദ്യ താലിബാന്‍ ഭരണത്തിന് ശേഷം അമേരിക്കന്‍ നിയന്ത്രണത്തിലായിരുന്ന അഫ്ഗാനില്‍ 2001 ല്‍ തന്നെ നിരവധി സ്വകാര്യ കോളേജുകളും സര്‍വ്വകലാശാലകളുമാണ് വളര്‍ന്നുവന്നത്. ഈ സ്ഥാപനങ്ങള്‍ക്കെല്ലാം പുതിയ നിയമം ബാധകമാണ്. 

പുതിയ വിദ്യാഭ്യാസ നയത്തില്‍ മറ്റൊന്നുകൂടിയുണ്ട്. ക്ലാസുകള്‍ വിട്ടാല്‍ ആണ്‍കുട്ടികളെല്ലാം പോയ് കഴിഞ്ഞ ശേഷമേ പെണ്‍കുട്ടികള്‍ ക്ലാസിന് വെളിയിലിറങ്ങാന്‍ പാടൊള്ളൂവെന്നതാണ് അത്. കര്‍ട്ടനിട്ട് മറച്ച ക്ലാസ് മുറികളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം പ്രത്യേകം ഇരിപ്പിടങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 

അഫ്ഗാന്‍ വാര്‍ത്താ ഏജന്‍സികള്‍ അടക്കം പുതിയ ക്ലാസ് മുറികളുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു. താലിബാന്‍ ഭരണം പിടിച്ചതിന് ശേഷം ആദ്യമായാണ് രാജ്യത്തെ സര്‍വകലാശാലകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നത്.

ക്ലാസുകളില്‍ പെണ്‍കുട്ടികള്‍ എന്ത് വസ്ത്രം ധരിച്ചെത്തണം, എങ്ങനെ ഇരിക്കണം, ആരാണ് അവരെ പഠിപ്പിക്കേണ്ടത്, ക്ലാസുകളുടെ ദൈര്‍ഘ്യം എന്നിവ അടക്കം നിരവധി നിര്‍ദ്ദേശങ്ങളാണ് താലിബാന്‍ മുന്നോട്ട് വച്ചിരിക്കുന്നത്. താലിബാന്‍റെ ശാസനങ്ങള്‍ അനുസരിക്കുക ഏറെ ബുദ്ധിമുട്ടാണെന്ന് പേര് വെളിപ്പെടുത്താത്ത ഒരു സര്‍വകലാശാല അധ്യാപകന്‍ എഎഫ്പിയോട് പറഞ്ഞു. 

പെണ്‍കുട്ടികളെ മാത്രമായി പഠിപ്പിക്കാന്‍ ഞങ്ങള്‍ക്ക് ആവശ്യത്തിന് വനിതാ അധ്യാപകരോ ക്ലാസ് മുറികളോ ഇല്ല. എന്നാല്‍, താലിബാന്‍ പെണ്‍കുട്ടികളെ പഠിക്കാന്‍ അനുവദിക്കുന്നത് തന്നെ വലിയ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അഫ്ഗാനില്‍ താലിബാന്‍ രാഷ്ട്രീയാധികാരം നേടിയ ഇതേ കാലത്താണ് ജാമിയത്ത് ഉല്‍മ ഇ ഹിന്ദ് നേതാവ് മൌലാന അര്‍ഷാദ് മദനി കുട്ടികളെ ദുര്‍നടപ്പില്‍ നിന്നും രക്ഷിക്കാന്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം പ്രത്യേകം സ്കൂളുകള്‍ നിര്‍മ്മിക്കണമെന്ന ആവശ്യമുയര്‍ത്തിയത് ഇന്ത്യയില്‍ വിവാദമായി. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!